കഴിഞ്ഞാഴ്ച വാങ്ങിയ
അരികുകട്ടിയുള്ള
പുസ്തകത്തിന്റെ നടുപ്പേജിൽ
കുത്തിനിർത്തിയ നിലയിൽ
അയാളുടെ
മാൽബോറോ കുറ്റികൾ
കണ്ടെടുത്തയന്നാണ്
ഇനി കവിത എഴുതിയെക്കല്ലേ
എന്ന് ഞാനെന്നോട്
കേണ് പറഞ്ഞത്.
പേരിനെങ്കിലുമൊരുതരി
നാണമില്ലാത്തവൾ
എന്നയാൾ
ആക്രോശിച്ചയന്നാണ്
മുച്ചൂടും പെയ്ത
മഴയിലേക്കെന്റെ
പുസ്തകക്കെട്ടുകളെ,
കുളിമുറിയുടെ
ചെറുജനാല വഴി
ഞാൻ പുറത്തേക്കെറിഞ്ഞത്.
എന്നിട്ടും,
അയാൾ നിന്നു
തിളക്കുമ്പോയെല്ലാം
എന്റെ ചോര വറ്റിയ
മാറിടത്തിനിരുപുറവും
കവിതകൾ പൂക്കും.
ഞാനെന്നതിന്റെ
മറുപുറം നിറയെ
കടവാവലുകൾ
ചിറകടിക്കുമ്പോഴും
നാശം! എനിക്ക് കവിത
വന്നുകെട്ടും.
ഇനി എഴുതിയെക്കല്ലേ പ്രിയേ,
എന്ന് ഞാനെന്റെ
അടിവയറമർത്തി
യാചിക്കും!
മുറിവുകളെല്ലാം
തിരുമുറിവുകളാകുകയും
തെരുവുകൾ തോറും
നെരൂദയുടെ കവിതകൾ
ഞാനാർത്തു
ചൊല്ലുകയും ചെയ്യും...
പഴുത്തൊലിക്കുന്നതേത്
വ്രണമെന്ന്
ഓർത്തോടുക്കാൻ പോലും
മറന്നുപോകും വിധം
കാറ്റിലേക്ക്
ഞാനെന്റെ ചിറകുകൾ
ചേർത്തുകെട്ടും!
അപ്പോഴും,
എന്റെ ആർത്തവക്കറകളെ,
എന്റെ മാറിലെ
വെയിലിനെ,
നിങ്ങൾ ചോദ്യം
ചെയ്തുകൊണ്ടേയിരിക്കണം!
നഗരങ്ങൾ എന്റെ കണ്ണിൽ
ഉറങ്ങുകയും ഉണരുകയും
ചെയ്യുന്നതോർക്കാതെ,
എന്റെ നിഴലിനെ പോലും
വേട്ടയാടണം!
ഞാൻ പൊരുതി ചത്തതെന്ന്
മറന്ന് നിങ്ങൾ എന്റെ
ശവപ്പറമ്പ്
കത്തിച്ചുകൊണ്ടേയിരിക്കണം.
മൂക്ക് നാറുന്ന പുകയിലും
കണ്ണുകാണാത്ത
ഇരുട്ടിലും
എന്റെ കവിതകൾ
പെറ്റുവീണു കൊണ്ടേയിരിക്കും.
നാശം പിടിച്ച കവിതകൾ!
▮