പാബ്ലോ നെരൂദ

പാബ്ലോ നെരൂദയുടെ മൂന്ന് പ്രണയ കവിതകൾ

ന്റെ ആകാശത്ത്​, സന്ധ്യക്ക്,
നീ ഒരു മേഘമാണ്, നിന്റെ രൂപവും നിറവും എനിക്കിഷ്ടപ്പെട്ടതുപോലെ തന്നെ
നീ എന്റേതാണ്, എന്റേതാണ്, മധുരാധരങ്ങളോടുകൂടിയ പെണ്ണേ...

എന്റെ അനന്തമായ സ്വപ്നങ്ങൾ നിന്നിൽ വസിക്കുന്നു.
എന്റെ ആത്മാവിന്റെ വെളിച്ചം നിന്റെ പാദങ്ങളെ നിറം പിടിപ്പിക്കുന്നു
ചവർപ്പുള്ള വീഞ്ഞു നിന്റെ ചുണ്ടിൽ മധുരതരമാകുന്നു
എന്റെ സായന്തന ഗീതങ്ങളുടെ കൊയ്ത്തുകാരീ
എങ്ങനെയാണ്​ ഏകാന്തസ്വപ്നങ്ങളിൽ നീ എന്റേതാവുന്നത്?

നീ എന്റേത്, എന്റേത് എന്ന് ഞാൻ
അപരാഹ്നത്തിലെ കാറ്റിനോട് ഉദ്‌ഘോഷിക്കുന്നു.
കാറ്റ് എന്റെ വിധവയാക്കപ്പെട്ട ശബ്ദത്തെ വലിച്ചിഴക്കുന്നു.
എന്റെ കണ്ണുകളുടെ ആഴത്തിന്റെ വേട്ടക്കാരി
നിന്റെ കൊള്ള ഇരുട്ടിന്റെ കാഴ്ചയെ വെള്ളമെന്നപോൽ നിശ്ചലമാക്കുന്നു.

എന്റെ പാട്ടിന്റെ വലയിൽ നിന്നെ പെടുത്തിയിരിക്കുന്നു,
എന്റെ പ്രണയമേ...
എന്റെ പാട്ടിന്റെ വലകൾ ആകാശം പോലെ വിശാലമത്രേ...
നിന്റെ ദുഃഖഭരിതമായ കണ്ണുകളുടെ തീരത്താണെന്റെ ആത്മാവിന്റെ ഉദയം
നിന്റെ ദുഃഖഭരിതമായ മിഴികളിൽ സ്വപ്നലോകം തുടങ്ങുന്നു.

2. ഇതാ ഞാൻ നിന്നെ സ്‌നേഹിക്കുന്നു

രുണ്ട പൈൻമരങ്ങൾക്കിടയിൽ കാറ്റ് സ്വതന്ത്രമാകുന്നു.
അലയുന്ന ജലത്തിൽ ചന്ദ്രൻ ഗന്ധകം പോലെ തിളങ്ങുന്നു
ഒരേ പോലെയുള്ള ദിനങ്ങൾ അന്യോന്യം പിന്തുടർന്നോടുന്നു

മഞ്ഞ്​ നൃത്തരൂപങ്ങളിൽ വിടരുന്നു
വെള്ളിനിറത്തിൽ ഒരു കടൽകൊക്ക് പടിഞ്ഞാറുനിന്ന് ഊർന്നിറങ്ങുന്നു
ഇടക്ക് ഒരു പായ്​ക്കപ്പൽ.
വളരെ ഉയരത്തിൽ, ഉയരത്തിൽ നക്ഷത്രങ്ങൾ
ഹാ, ഒരു കപ്പലിന്റെ കറുത്ത കുരിശ്
തനിയെ.

ചിലപ്പോൾ ഞാൻ നേരത്തെ ഉറക്കമുണരും,
എന്റെ ആത്മാവ് പോലും ആർദ്രമാവും
അങ്ങ് ദൂരെ കടൽശബ്ദങ്ങൾ മുഴങ്ങുന്നു
ഇത് ഒരു തുറമുഖമാണ്.

ഇതാ ഞാൻ നിന്നെ സ്‌നേഹിക്കുന്നു.
ഇവിടെ നിന്നെ ഞാൻ സ്‌നേഹിക്കുന്നു,
ചക്രവാളം വൃഥാ നിന്നെ ഒളിപ്പിക്കുന്നു.
ഈ തണുത്ത വസ്തുക്കൾക്കിടയിലും
ഞാൻ നിന്നെ സ്‌നേഹിക്കുന്നു
ചിലപ്പോൾ എന്റെ ചുംബനങ്ങൾ ഭാരമേറിയ കപ്പലുകളിൽ കയറി
കടൽ കടക്കുന്നു, എവിടെയുമെത്താതെ.
ഞാൻ കാണുന്നു ആ പഴയ നങ്കൂരങ്ങളെ പോലെ
ഞാനും മറയ്​ക്കപ്പെടുന്നത്.
അപരാഹ്നം നങ്കൂരമിടുമ്പോൾ
കടൽപ്പാലങ്ങൾ ദുഃഖാർത്തരാകുന്നു.

എന്റെ ജീവിതം ക്ഷീണിതമാവുന്നു,
കൊതിയാണ് വെറുതെയെങ്കിലും
എനിക്ക് എന്തില്ലയോ അത് ഞാൻ ഇഷ്ടപ്പെടുന്നു.
നീ എത്രയോ അകലെയാണ്.
എന്റെ അനിഷ്ടങ്ങൾ ഇഴയുന്ന സന്ധ്യകളുമായി മൽപ്പിടുത്തം നടത്തുന്നു
പക്ഷെ നിശ വരുന്നു, എനിക്കായി ഗാനമാലപിക്കുന്നു.
ചന്ദ്രൻ തന്റെ ഘടികാരത്തിന്റെ സൂചി സ്വപ്നത്തിലേക്ക് തിരിച്ചുവയ്ക്കുന്നു
വലിയ നക്ഷത്രങ്ങൾ നിന്റെ കണ്ണുകളാൽ എന്നെ നോക്കുന്നു

ഞാൻ നിന്നെ പ്രണയിക്കുന്നതിനാൽ,
പൈൻമരങ്ങൾ കാറ്റിൽ ഇല തന്ത്രികളാൽ
നിന്റെ നാമം പാടാൻ ആഗ്രഹിക്കുന്നു.

3. നീ എന്നെ മറന്നാൽ

നീ ഒരു കാര്യം അറിയണം എന്നുഞാൻ ആഗ്രഹിക്കുന്നു.
നിനക്കറിയാം, അതെങ്ങനെ എന്ന്.

ഞാൻ തിളങ്ങുന്ന ചന്ദ്രനെ,
ജനലിൽ പതുങ്ങുന്ന ശരത് കാലത്തെ ചുവന്ന ശിഖരത്തെ നോക്കുമ്പോൾ
തീക്കരികിലെ അസ്പഷ്ടമായചാരമോ, ഉണങ്ങിയ മരക്കമ്പോ തൊടുമ്പോൾ
എല്ലാം എന്നെ നിനക്കരികിലെത്തിക്കുന്നു.
നിലനിൽക്കുന്നതെന്തും.
ഗന്ധങ്ങൾ, പ്രകാശം, ലോഹങ്ങൾ എല്ലാം.
എനിക്കുവേണ്ടി കാത്തിരിക്കുന്ന നിന്റെ ദ്വീപുകളിലേക്കുള്ള ചെറു നൗകകളാണ്.

ശരി, ഇനി
അൽപ്പാൽപ്പമായി നീ പ്രണയം അവസാനിപ്പിച്ചാൽ
ഞാനും പ്രണയം പതുക്കെ അവസാനിപ്പിക്കും.

പെട്ടെന്ന്
നീ എന്നെ മറന്നുപോയാൽ
എന്നെ അന്വേഷിക്കരുത്.
എന്തെന്നാൽ ഞാൻ നിന്നെ അതിന് മുൻപേ മറന്നിട്ടുണ്ടാവും.

എന്റെ ജീവിതത്തിലെ കാറ്റിന്റെ കൊടിക്കൂറകൾ
ഭ്രാന്തെന്നും ദീർഘമെന്നും കരുതുന്നെങ്കിൽ,
എനിക്ക് വേരുകളുള്ള ഹൃദയതീരങ്ങളിൽ നീ എന്നെ കൈവിടുമ്പോൾ,
ഓർക്കുക
അതേദിവസം
അതേ മണിക്കൂറിൽ
ഞാൻ കൈകളുയർത്തും
മറ്റൊരു തീരം തേടി
എന്റെ വേരുകൾ പുറപ്പെടും.

പക്ഷെ,

ഓരോ ദിവസവും
ഓരോ മണിക്കൂറിലും
നീ എനിക്ക് വിധിച്ചിട്ടുള്ളതെന്നു
കലർപില്ലാത്ത മാധുര്യത്തോടെ തോന്നുന്നെങ്കിൽ
ഓരോ ദിനവും ഒരു പൂവ് നിന്റെ ചുണ്ടിൽ കയറി എന്നെ തേടുന്നെങ്കിൽ
ഹാ, എന്റെ പ്രണയമേ, എന്റെ സ്വന്തമേ
എന്നിൽ അഗ്‌നി വീണ്ടും ആളുന്നു.
എന്നിൽ ഒന്നും ശമിക്കുന്നുമില്ല, മറക്കുന്നുമില്ല.
എന്റെ പ്രണയം നിന്റെ പ്രണയത്തിൽ വളരുന്നു, പ്രിയേ
നീ ജീവിക്കുവോളം അത് നിന്റെ കൈയിലായിരിക്കും
എന്റെ കൈ വിടാതെ തന്നെ.
​▮


പാബ്ലോ നെരൂദ

ചിലിയൻ കവിയും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു. ലോകത്ത് ഏറ്റവുമധികം വിവർത്തനം ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്ത കവികളിൽ ഒരാൾ.

ഡോ.ജ്യോതിമോൾ പി.

കോട്ടയം ബസേലിയസ് കോളേജിൽ ഇംഗ്ലീഷ് അധ്യാപിക. ഇംഗ്ലീഷിലും മലയാളത്തിലും എഴുതാറുണ്ട്. രണ്ടു ഭാഷകളിലും വിവർത്തനം ചെയ്യാറുണ്ട്.

Comments