നിമിഷ എസ്.

കോണ്ടിനെന്റൽ ഡ്രിഫ്റ്റ് തിയറി

ഞാൻ-
തല, കൈകാലുകൾ
കഴുത്തറ്റം മുതൽ അടിവയറുവരെ
തുന്നിച്ചേർക്കാനാവാത്തവിധം
മുറിഞ്ഞുപോയത്
(പാൻജിയ).

എനിക്കിടയിലൂടെ ഒഴുകുന്ന
പാലങ്ങളില്ലാത്ത,
ഒരു കടലിന്റേതായ
പല ചാലുകൾ.
ഇടയ്‌ക്കെവിടെയോ കൂട്ടിമുട്ടിയും
തെന്നിമാറിയും
പിന്നെയെപ്പോഴോ
തമ്മിലകന്നതുമായ ഞാൻ
(നമ്മൾ).

അടിയൊഴുക്കുകളിൽപ്പെട്ട്
ഈ കടലിനൊപ്പം ഞാൻ താഴ്ന്നുതുടങ്ങുന്നു.
(ഒരു സ്വപ്നം:
പ്ലേറ്റുകൾക്കിടയിലെ സബ്‌ടക്ഷൻ
സോണുകളിൽ
കുടുങ്ങിപ്പോയിട്ടൊടുക്കം
ഞാൻ പൊട്ടിത്തെറിക്കുന്നു).

ഞാൻ വെയിലുനനയുന്നു,
മഴയെ മറക്കുന്നു.
പിന്നെയും പലതും മറന്ന്
കാലചക്രത്തിന്റെ ഒരറ്റത്തിരുന്ന്
ഞാൻ പല്ലിളിക്കുന്നു.

മെക്കാനിസമറിയാത്ത
ഒരു തിയറിലെന്നവണ്ണം
ഞാൻ പലതായി മുറിക്കപ്പെടുന്നു.
മുറിവിന്റെ അതിരുകൾക്കിടയിൽ
ചാലുകളുണ്ടാക്കിയിനിയും
ഞാൻ എന്നിലേക്കൊഴുകുന്നു.
അനക്കമറ്റ തിരകൾക്കിടയിൽ
ഞാൻ,
ഒഴുകുന്നൊരു കരയാകുന്നു.
പലതായിപ്പിരിഞ്ഞിട്ടും ഒന്നാവുന്നു.
തിരതൊട്ടുപിരിയുമ്പോൾ ഞാൻ
ഇനിയും കരയറിയാത്ത കടലാവുന്നു.

ഒഴുകുന്ന കര പിന്നീടൊരു കടലാവാതിരിക്കുന്നതെങ്ങനെ?


Summary: Continental drift theory, a Malayalam Poem written by Nimisha S published in Truecopy Webzine packet 273.


നിമിഷ എസ്.

കവി. ശിവഗിരി എസ് എൻ കോളേജിൽ നിന്ന് ജിയോളജിയിൽ ബിരുദാനന്തരബിരുദം.

Comments