വള്ളുവനും ഞണ്ടും: ഡോ. വി.ജി. പ്രദീപ്​കുമാറിന്റെ കവിത

ന്ന്:

വള്ളുവനെന്നൊരു കുട്ടി
കുടുക്കില്ലാത്ത തന്റെ ട്രൗസർ
അമ്മ തന്ന പിന്നു കുത്തി
പിന്നെ ഇടയ്ക്കു വലിച്ചു കയറ്റിയും
പാടവരമ്പിലൂടെ വടിചക്രവുമുരുട്ടി
പതിവു ദിനചര്യയിലായിരുന്നു...

കാലിലാരാണിറക്കുന്നതെന്നു
നോക്കിയപ്പോൾ ഒരു ഞണ്ട്...

എന്നെയന്തിനു നോവിക്കുന്നുവെന്ന്
വള്ളുവന്റെ ചോദ്യത്തിനു മുൻപിൽ
ചിരിച്ചുകൊണ്ട് ഞണ്ടു പറഞ്ഞു

ഞാൻ വള്ളുവനെ ഇക്കിളിയാക്കിയതല്ലേ?

എങ്ങോട്ടാണിത്ര ധൃതിയിൽ?
ഞണ്ടിന്റെ ചോദ്യം

ഞാനീ ലോകത്തെയൊന്നു കാണട്ടെ
എന്റെ ഭൂമിയിൽ ചവിട്ടി നടക്കട്ടെ
ഞാനിപ്പോൾ സ്വതന്ത്രനാണ്
എനിക്ക് പാട്ടുപാടാം, കഥ പറയാം
ഓടിക്കളിക്കാം, ചളിയിൽ പുരളാം
ഞണ്ടും വള്ളുവനും പരസ്പരം ചിരിച്ചു.

ഇന്ന്:

വള്ളുവനിന്ന് മധ്യവയസ്സൻ

ലുങ്കിയുടുത്ത് കഴുത്തിൽ തോർത്തുമായി
വിണ്ടുകീറിയ പാടവരമ്പിലൂടെ
കൂലിവേയ്ക്കായുള്ള പ്രയാണം

കാലിൽ മുള്ളുകൊണ്ടെന്നു കരുതി
താഴേയ്ക്കു നോക്കിയപ്പോഴതാ ഞണ്ട്
അവശതയിലും ഞണ്ട് കാലിൽ
ഇറുക്കിത്തന്നെ ചോദിച്ചു
എങ്ങോട്ടാണീ യാത്ര?

ഞാനെന്റെയന്നം തേടി പോകുന്നു
എന്റേതായ ഭൂമിയെനിക്കില്ല
ഞാൻ ചവിട്ടുന്നത് അന്യന്റെ ഭൂമിയിൽ
എനിക്കിപ്പോൾ സ്വാതന്ത്ര്യമില്ല
എനിക്ക് പാടുവാനോ, കഥ പറയുവാനോ
ചളിയിൽ ഉരുളാനോ കഴിയില്ല
ഞാൻ ബന്ധിക്കപ്പെടും, അടയ്ക്കപ്പെടും
ഞണ്ടും വള്ളുവനും ഒരുമിച്ചു കരഞ്ഞു....

Comments