അജിത് എം. പച്ചനാടൻ

വെയിലിൻ്റെ ഉടഞ്ഞ ചില്ലുകൾ
ഉടലിനെ കടിച്ചുപറിക്കും പകലിൽ
വിയർപ്പിൻ പൊയ്കയിൽ
പൊങ്ങിയും തങ്ങി,യുമൊഴുകും
ജഢം പോലെ,
ലോട്ടറി വിൽക്കുന്ന
ദലിത്- ഡിസേബ്ൾഡ് ദേഹം
ഭാഗ്യനിർഭാഗ്യങ്ങളുടെ
നതോന്നതയി,ലോളം വെട്ടി.

ആ ശരീരം
ആദ്യം തന്നെ
ജാതി തൊട്ടെണ്ണി തരംതിരിക്കപ്പെട്ടതാണ്-
പിന്നീടാണ്
വൈകല്യം ചേർത്ത്
കൂടുതൽ താഴേക്ക്
തള്ളിയിട്ടത്.

ജാതി
ശരീരങ്ങളിൽ കൊത്തിവച്ച
അധികാരം
പൗരത്വത്തെ തിരിച്ചെടുക്കുന്ന
അടയാളമായിരുന്നു.

മനുസ്മൃതി
ശരീരങ്ങളെ
അളന്നതുപോലെ
ജനാധിപത്യ സ്റ്റേറ്റ്
പല ജാതിബോധനാഴിയിൽ
കോരി
തിരിച്ചും മറിച്ചും
കമഴ്ത്തിയും ഉടലളക്കും,

ഉപയോഗയോഗ്യമോ?
പോറ്റുന്നതിൽ
ചെലവേറിയതോ?
തമ്മിലുണ്ണാൻ മുതിർന്നതോ
ഡോക്ടറും
സർക്കാരും
തുല്യംചാർത്തിയ
സാക്ഷ്യപത്രങ്ങളിൽ
മുടന്തൻ്റെ ഉടൽ
നാശകരമായ പാഴ് വിളയായി
എഴുതപ്പെടുന്നു.

ഇത് ഉൽപാദനത്തിന്
പൂർണ്ണമായി
ചേരാത്ത ശരീരം.
ഖജനാവിലേക്ക് കയ്പ്പുനീരൊഴുക്കുന്ന കൈവഴി

അംബേദ്കർ പറഞ്ഞു:
“ഇത്
വ്യക്തിഗത ദുർബലതയല്ല;
ജാതിയും വർഗ്ഗവും
നിർമ്മിച്ച
സാമൂഹിക വൈകല്യമാണ്.”

‘ഒരുവൻ്റെ
ദിവ്യാംഗജത്വം
അർത്ഥപൂർണമാകുന്നത്’
വളഞ്ഞ അസ്ഥികളിലല്ല,
ശബ്ദം കടക്കാത്ത കാതിലല്ല,
തഴുതിട്ട നാവിലല്ല,
ദൃശ്യങ്ങൾ പതിയാത്ത കണ്ണിലല്ല,
ഉപാധികളില്ലാതെ
സ്നേഹം മാത്രം
വിളങ്ങും തലച്ചോറിലല്ല,
താഴ്ന്നവരുടെ ശരീരം
മന്ദഗതിയാകണം എന്ന
ജാതികൽപ്പനയിൽ...

ബധിര- മൂകൻ
നിശ്ശബ്ദത വിഴുങ്ങുന്നത്
കുരലിലൂടെയോ
കാതിലൂടെയോ അല്ല:
മിണ്ടാൻ അവകാശമില്ലാത്തവരുടെ,
ഭാഷ അടച്ചുപൂട്ടപ്പെട്ട
ചരിത്രത്തിൽ നിന്നാണ്.

Comments