ലോറിച്ചക്രം കയറിയിറങ്ങി
അരഞ്ഞുപോയ ശരീരം
സംഭ്രമത്തോടെ
ദൈവത്തിനോട് പറഞ്ഞു
അങ്ങെൻ്റെ കയ്യിലെ,
ചക്രം കയറിയിറങ്ങിയിട്ടും
തുറന്നുപോകാതെ
മുറുക്കിപ്പിടിച്ച പൊതി കാണുന്നില്ലേ,
ഈ ഗുളിക
അരമണിക്കൂറിനകം
വായിലെത്തിയില്ലെങ്കിൽ
അമ്മയ്ക്ക് ശ്വാസംമുട്ട് തുടങ്ങും
അമ്മയ്ക്ക് മറ്റാരുമില്ല
ഫ്ലാറ്റിലെ വാതിൽ
പുറത്ത് നിന്നടച്ചാണ്
ഞാൻ വന്നത്.
ഒന്ന് തിരിഞ്ഞുകിടക്കാൻ
അമ്മയ്ക്ക് ഞാൻ വേണം
തലയ്ക്കൽ വെച്ച വെള്ളം
കൈ നീട്ടിയെടുക്കാനുള്ള ശേഷി പോലുമമ്മക്കില്ല.
എല്ലാം മറന്ന്
ഇവിടെയിങ്ങനെ കിടക്കാൻ
എനിക്കൊരർഹതയുമില്ല
എല്ലാവരേയും അങ്ങ്
ഒരുപോലെ കാണരുത്
എത്ര ദുഷ്ക്കരമാണെങ്കിലും
അങ്ങിതിലിടപെട്ടേ പറ്റൂ.
ദൈവം സാത്താനെ നോക്കി
കണ്ണിറുക്കിച്ചിരിച്ചു.
നീ കണ്ടില്ലേ
ഇത്രയായിട്ടും
ഇയ്യോബ് എൻ്റെ കൈ വിട്ടിട്ടില്ല
നീ വാത് വെച്ചത് വെറുതെ.
ചവിട്ടുന്തോറും
അവരെൻ്റെ കാലിൽ നക്കും
അഭാവമാണ്
എൻ്റെ ഭാവം.
