എൽസ നീലിമ മാത്യു

ലോക്ക്ഡൗൺ ഡയറീസ്

നാളെ മുതൽ
ലോക്ക്ഡൗണാത്രെ.
എത്ര സമയമുണ്ടാവും!
എന്തൊക്കെ ആലോചിക്കാം!
എന്തുമാത്രം എഴുതാം!

ഒരുകെട്ട് കടലാസും
ഒരു പുത്തൻ മഷിക്കുപ്പിയും
വാങ്ങിവച്ചു;
അവശ്യവസ്തുക്കളാന്നല്ലോ.

***

ഷ്ടംപോലെ സമയം!
ലോക്ക്ഡൗൺ ആന്നേ.
ചിന്തകൾക്കും ക്ഷാമമില്ല.
ഒരു പ്രശ്‌നമുണ്ട് പക്ഷേ.

അവർക്കൊരേ വാശി;
ചിന്തകളായ് തന്നെ
ഇരിക്കണംന്ന്...

അക്ഷരങ്ങളായി മാറുക
അവരുടെ ആശയസംഹിതക്ക്
എതിരാന്ന്...

ഒന്നാലോചിച്ചാൽ നന്നായി;
ഉള്ളിലുള്ളതൊക്കെ
അവിടെത്തന്നിരുന്നോളും.
കടലാസും മഷിയും
വാങ്ങണ്ടാരുന്ന്!

***

നാളെത്തൊട്ട് പണിക്കു പോണ്ടേ?
ലോക്ക്ഡൗൺ തീർന്നെടോ!
ഇനി തീരെ സമയമുണ്ടാവില്ല.

പുത്തൻ കടലാസുകെട്ട്
ഇപ്പളും പുത്തനാ.
മഷിക്കുപ്പീം അനങ്ങീട്ടില്ല.

ഹാ! ഇടയ്ക്ക് സമയം കിട്ടുമ്പോൾ
നല്ലതെന്തേലും എഴുതണം.

വേണംന്ന് വച്ചാൽ
അവനവനെത്തന്നെ പൂട്ടിയിട്ട്
ഓടിപ്പായുന്ന സമയത്തിനൊ-
രോടാമ്പലിടാമെന്ന് തലേക്കേറാൻ
ഇനി വേറെ ക്ളാസ്സിനൊന്നും പോണ്ടല്ലോ!​▮


എൽസ നീലിമ മാത്യു

കവി. ​​​​​​​മാസാച്യുസെറ്റ്സ് യൂണിവേഴ്സിറ്റി മെഡിക്കൽ സ്​കൂളിൽ പോസ്റ്റ് ഡോക്​ടറൽ അസോസിയേറ്റ്​

Comments