ഇപ്പോൾ യുദ്ധനാടകം
അരങ്ങേറുന്നത്
താഴ് വാരങ്ങളിലല്ല
മൈതാനങ്ങളിലോ
മരുഭൂമിയിലോ
കുന്നിൻമുകളിലോ അല്ല
സൈബർ ഞരമ്പുകളിലാണ്.
ഹാഷ് ടാഗുകളിൽ തൂങ്ങി
രക്തസാക്ഷികൾ
സെയിൽസ് കൂപ്പണുകൾ പോലെ പാറുന്നു.
മരണം ഡിജിറ്റൽ താളത്തിൽ
‘സീക്വൻസ്’ ചെയ്യപ്പെടുന്നു.
വീട് നഷ്ടപ്പെട്ട ഒരു കുട്ടി
ഒരു ഷെൽട്ടർ വരക്കുന്നു
അതിന്റെ മച്ച് ആകാശമാണ്
നീല ഡ്രോണുകൾ മേയുന്ന മേലാപ്പ്
അവളുടെ ക്രയോണുകൾ
സൈറൺ വെളിച്ചം
ചുരത്തുന്നു.
ഭീകരതക്ക് ഇനി മുഖമില്ല
‘ജെസറ്റ് എ സ്റ്റാറ്റിക് ബ്ലർ’
വിരലുകൾക്കിടയിൽ അത് മിന്നുന്നു.
അത് നിങ്ങളുടെ പോക്കറ്റിൽ നിന്നും മന്ത്രിക്കുന്നു.
ഒ.എൽ.ഇ.ഡി വെളിച്ചത്തിൽ
തിളങ്ങുന്ന ഒരു ശവകുടീരം.
സഹഭോജിത* ഒരു ‘ഗ്രനേഡിന്റെ’
വിശ്വാസവ്യവസ്ഥയാണ്
അത് തരംഗങ്ങൾക്ക്
മുന്നിൽ കുമ്പിടുന്നു
ചിമ്മിക്കളിക്കുന്ന ‘ഫ്ലാഷ് പോയിന്റുകളെ’
ആരാധിക്കുന്നു.
സങ്കീർത്തനങ്ങൾ വേണ്ട
ഉന്മൂലനത്തിന്റെ രസതന്ത്രം മാത്രം.
ഭിത്തികൾക്ക് ചെവികളുള്ള,
വെടിയുണ്ടയുടെ വെടിഞ്ഞ ശ്വാസം
മുറ്റിയ നഗരങ്ങളിൽ നാം പാർക്കുന്നു.
ഇവിടെ
‘ചിരി’ പരോൾ യാചിക്കുന്ന തടവുകാരനെപ്പോലെ
‘മെറ്റൽ ഡിറ്റക്ടറിലൂടെ’
കടന്നുപോകുന്നു.
ഇവിടെ
അമ്മമാർ ‘ആർക്കൈവ്ഡ് ഡേറ്റ’കളാണ്
അവരുടെ താരാട്ടുകൾ
‘ബ്ലാക്ക്ഡ് ഔട്ട് ബൈ ബ്ലാക്കൗട്ട്സ്’.
നിലാവ് നിലം തൊടാനാവതെ നിലവിളിക്കുന്നു
ഓരോ കർട്ടനും
ഓരോ സാക്ഷിയെ ഒളിപ്പിക്കുന്നു.
ഓരോ നോട്ടവും
ഓരോ വിചാരണയാണ്.
തിരുവചനങ്ങൾ
‘മെഷീൻ സിന്റാക്സിൽ’
സാറ്റലൈറ്റ് ശ്വാസകോശങ്ങളിലൂടെ
പ്രത്യാശ നിശ്വസിക്കുന്നു.
തകർന്നടിഞ്ഞ മിനാരങ്ങൾക്കും
സ്തൂപങ്ങൾക്കുമിടയിലൂടെ
ഒരു മുല്ലവള്ളി അതിന്റെ പച്ച നാവ് നീട്ടി
ഒരു ക്ഷേത്രത്തിന്റെ
തകർന്ന കോൺക്രീറ്റ്
വാരിയെല്ലുകളിൽ നക്കുന്നു.
ഷെൽട്ടർ വരച്ചുകൊണ്ടിരുന്ന കുട്ടി
അവളുടെ ‘ക്രയോൺ’
അകലേക്ക് നീട്ടിയെറിയുന്നു
ഒന്നിനെയും ഉന്നമിട്ടല്ല
ലോകത്തിന് ഇനിയും
പ്രതിധ്വനിയുണ്ടാക്കാൻ കഴിയുമോ എന്നറിയാൻ.
▮
* Amensalism