ഇത്രയധികം ഫോട്ടോകൾ കൊണ്ടെന്തു കാര്യം?
യഥാതഥ മാതിരിയിൽ
ഒരു ബ്ലാക്ക് & വൈറ്റ് മതിയാവും
പത്രങ്ങളുടെ ചരമകോളത്തിലേക്ക്.
കടലിൽ
ദ്വീപുകളിൽ
കോസ്മോ പൊളിറ്റൻ നഗരങ്ങളിൽ
അവിടുത്തെ ചത്വരങ്ങളിൽ
പ്രതിമകൾക്കിപ്പുറവുമപ്പുവും
മ്യൂസിയങ്ങളിൽ
രാത്രിനർത്തനങ്ങളിൽ
ബിയർ പാർലറുകളുടെ
നിയോൺ നീലിമകളിൽ
അവളോടൊപ്പം കടൽത്തിരമാലകളിൽ
ആകാശചുംബികളായ കോട്ടപ്പുറങ്ങളിൽ
ഇടിഞ്ഞുപൊളിഞ്ഞ ഖബറിടങ്ങളിൽ….
ഫോട്ടോകളിൽ പറന്ന
അന്തർവാഹിനികളും
യുദ്ധവിമാനങ്ങളും, എത്രയെത്ര.
മാനത്ത്, എത്രകാലമായവർ പറക്കുന്നു,
കിളികൾ ഒറ്റ സ്നാപ്പു പോലുമെടുത്തില്ല
ഡ്രോണുകളുടെ മിന്നൽപ്പകർച്ചയിൽ
നഗരങ്ങളിലേക്ക് തീ പെയ്തിറങ്ങിയത്
കണ്ടു പരിഭ്രമിച്ചില്ല.
ചീഞ്ഞു പോകാത്തൊരു നിഴൽ
നമ്മോടൊപ്പം
ഫോട്ടോയെടുത്ത് പാർക്കുന്നു
ഒരു മത്തങ്ങ പോലെ കെട്ടുപോകാതിരിക്കാൻ
അത് പ്രാർത്ഥിക്കുന്നു.
എനിയ്ക്കു പിറ്റേന്ന് വരുന്ന
വർത്തമാന പത്രത്തിന്റെ ചരമകോളം
ആരൊക്കെയോ കാണുന്നും
വായിക്കുന്നുമുണ്ട്.
ഒരു ഫോട്ടോ മാത്രം ഭൂമിയിൽ ബാക്കിയാവുന്നു,
അതിന്, ആരെന്തു പേരിടും?
