ഡി. അനിൽകുമാർ

കുട്ടികൾ കളിക്കുന്ന മുറ്റത്ത്
വല വിരുത്തിയിരുന്നു ഒരമ്മാമ്മ
ഇപ്പോ വന്നതേയുള്ളൂ
കേറ്റിവച്ചിരിക്കുന്ന ഓടം ചൂണ്ടി അവർ പറഞ്ഞു.

ഇമ്മാതിരി ഓടം 850 കൊല്ലം മുമ്പുള്ളതാണ്
85 വയസുള്ള ഈ അമ്മാമ്മ ഇതിലെപ്പോ പോയി വന്നു ?

അപ്പോഴാണറിഞ്ഞത് അവർ ആ വീട്ടുകാരിയല്ല
സഞ്ചാരിണിയാണ്
പുറപ്പെട്ടിട്ട് 850 കൊല്ലമായി
അറബിയായി
ലന്തക്കാരിയായി
പരന്ത്രീസുകാരിയായി
ഇപ്പോൾ ഈ കുടിൽ മുറ്റത്ത്
ഒരു മുക്കുവത്തിയാകണം

കുറെ കഴിയെ
ഓടം തള്ളി പോകുന്നു അവർ
850 കൊല്ലം മുൻപേ പുറപ്പെട്ട
85 വയസുള്ള
ഒരമ്മാമ്മ

പാട്ടയുരുട്ടികൾ

മുറ്റം വെടിപ്പാക്കുമ്പോൾ
കുറ്റിപ്പുല്ലിനും
പോച്ചയ്ക്കുമിടയിൽ
ഒരു മലമുരുട്ടി പ്രാണി

ചുടുമണൽ കൂമ്പാരത്തിൽ പുതഞ്ഞും
ക്രീ ക്രീയെന്നൊച്ചയെടുത്തും
ഇടയ്ക്കിടെ മലമുരുട്ടി പോകും
ഞങ്ങട കഥയിലെ പാവത്താൻ

മലത്തിൻ മോളിൽ നാട്, വീട്
ഉരുട്ടുന്നത് ലോകമാണെന്ന് അവരറിഞ്ഞോ ?

മലമുരുട്ടിപ്രാണികളെ കണ്ടു കണ്ടാണ്
നാലരവെളുപ്പിന് പാട്ടയുരുട്ടാൻ പോകും
വിണ്ട കൈകൾ കണ്ടത്
മഞ്ഞിൻ കവലയിൽ
ലോറിവെട്ടത്തിൽ
ഇടംവലം തെറ്റാതുരുട്ടും പാട്ടകൾ
നേരം വെളുപ്പിച്ചു

അവരുറങ്ങും പകലിൽ
കെട്ടിനിൽക്കും പൂഴിവാട
പ്രാണികളിലെ മലമുരുട്ടിയാരെന്നാൽ
മനുഷ്യരിലെ പാട്ടയുരുട്ടിയെന്നാക്കി

കുറ്റികാടുകൾ തെളിച്ച്
പഴയ പാട്ടകൾ തൂക്കി വിറ്റ്
ഉദ്യാനവും ടാങ്കറും വന്നപ്പോ

കുറ്റിയറ്റല്ലോ മലമുരുട്ടി
കുറ്റിയറ്റും മുളയ്ക്കുന്നല്ലോ പാട്ടയുരുട്ടി

വംശങ്ങളുരുട്ടിയ പാട്ടത്തഴമ്പുമായ് ഇന്നലെയൊരാൾ കവല കടക്കുന്നത് കണ്ടു
ഇന്നിപ്പോ മലമുരുട്ടി പ്രാണിയും


ഡി. അനിൽകുമാർ

കടൽത്തീര ജീവിതവും ഭാഷയും സവിശേഷമായ രീതിയിൽ പ്രമേയമാക്കുന്ന കവി. ചങ്കൊണ്ടോ പറക്കൊണ്ടോ, കടപ്പെറപാസ എന്നിവ പ്രധാന കൃതികൾ

Comments