ഡി. അനിൽകുമാർ

ജലകണം​

ടുപ്പിടാത്ത ദേഹത്ത്
ഒരു ജലകണം

തിളങ്ങുന്നു
തണുക്കുന്നു
ഒലിച്ചിറങ്ങുന്നു

ഒലിച്ചിറങ്ങുമ്പോൾ മൊഴിയുന്നു
"ഞാനാണ് ഞാനാണ് ഞാനാണ്
നിനക്ക് മുമ്പേ ഇവിടെ ഉണ്ടായിരുന്ന
ഈർക്കിലും മച്ചിങ്ങയും കമ്മലാക്കിയ
സ്വന്തം മക്കൾ വിഷം നൽകുമെന്ന് പേടിച്ച്
രാവൊടുക്കം വരെ നടന്ന
ചോറ് തിന്നാത്ത
ഒരിക്കലുമുറങ്ങാത്ത
പെട്ടെന്നൊരു ദിവസം മാഞ്ഞുപോയ
ഞാൻ’

ജലകണം ചതുരാകൃതമായി
മറ്റൊരു വഴിയേ ഒഴുകി

"ഇപ്പോ മനസിലായോ
ഞാനാണ്
മൂത്താണ്ണൻ
പോകുന്നേന് മുന്നേ
കാണണമെന്നുണ്ടായിരുന്നു
സത്യമായിട്ടും കാണാൻ മാത്രം
പൈസ ചോദിക്കാനല്ല
ബൈക്കിന്റെ പിറകെ വന്നു പിടിക്കാനല്ല
നീ തെറിവിളിക്കുമ്പോൾ
ചിരിച്ചും വിഷാദിച്ചും മടങ്ങാനല്ല
കാണാൻ.’

ജലകണം കാറ്റെടുത്തു
അതിൻ അസാന്നിധ്യം രാപിശറിൽ അലിഞ്ഞു
ഇപ്പോ കേൾക്കാം
"നീയാണ് നീയാണ് നീയാണ്
അനാദിയിൽ ജലകണമായി മാറാൻ
മുന്നം മുന്നം നിന്നെ കാണാനെത്തിയ നീ’​▮


ഡി. അനിൽകുമാർ

കടൽത്തീര ജീവിതവും ഭാഷയും സവിശേഷമായ രീതിയിൽ പ്രമേയമാക്കുന്ന കവി. ചങ്കൊണ്ടോ പറക്കൊണ്ടോ, കടപ്പെറപാസ എന്നിവ പ്രധാന കൃതികൾ

Comments