സുകുമാരൻ ചാലിഗദ്ദ

ദൈവം വരുന്ന ദിവസവും
പ്രേതം വരുന്ന ദിവസവും

ടൽക്കയങ്ങളിലെ
കലങ്ങൾ നിറയുമ്പോൾ
കളിത്തോണികൾ മെനയുന്ന രാത്രിയിൽ
നിലാവുകൾ വെളുക്കുവാൻ തേച്ച
മരുന്നിന്റെ മണവും ചാന്തും
നിറവും കാരവും പോയ
അന്നത്തെ ഇരുട്ടിൽ അവളുടെ മുഖം
തുടുതുടുത്തു ചുവന്നു.

തരിമണൽ ചിരവുന്ന
മണൽത്തരിയൊലികളിൽ
കേട്ടുണർന്ന ആദ്യത്തെ കൊച്ച്‌ ...
അമ്മാ, മുഖം ചുവന്നിരിക്കുന്നുവെന്ന്
ചോദിക്കുംന്നേരം
കടൽച്ചില്ലകൾ
അവൾക്കാഞ്ഞുലഞ്ഞ്
കാറ്റും തണലും നൽകിനൽകി
തിരിച്ചുപോകുന്നേരം
കറുത്തവാവിനൊരു പ്രേതം വന്നു.

ആദ്യക്കുഞ്ഞോടി അപ്പനെ കെട്ടിപ്പിടിച്ചു.
തിരമാലപ്പുതപ്പുകൾ ചുരുളഴിച്ച്
വീണ്ടും നിവർന്ന് നിവർന്നവളെ
പുതയയ്ക്കുന്നേരം
പുളയുന്ന തോണി
തുഴയിലെ മണിന്നീർത്തുള്ളികൾ
മലയായിമാറി
കാടായിമാറി
മാനായി മാറി.

തുള്ളിത്തുള്ളി തിളവെയിലിൻ നിറമായ്
പൂമരമായ് ഊതിയൂതി
കടുവ നരി പുലിയാന മുയലായി
തുമ്പി പൂമ്പാറ്റ ചിറകിലൊരു
വെളുത്തവാവുദിവസം
ആദ്യക്കുഞ്ഞമ്മയെ കെട്ടിപ്പിടിച്ചു, പറഞ്ഞു,
അമ്മാ പേടിയില്ല, ദൈവം വന്നെന്ന്.

അമ്മ ചോദിച്ചു,
ദൈവമെവിടെന്ന്.
ആദ്യക്കുഞ്ഞുപ്പറഞ്ഞു
കറുത്തവാവിൽ ഒളിച്ചിരിപ്പുണ്ടെന്ന്.

അന്ന് ഞാൻ
ഒരു കിലോ പന്നീം മീനും പോത്തും വാങ്ങി
മസാലയും കിഴങ്ങും ഉള്ളീം തക്കാളീം വാട്ടി
നല്ല തകട തകട തകട തകട
തടിച്ച കറീയുണ്ടാക്കി
ദൈവത്തിനും പ്രേതത്തിനും
കുറച്ച് കുറച്ച് കുറച്ച് കറി ഇടവെച്ചു.
ഒന്നും സംഭവിച്ചില്ല.

പിറ്റേദിവസം ചുവന്ന വെയിലുകളവളെ
ഉമ്മ വെച്ചപ്പോൾ
വീടിനടുത്തുള്ള
ഒരു കിളികൂട്ടിലെ
ഒരു കുഞ്ഞു കിളി
കുഞ്ഞിന് തീറ്റകൊടുക്കുമ്പോൾ
എന്റെ കുഞ്ഞ് അമ്മയ്ക്ക് തീറ്റ കൊടുത്തു.

ദൈവം വരുന്ന ദിവസത്തിൽ ഞാൻ
ചമ്മന്തിവെച്ചു
പ്രേതം വരുന്ന ദിവസത്തിൽ ഞാൻ
ഇറച്ചിയും മീനും വെച്ചു.

എന്റെ കുഞ്ഞ് പേടിയില്ലാതെ
കറുത്തവാവു ദിവസം
സുഖമായുറങ്ങിയെണീറ്റ്
പക്ഷികളെത്തേടി പുറത്തിറങ്ങി.

ഒരു പുമ്പാറ്റ പൂവിലിരുന്നു
അവൾ തൊട്ടില്ല.
ഭാര്യ മുറ്റമടിച്ചു
ഞാൻ മിണ്ടിയില്ല.
കുഞ്ഞു ചിരികളിൽ
തെങ്ങോലകൾ സാരിയുടുക്കുമ്പോൾ
വീണ്ടും ഒരു കറുത്ത തിരമാല
വീട്ടിലെത്തിപ്പറഞ്ഞു,
ഇന്ന് കറുത്തവാവാണ്,
പ്രേതം വരും.


സുകുമാരൻ ചാലിഗദ്ദ

വയനാട്ടിലെ ആദിവാസി സമൂഹത്തിൽനിന്നുയർന്നുവന്ന ശ്രദ്ധേയ കവി. റാവുള ഭാഷയിലും മലയാളത്തിലും എഴുതുന്നു. കേരള സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം.

Comments