മെൽവിയ

ഡയനീഷ്യസിന്റെ ദ്വീപ്

നീന്തിയെത്തിയത്
ഒരു ദ്വീപിലാണ്
നിറയെ മുന്തിരിച്ചെടികൾ
കണ്ണിലാകെ
മുന്തിരിച്ചാറ് പടർന്നപോലെ
മുന്തിരിച്ചെടികളിൽ
പെണ്ണു പൂത്തു.
മുന്തിരികൾ
വിശപ്പു തിന്നു.
യാത്രികൻ നടന്നു.

ദ്വീപിന്റെ ഒത്തനടുക്കായി
മുന്തിരിവള്ളികളാകെപ്പടർന്ന്
പുണരലിന്റെ രുചി ഒച്ചവയ്ക്കുംപോലെ
ഒരു ഇരിപ്പിടം.

യാത്രികനാഞ്ഞു.

വള്ളികളിൽനിന്നും
സുന്ദരിമാർ പൊട്ടിമുളച്ചു
മുന്തിരിതീർത്ത മുലഞെട്ടുകൾ
മുന്തിരിപ്പാലൊഴുക്കി.

യാത്രികൻ ആവോളം മോന്തി.

കൈക്കലാക്കാതിരുന്നാലുള്ള നഷ്ടബോധം
യാത്രികനു മുന്നേ നടന്നു
പിന്നിയിട്ട ചുരുളുകളിൽത്തുടങ്ങി
മുന്തിരിപൂത്ത
മുന്തിരിനിറമുള്ള
കവിളിലും
കഴുത്തിലും
മുലക്കുഴിയിലും
ഇടിപ്പിലും
യാത്രികൻ
അയാളുടെ ബോധത്തെ
ഞെരിച്ചിഴച്ചു.

ചുവപ്പു പടർന്ന ലഹരി മിഴിച്ചു
അയാൾ സ്തബ്ധനായി
അരയ്ക്ക് താഴേക്ക് ശരീരമില്ല
ചില്ലകളും വള്ളികളും മാത്രം
ചില്ലകൾ അയാളെ തല്ലി
വള്ളികൾ അയാളെ ഞെരിച്ചമർത്തി
യാത്രികൻ അലറി
അലർച്ചയെക്കാൾ ഉച്ചത്തിൽ
മുന്തിരിമുലകൾ ചിരിച്ചു.

യാത്രികൻ മുന്തിരിച്ചെടിയായി.

*ഡയനീഷ്യസിന്റെ ദ്വീപ്: പുരാണകഥയിലെ ഒരു ദ്വീപ്. ദ്വീപിനു നടുവിലുള്ള മുന്തിരിച്ചെടിയെ പുണരുന്നയാൾ മുന്തിരിച്ചെടിയാകും.


Summary: Dionysusinte Dweep, a Malayalam poem written by Melvia published in Truecopy Think Webzine packet 276.


മെൽവിയ

കവി. തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ സാഹിത്യരചനാസ്കൂൾ ഗവേഷക. ‘ദത്തശേഖരണം' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയ- അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.

Comments