ടി.പി. വിനോദ്

ദിശകളിൽ

രൽപ്പം വിചിത്രമായിരുന്നു
ആ കല്ലറയ്ക്ക് മുകളിലെ
ശിലാഫലകത്തിന്റെ കാര്യം.
അതിന്റെ രണ്ടു വശങ്ങളിലും
വേറെ വേറെ കാര്യങ്ങൾ
കൊത്തിവെച്ചിരുന്നു;
ഒരു വശത്ത്
അവസാനത്തെ തുറന്ന് പറച്ചിൽ എന്ന്
മറുഭാഗത്ത്
ഇതിലൊന്നും ഒരു കാര്യവുമില്ല എന്നും.

ഒരുവശത്തുള്ള ആശയം
മറുവശത്തേക്കുള്ള
അതാര്യതയിൽ പങ്കെടുക്കുന്നതിന്റെ
പ്രതീകാത്മക ഭാവിയിൽ
ആ മരണത്തിന്റെ ഉടമ
ആഹ്ലാദിച്ചിരുന്നതിനെ
എനിക്ക് മനസ്സിലാവുന്നതായി
തോന്നിപ്പോയി.

തോന്നലിന്റെ
മറുപുറത്ത്
എന്തെങ്കിലും കൊത്തിവെച്ചിട്ടുള്ളതായി
നിങ്ങൾക്ക് കാണുന്നുണ്ടോ?
വായിച്ചിട്ട്
എനിക്ക്
പറഞ്ഞുതരാമോ?​▮


ടി.പി. വിനോദ്

കവി. ബംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ കെമിസ്ട്രി വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ. നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ, അല്ലാതെന്ത് എന്നീ കവിത സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. കവിതകൾ ഇംഗ്ലീഷ് അടക്കമുള്ള ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

Comments