എല്ലാ തിങ്കളാഴ്ചകളിലും

ല്ലാ തിങ്കളാഴ്ചകളിലും
ബംഗാരുപ്പേട്ടയിലെ നെയ്ത്തുഗ്രാമത്തിൽനിന്ന്
തെരുവുകൾ മുറിച്ചുകടന്ന്
ഭൂമിക്കുമേൽ നിസ്സംഗതയുടെ ഭാഷ 
മൂന്നു കാലിൽ പതിപ്പിച്ച്
ഏന്തിയും കിതച്ചും
അത് വരുന്നു. 

നായ്ക്കളുടെ  
മുൻകാലുകളെ കൈകളെന്ന് 
വിളിക്കണമെന്ന് മകളാണ്
എനിക്ക് പറഞ്ഞുതന്നത്.
അങ്ങനെയെങ്കിൽ വലത്തെ 
തോളിൽ നിന്നും അറ്റുപോയത്
അതിന്റെ
വലതുകൈയാണ്. 

കാശിപ്പേട്ടയിലേക്കുള്ള തിരിവിൽ
ചക്രങ്ങളുടെ ഇരമ്പൽ കേട്ട്
അത് വീണ്ടും ഞെട്ടുന്നു.
ഒരിക്കലുണ്ടായിരുന്ന
ആവേശത്തെ 
പകലിരവുകളുടെ 
ഉന്മാദക്കുടുക്കുകളെ 
അത് പഴിക്കുന്നു. 

കാരുണ്യവും അനുകമ്പയും 
ലോകരെ മനസ്സിലാക്കിക്കുവാൻ 
അത് കടന്നുപോകുന്നു.
കൊടിയ ദുഃഖം
വിശപ്പിനെ 
നിരാകരിക്കുന്നുവെന്ന് 
കളി വിനോദങ്ങളെ
റദ്ദ് ചെയ്യുന്നുവെന്ന് 
ലോകരെ പഠിപ്പിക്കുവാൻ 
പ്രത്യക്ഷതയുടെ സന്ദേശവുമായി 
അത് കടന്നു പോകുന്നു. 

തെരുവുകളുടെ തിരിവിലെ
കാവൽ നായ്ക്കൾ 
കണ്ടതായിട്ട്
ഭാവിക്കുന്നുപോലുമില്ല
എതിരാളിയോ പോരാളിയോ അല്ലാത്തതിനാൽ സുഖകരമായ പ്രയാണം
അവർ വാഗ്ദാനം ചെയ്യുന്നു. 

ഇന്ദ്രിയ സുഖങ്ങൾ 
ഒഴിഞ്ഞുപോയ ഉടലിനെ
എല്ലാകണ്ണുകളും 
വെറുതെ വിടുന്നു.
കടന്നുപോകലിന്
മൗനസമ്മതം കൊടുത്ത്
വേലിപ്പത്തലിലെ 
കനകാംബരപ്പൂക്കൾ കൊഴിഞ്ഞുവീഴുന്നു  

ഹൃദയതാപം പകർന്ന് 
മരവിച്ച അന്തരീക്ഷത്തിലൂടെ 
ഭൂമിയെ ഭേദപ്പെടുത്തി
അത് നീങ്ങുന്നു 
എല്ലാവരും തന്നെ വെറുതെ വിടുന്നതിന്റെ
ഖേദത്തിൽ 
പൂർവ്വകാലങ്ങളെ സ്മരിച്ചുകൊണ്ട് 
ഞൊണ്ടി ഞൊണ്ടി കടന്നുപോകുന്നു. 

ജീവിതത്തിലേക്ക് വീണ ചീട്ട് 
ജാഗ്രതയോടെ 
ഉള്ളിൽ ഇറുക്കെപ്പിടിച്ച് 
വഴികൾ നീട്ടിയെടുക്കുന്നു.

ദൃഷ്ടിപ്പെടൽ എന്ന വാക്ക് 
അത് തികട്ടുന്നു. 

ആരെയോ പിന്തുടരുന്നതുപോലെ
നീങ്ങുന്നു 
മുട്ടുകുത്തി 
ഉപേക്ഷിക്കപ്പെട്ടതിന്റെ ദുഃഖം
കടിച്ചിറക്കുന്നു. 

ഉദയാനത്തിൽ 
പൂത്തുനിൽക്കുന്ന മാമ്പിടിക്കായ് മരങ്ങൾക്കിടയിലൂടെ ഞാൻ സൂര്യനെ 
കാണുന്നു.
ഇലത്തഴപ്പിനിടയിലൂടെ
പഴുത്ത സൂര്യൻ ഉയർന്നുപൊങ്ങുന്നു.  

ആയൂസിന്റെ ദൈർഘ്യത്തെ
നീട്ടി വലിച്ച് 
ഏന്തിവലിയുന്ന ഒന്നിന്റെ മേൽ 
ഇളംവെയിൽമുനകൾ കൃത്യമായി
സൂചി കുത്തിയെടുക്കുന്നു.
ഊരും പേരും ചോദിക്കാതെ കോർത്തുവലിച്ച് 
തന്നിലേക്കടുപ്പിക്കുന്നു… 

അതിന്റെ വരവ്  

എന്നന്നേയ്ക്കുമായി മുറിഞ്ഞുപോയ
ഒരു തിങ്കളാഴ്ചയുണ്ട്.
നിത്യമുറിവായി എന്റെ നെഞ്ചിൽ 
ഓർമ്മയുടെ മുദ്ര കുത്തി 
എല്ലാ തിങ്കളാഴ്ചകളിലും 
ഞാനതിനെ ആചരിക്കുന്നു.

*മാമ്പിടിക്ക -മാവ് 
 *ഉദയാനം -പ്രഭാതം 


Summary: Ella Thinkalazchakalilum Malayalam Poem by Rose George Published in Truecopy Webzine Packet 274.


റോസ്​ ജോർജ്​

കവി, കഥാകൃത്ത്​, അധ്യാപിക. Bitter Almonds, Ether Ore എന്നീ ഇംഗ്ലീഷ്​ ആന്തോളജികളിൽ കഥയെഴുതിയിട്ടുണ്ട്​.

Comments