താങ്ജാം ഐബോപിഷാക് സിങ്ങ്, ലിന്തോയ് നിങ്തൗജാം, റോബിന്‍ എസ്. ന്ഗാങ്‌ഗോം

കൊലയും അതിജീവനവും
പ്രവചിച്ച മൊഴികള്‍

ചില മണിപ്പുർ കവിതകളിലൂടെ

കോളമിസ്റ്റും ഫോട്ടോഗ്രാഫറും ആര്‍ട്ട് ക്യുറേറ്ററുമായ വിവേക് മെനസിസ് ഗോവന്‍ വെബ് ജേണലായ O Heraldo യില്‍ മണിപ്പുര്‍ കലാപത്തെക്കുറിച്ച് 2023 മേയ് 14 ന് എഴുതിയ ലേഖനം (https://www.heraldgoa.in/Edit/By-invitation/Thinking-of-Manipur/204988?fbclid=IwAR0Q53QtJ2oexyQFPL7Rf1Ndjk5ImNxwGGCD4BN0F-Etf0srHJ-1Gv6lv8) തുടങ്ങുന്നത്, ഇന്ത്യ ഒരു ഏകീകൃത സമയമേഖലയായിരിക്കണമെന്ന ഔദ്യോഗിക ദേശീയതയുടെ വാശിയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ടാണ്. 2019- ല്‍ താന്‍ ഇംഫാലില്‍ ചെന്നിറങ്ങിയ വെളുപ്പിന് നാലുമണി നേരത്ത് കിഴക്കന്‍ പര്‍വ്വതമുടിയില്‍ സൂര്യന്‍ ഉദിച്ചുയരുന്നതിന്റെ ചിത്രവും അദ്ദേഹം ലേഖനാരംഭത്തില്‍ ചേര്‍ത്തിട്ടുണ്ട്.

സപ്തനാടുകളിലെ ഈ നാലുമണിസൂര്യോദയത്തിനു പിന്നിലെ ഏകദേശീയതാവാശി, ഏകീകൃത സിവില്‍ കോഡും ഹിന്ദുത്വ ഇന്ത്യയും അജണ്ടയാക്കിയ സംഘപരിവാറില്‍ മാത്രമല്ല, മുഖ്യധാരാ ഇന്ത്യയുടെ പൊതുബോധത്തിലുടനീളം കാണാം. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നു വിളിക്കപ്പെടുന്ന പ്രദേശങ്ങള്‍, വൈവിധ്യമാര്‍ന്ന ഗോത്രജീവിത സംസ്‌കൃതികളാലും കിഴക്കന്‍ ഹിമാലയത്തിന്റെയും താഴ്​വരകളുടെയും അപൂര്‍വ്വ പ്രകൃതിസമ്പത്തിനാലും മാത്രമല്ല സവിശേഷമാവുന്നത്. ഭൂമിശാസ്ത്രപരവും ചരിത്രപരവും രാഷ്ട്രീയവുമായ അവഗണനകളുടെയും അവമതികളുടെയും ഇരനാടുകള്‍ എന്ന നിലയിലും കൂടിയാണ്.

നീണ്ടകാലം 'അഫ്സ്പ'യെന്ന കരിനിയമത്തിന്റെ മറവില്‍ ഇന്ത്യന്‍ ഭരണകൂടം കടുത്ത സൈനിക നിയന്ത്രണത്തിന്റെ തടവില്‍ തളച്ചിട്ടിട്ടു കൂടിയും കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സമാധാനവും സ്വപ്നങ്ങളുമുള്ള ഒരു ആധുനിക സാമൂഹിക ജീവിതത്തിനായി മണിപ്പൂരിലെ വിവിധ ജനവിഭാഗങ്ങള്‍ ഒറ്റയ്‌ക്കൊറ്റയ്ക്കും കൂട്ടായും കഠിനപരിശ്രമങ്ങള്‍ നടത്തിവരികയായിരുന്നു.

മണിപ്പുരില്‍ അറുതിയില്ലാതൊഴുകുന്ന ചോരയുടെയും കണ്ണീരിന്റെയും പിന്നിലെ യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിനുള്ള പൊതുവായ വിവരക്കേട് അതിരൂക്ഷമാണ്.

2019- ലെ സന്ദര്‍ശനകാലത്ത് മണിപ്പുരിലെ വിവിധ മേഖലകളില്‍പെട്ട ചില പ്രതിഭാശാലികളെ കണ്ടുമുട്ടിയതിനെക്കുറിച്ചും തങ്ങള്‍ ജനിച്ചുവളര്‍ന്ന പഴയ നാട് പുതിയ കൂട്ടായ്മകളുടെയും അഭിലാഷങ്ങളുടെയും തിണയായി പരിണമിക്കുകയാണെന്ന അവരുടെ പ്രത്യാശയെക്കുറിച്ചും വിവേക് മെനസിസ്, മേല്‍ലേഖനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ 2023- ന്റെ ആദ്യ പകുതിയില്‍, അതായത് മേയ് മൂന്നിന്, ആരംഭിച്ച കലാപപരമ്പരയോടെ അതെല്ലാം അപ്പാടെ തകരുകയായിരുന്നു. രണ്ടര വര്‍ഷം ഒരു പ്രമുഖ മലയാളപത്രത്തിന്റെ ലേഖകനായി ഇംഫാലിലുണ്ടായിരുന്ന എന്‍.എ. ബക്കര്‍ എഴുതുന്നു: ‘‘ഇംഫാല്‍ താഴ് വരയില്‍ ഇപ്പോള്‍ കുകികള്‍ ഇല്ല, ഹില്‍ ഡിസ്ട്രിക്റ്റുകളില്‍ മെയ്തികളും. സമാധാനത്തിലേക്കും വികസനത്തിലേക്കും മെല്ലെ ചുവടുവയ്ക്കാന്‍ തുടങ്ങിയതായിരുന്നു ഇന്ത്യയിലെ ഈ കൊച്ചു സംസ്ഥാനം. ഇത് അകത്തുനിന്നുതന്നെ തകര്‍ക്കപ്പെട്ടു. എല്ലാം ഇട്ടെറിഞ്ഞ് പലായനം ചെയ്യേണ്ടിവന്നവരുടെ ആശ്രയവും ഉടയവരുമായിരുന്ന 200-ലധികം പേര്‍ കലാപത്തില്‍ മരിച്ചു... ...മണിപ്പൂര്‍ ഇന്നൊരു തീക്കനലാണ്.’’ (http://truecopythink.media/india/violence-in-manipur-n-a-backer-writes).

ദരിദ്രജനതകളുടെ ചോരയും കണ്ണീരും കലങ്ങിയ ഇടങ്ങളില്‍ നിന്ന് വര്‍ഗ്ഗീയ ധ്രുവീകരണത്തിന്റെ മീന്‍ പിടിക്കുന്ന പദ്ധതി ഹിന്ദുത്വശക്തികള്‍ നടപ്പാക്കുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. മോദിക്കാല ഇന്ത്യ അത് ശീലിച്ചുകഴിഞ്ഞു. എന്നാല്‍ മണിപ്പുരില്‍ അറുതിയില്ലാതൊഴുകുന്ന ചോരയുടെയും കണ്ണീരിന്റെയും പിന്നിലെ യാഥാര്‍ത്ഥ്യങ്ങളെപ്പറ്റി ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിനുള്ള പൊതുവായ വിവരക്കേട് അതിരൂക്ഷമാണ്. മണിപ്പൂരിലെ നിലവിലെ സംഘര്‍ഷത്തെ ഹിന്ദു മെയ്തികളും ക്രിസ്ത്യന്‍ കുകികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ മാത്രമായി മുഖ്യധാരാ രാഷ്ട്രതന്ത്രത്തിന്റെ പതിവു വര്‍ഗീയ ദ്വന്ദ (ദന്ത) ഗോപുരങ്ങളിലിരുന്ന് പലരും ലളിതവല്‍ക്കരിക്കുന്നുണ്ട്. എന്നാല്‍, വടക്കുകിഴക്കന്‍ മലനിരകളുടെയും താഴ്​വരകളുടെയും നിരവധി സവിശേഷ പ്രതിസന്ധികള്‍ അപ്പാടെ വിഴുങ്ങിക്കൊണ്ടാണ് ഈ ലളിതവല്‍ക്കരണങ്ങളെന്ന് ദേബാനിഷ് ആചമിനെപ്പോലുള്ള സാമൂഹിക പഠിതാക്കളും റോബിന്‍ എസ് ന്ഗാങ്‌ഗോമിനെപ്പോലുള്ള പരിണതപ്രജ്ഞരായ എഴുത്തുകാരും സമാന്തരമായി സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ലളിതവല്‍ക്കരണങ്ങള്‍ ഫലത്തില്‍ യാഥാര്‍ത്ഥ്യത്തെ തമസ്‌കരിക്കലാണ്; കപട യാഥാര്‍ത്ഥ്യ നിര്‍മ്മിതിയാണ്. മണിപ്പൂരിനുള്ളിലും പുറത്തും നിന്ന് ക്രൂരവും നിരുത്തരവാദപരവുമായി അതു നടക്കുന്നുണ്ട്. മുഖ്യമായും സാമൂഹികമാധ്യമങ്ങളിലൂടെ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പൊറുതികെട്ട് റോബിന്‍ എസ്. ന്ഗാങ്‌ഗോം ഏതാനും ദിവസം മുമ്പ് എഫ്. ബി.യില്‍ ഇങ്ങനെ കുറിച്ചിരുന്നു: 'എന്റെ വിനീതമായ അഭ്യര്‍ത്ഥന പരിഗണിക്കാതെ, കലാപത്തിനിരയായ സമുദായങ്ങളില്‍ പെടാത്തവര്‍ ഉള്‍പ്പെടെയുള്ള ഏതാനും എഫ് ബി സുഹൃത്തുകള്‍, മണിപ്പൂരില്‍ നടന്ന അങ്ങേയറ്റം നിര്‍ഭാഗ്യകരമായ സംഭവങ്ങളെ മെയ്തി, കുകി എന്നീ സമുദായങ്ങളുടെ പരസ്പരം വംശീയ ഉന്മൂലനം നടത്തുവാനുള്ള ഉദ്യമമായും മതപരമായ സംഘര്‍ഷമായും അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. നിലവില്‍ സമാധാനവും സൗഹാര്‍ദവും പുനഃസ്ഥാപിക്കാനുള്ള കഠിനശ്രമത്തിലാണ് ഇരുസമുദായങ്ങളും. അവരുടെ യത്‌നങ്ങളെ ആരും തളര്‍ത്താന്‍ പാടില്ല. അതുകൊണ്ട് മേല്‍പരാമര്‍ശിച്ച തരം ആളുകളെ അണ്‍ഫ്രണ്ട് ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതനാവുകയാണ്.'

വടക്കുകിഴക്കിന്റെ സവിശേഷതകളെയും പ്രതിസന്ധികളെയും വിശാലമായ ജനാധിപത്യവീക്ഷണത്തോടെ പരിഗണിക്കുകയല്ല, മറിച്ച് അധികാരരാഷ്ട്രീയത്തിന്റെ ചൂതാട്ടങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയാണ് എക്കാലവും ഇന്ത്യന്‍ ഭരണവര്‍ഗ്ഗം ചെയ്തത്.

സ്വാതന്ത്ര്യാനന്തരം മുതലിന്നോളം

സ്ഥൂല ദേശീയതയുടെ വാചാടോപവും ഇലക്ഷന്‍കാല വികസന വാഗ്ദാനങ്ങളും സൈനികമായ മുഷ്‌കും കൊണ്ട് ഇന്ത്യന്‍ ഭരണകൂടം വടക്കുകിഴക്കിനെ വരുതിയില്‍ നിര്‍ത്തുമ്പോഴും തങ്ങളാലാവുംവിധം ദേശീയ ജനാധിപത്യപ്രക്രിയയില്‍ പങ്കെടുക്കാന്‍ യത്‌നിച്ചുകൊണ്ടേയിരുന്നവരാണ് സപ്തസ ഹോദര സംസ്ഥാനങ്ങളിലെ ബഹുഭൂരിപക്ഷം ദരിദ്ര ഗ്രാമീണ ജനവിഭാഗങ്ങളും. അവര്‍ക്കിടയില്‍ തീര്‍ച്ചയായും ഗോത്രപരവും വംശീയവുമായ വൈരുദ്ധ്യങ്ങളും സംഘര്‍ഷങ്ങളുമുണ്ട്. അവഗണയുടെ കടുത്ത ചവര്‍പ്പും തീവ്രമായ ഉപദേശീയാഭിലാഷങ്ങളുമുണ്ട്. ഒപ്പം, ഭൂതകാലവേദനകളെ അതിജീവിക്കാനുള്ള ഉള്‍ക്കരുത്തുണ്ട്. ശീലവും പുതുമയും സമന്വയിപ്പിച്ച് മുന്നേറാനുള്ള ആധുനികമായ അഭിവാഞ്ഛയുണ്ട്. എന്നാല്‍, വടക്കുകിഴക്കിന്റെ സവിശേഷതകളെയും പ്രതിസന്ധികളെയും വിശാലമായ ജനാധിപത്യവീക്ഷണത്തോടെ പരിഗണിക്കുകയല്ല, മറിച്ച് അധികാരരാഷ്ട്രീയത്തിന്റെ ചൂതാട്ടങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയാണ് എക്കാലവും ഇന്ത്യന്‍ ഭരണവര്‍ഗ്ഗം ചെയ്തത്. ഇന്ന്, സ്വാതന്ത്ര്യസമരത്തിന്റെയോ ജനാധിപത്യ പ്രക്രിയയുടെയോ ഭൂതകാലക്കുളിരില്ലാത്ത ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ കൂടുതല്‍ ഭദ്രമായും രക്തദാഹത്തോടെയും അത് നിര്‍വ്വഹിക്കുന്നു എന്നുമാത്രം.

മെയ്തികളും കുകികളും നാഗരും കര്‍വികളും മറ്റ് നിരവധി ഗോത്രങ്ങളും താഴ്​വരവിഭാഗങ്ങളും ഉള്‍പ്പെടുന്ന വടക്കുകിഴക്കന്‍ ജനതയുടെ ആത്മബോധത്തില്‍ പൊതുവായുള്ള ഒരു ഘടകം അപരത്വത്തിന്റേതാണ്. മറ്റൊന്ന് ഹിംസയുടേത്; തമ്മില്‍ തമ്മിലും പുറത്തും നിന്നുള്ള ഹിംസയുടേത്. ഇവ രണ്ടിന്റെയും തദ്ദേശീയ രൂപകപ്രതിനിധാനങ്ങളായി ഈ മേഖലയിലെ കവിതകളില്‍ തോക്കും വെടിയുണ്ടയും ചോരയും നിരന്തരം കടന്നുവരുന്നു.

ഈ കുറിപ്പിന്റെ ഉപസംഹാരമായി വിവര്‍ത്തനം ചെയ്തു ചേര്‍ത്തിരിക്കുന്ന മൂന്നു കവിതകളും അപരത്വത്തിന്റെയും ഹിംസയുടെയും ആയുധരൂപകങ്ങളാല്‍ ചോരയിറ്റുന്നവയാണ്. ആധുനികതയുടെ ആദ്യതലമുറയെ നയിച്ച താങ്ജാം ഐബോപിഷാക് സിങ്ങിന്റെ 'എനിക്ക് ഒരിന്ത്യന്‍ വെടിയുണ്ടയേറ്റ് കൊല്ലപ്പെടണം' എന്ന കവിത 1970- കളില്‍ എഴുതപ്പെട്ടത്. സമകാലീന മണിപ്പൂരി കവിതയുടെ അംബാസിഡറെന്ന് വിശേഷിപ്പിക്കാവുന്ന റോബിന്‍ എസ് ന്ഗാങ്‌ഗോമിന്റെ 'സ്വദേശം' 2000-നു തൊട്ടുശേഷം വന്നത്. മൂന്നാമത്തേത് യുവ കവിതയാണ്. ലിന്തോയ് നിങ്തൗജാമിന്റെ 'സ്മൃതിനാശം'. പക്ഷേ അതും ഇപ്പോഴത്തെ കാലുഷ്യങ്ങള്‍ക്ക് ഒരു കൊല്ലം മുമ്പ്, 2022 ഏപ്രിലില്‍ പ്രസിദ്ധീകൃതമായത്.

മണിപ്പൂരികവികളുടെ അരനൂറ്റാണ്ടുകാലത്തെ അതിജീവനത്തെ ഒരു അഭിമുഖത്തില്‍ റോബിന്‍ദാ വിശദീകരിച്ചത് ഉദ്ധരിക്കാം: 'ഒരു മെയ്തി കവി എന്നോട് പറഞ്ഞു, അക്കാലത്ത് (70, 80 കളിലെ കലാപങ്ങളുടെ കാലത്ത്) മണിപ്പുരി കവിത - അതായത് അതിജീവനത്തിന്റെ കവിത - എഴുതുകയെന്നാല്‍ നിറതോക്ക് ചെന്നിയില്‍ അമര്‍ത്തിക്കൊണ്ട് എഴുതുക എന്നാണ്. രാഷ്ട്രവാദത്തിനും രാഷ്ട്രവിരുദ്ധതയ്ക്കുമിടയിലെ സന്തുലനമാണ് നിങ്ങള്‍ പാലിക്കേണ്ടത്. രണ്ട് മണിപ്പുരി കവികള്‍, യംലെംബാം ഇബോംചയും താങ് ജാം ഐബോപിഷാക്കും ഈ ദിശയില്‍ നമ്മെ പ്രചോദിപ്പിക്കുന്ന കവികളാണ്. അവര്‍ സര്‍റിയലിസവും ആക്ഷേപഹാസ്യവും തങ്ങളുടെ കവിതകളിലെ ചെറുത്തുനില്‍പ്പിന്റെ ബദല്‍സങ്കേതങ്ങളാക്കി മാറ്റുന്നു. സാഹിത്യത്തില്‍ എതിര്‍പ്പ് മുദ്രണം ചെയ്യുക ഇവിടെ മര്‍മ്മപ്രധാനമാണ്. തനിക്കറിയാവുന്ന സത്യം വിളിച്ചുപറയുകയും അടിച്ചമര്‍ത്തലിനെ പ്രതിരോധിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം അല്‍ബേര്‍ കാമു ഒരിക്കല്‍ വ്യക്തമായി പറഞ്ഞിട്ടുള്ളത് നാം ഓര്‍ക്കണം. ഒരു എഴുത്താളെ സംബന്ധിച്ചിടത്തോളം സത്യത്തിന്റെ ആവിഷ്‌കാരവും സ്വാതന്ത്ര്യത്തിന്റെ ഉപയോഗവും പരമപ്രധാനമാകുന്നു. നാം ഈ വിശദീകരിച്ചുകൊണ്ടിരിക്കുന്ന സത്യം, സ്വാതന്ത്ര്യം എന്നിവയുടെ ഉത്തമ ദൃഷ്ടാന്തമാണ് താങ്ജാം ഐബോപിഷാക്കിന്റെ 'എനിക്ക് ഒരിന്ത്യന്‍ വെടിയുണ്ടയേറ്റ് കൊല്ലപ്പെടണം' എന്ന കവിത' (http://yendai.org/pride-prejudice/conversation-with-robin-ngangom/?fbclid=IwAR0OosZEB_NIknjwIkQUPYkJLHN0AtcZAbji26IQlI_AtXmUqqKKfD51gN4).

എനിക്ക്
ഒരിന്ത്യന്‍ വെടിയുണ്ടയേറ്റ്
കൊല്ലപ്പെടണം

താങ്ജാം ഐബോപിഷാക് സിങ്ങ്

കാലത്തും ഉച്ചതിരിഞ്ഞും രാത്രിയിലും
മക്കള്‍ പറഞ്ഞും അവള്‍ പറഞ്ഞും
വളരെ പണ്ടേ എനിക്കറിയാം,
അവര്‍ എന്നെ തിരയുകയായിരുന്നെന്ന്.

ഒരു പ്രഭാതത്തില്‍ അവര്‍, അഞ്ചുപേര്‍, എന്റെ സ്വീകരണമുറിയിലേക്ക് കടന്നുവന്നു.

തീയ്, വെള്ളം, വായു, മണ്ണ്, വിണ്ണ് എന്നീ പ്രകാരം അവര്‍ക്കു പേരുകള്‍.

അവര്‍ക്ക് മനുഷ്യരെ പടയ്ക്കാന്‍ കഴിയും; തോന്നുമ്പോള്‍ ഒടുക്കാനും.

തങ്ങളുടെ ഏതു വ്യാമോഹവും നടപ്പാക്കുന്നവര്‍. മെയ്ക്കരുത്തിന്റെ ഒത്ത അവതാരങ്ങള്‍.

ഞാന്‍ ചോദിച്ചു: 'എപ്പോഴാണ് നിങ്ങളെന്നെ കൊല്ലുക?'

സംഘത്തിന്റെ നേതാവു പറഞ്ഞു: 'ഇപ്പോള്‍, ഇപ്പോള്‍ തന്നെ നിങ്ങളെ കൊല്ലാന്‍ പോവുന്നു.’

ഇന്ന് ഒരു ശുഭദിനമാണ്. പ്രാര്‍ത്ഥിച്ചോളൂ.
നിങ്ങള് കുളിച്ചോ? ഭക്ഷണം കഴിച്ചോ?'

'എന്നെ എന്തിനാണ് കൊല്ലുന്നത്?
എന്താണെന്റെ കുറ്റം?
ഞാന്‍ ഏതു നീചവൃത്തിയില്‍ ഏര്‍പ്പെട്ടെന്നാണ്? ഞാന്‍ ആവര്‍ത്തിച്ചുചോദിച്ചു

‘‘‘ഗീര്‍വ്വാണം’, ‘തോന്ന്യാസം’ എന്നീ കവിതകള്‍ എഴുതിയത് താങ്കളാണോ?
ഭാവി പ്രവചിക്കാന്‍ കഴിവുള്ള സിദ്ധനാണെന്ന് സ്വയം വിചാരിക്കുന്നുണ്ടോ?
അതോ താങ്കള്‍ക്ക് വട്ടുണ്ടോ?’’, നേതാവ് ചോദിച്ചു.

'ആദ്യം പറഞ്ഞ രണ്ടുമല്ല ഞാന്‍, അതുറപ്പാണ്. പക്ഷേ ഒടുക്കത്തേതിന് ഉത്തരം പറയാന്‍ കഴിയില്ല. എനിക്ക് ബുദ്ധിമാന്ദ്യമുണ്ടോ ഇല്ലയോ എന്ന് ഞാനെങ്ങനെ അറിയാനാ?'

നേതാവ്: 'താങ്കള്‍ക്കിഷ്ടമുള്ളതെന്തോ, അതായിക്കോ. ചുക്കോ ചുണ്ണാമ്പോ, ഏതായാലും ഞങ്ങള്‍ക്കത് വിഷയമല്ല. താങ്കളെ ഞങ്ങളുടന്‍ കൊല്ലും. മനുഷ്യരെ കൊല്ലലാണ് ഞങ്ങടെ ദൗത്യം.'

ഞാന്‍: 'എങ്ങനെയാണ് എന്നെ കൊല്ലാന്‍പോകുന്നത് ? വാളുകൊണ്ട് വെട്ടിയോ? വെടിവച്ചോ? അതോ തല്ലിക്കൊല്ലുമോ?'

'വെടിവച്ചു കൊല്ലും'

'ഏതു തോക്കു കൊണ്ടാണ് നിങ്ങളെന്നെ വെടിവയ്ക്കാന്‍ പോകുന്നത്?
ഇന്ത്യന്‍ നിര്‍മ്മിതമോ അതോ മറുനാടനോ?'

'വിദേശനിര്‍മ്മിതം. എല്ലാ തോക്കും ജര്‍മ്മനിയിലോ റഷ്യയിലോ ഉണ്ടാക്കിയതാണ്; അല്ലെങ്കില്‍ ചൈനയില്‍. ഇന്ത്യന്‍ മെയ്ഡ് തോക്ക് ഞങ്ങള്‍ ഉപയോഗിക്കാറില്ല.’

‘ഇന്ത്യയ്ക്ക് നല്ല തോക്ക് പോയിട്ട് പ്ലാസ്റ്റിക്ക് പൂവുണ്ടാക്കാന്‍ പോലും കഴിവില്ല. പ്ലാസ്റ്റിക്കു കൊണ്ട് പൂവുണ്ടാക്കാന്‍ പറഞ്ഞാല്‍ ഇന്ത്യ ടൂത്ത്ബ്രഷുണ്ടാക്കിത്തരും.'

ഞാന്‍ പറഞ്ഞു: 'അതു നല്ലതല്ലേ. മണവും ഗുണവുമില്ലാത്ത പ്ലാസ്റ്റിക്ക്​ പൂവുകൊണ്ടെന്തു കാര്യം?'

നേതാവ്: 'ഒരു മുറിയൊരുക്കുമ്പോള്‍ ആരും പൂപ്പാത്രത്തില്‍ ടൂത്ത്ബ്രഷ് വയ്ക്കാറില്ല. ചില്ലറ അലങ്കാരഉരുപ്പടികളൊക്കെ ജീവിതത്തില്‍ വേണ്ടതാണ്.'

'എന്തുതന്നെയായാലും,
എന്നെ കൊല്ലണമെന്ന് നിര്‍ബന്ധമാണെങ്കില്‍
അത് ഇന്ത്യന്‍ മെയിഡ് തോക്കുകൊണ്ടുതന്നെ വേണം.
ഒരു വൈദേശിക ഉണ്ട കൊണ്ട് എനിക്ക് ചാവണ്ട. എന്നുവച്ചാല്‍, ഞാന്‍ ഇന്ത്യയെ
അത്രമേല്‍ സ്‌നേഹിക്കുന്നു.'

'ഒരിക്കലും പറ്റില്ല. താങ്കളുടെ ആഗ്രഹസാധ്യത്തിന് ഒരു വഴിയുമില്ല. ഭാരത് എന്ന വാക്കുപോലും മിണ്ടിപ്പോവരുത്.'

ഇപ്രകാരം പറഞ്ഞ് എന്നെ കൊല്ലാതെ 'ഞങ്ങളൊന്നുമേ ചെയ്തില്ലെ'ന്ന മട്ട് അവര്‍ സ്ഥലംവിട്ടു.

മൃത്യുവിനെപ്പറ്റി ദത്തശ്രദ്ധനായ ഞാനോ,
എന്റെ ജീവനും കൊണ്ട് രക്ഷപ്പെട്ടു.

സ്വദേശം

റോബിന്‍ എസ് ന്ഗാങ്‌ഗോം

രു ദുഃസ്വപ്നത്തില്‍
ചാവുന്നോരുടെ നിലവിളിയിലായിരുന്നു തുടക്കം.
പിന്നെ റേഡിയോ റിപ്പോര്‍ട്ടിലും പത്രത്തിലും:
ആറു പേര്‍ വെടിയേറ്റു മരിച്ചു,
ഇരുപത്തഞ്ചു വീടുകള്‍ നിലംപൊത്തി,
ഒരു പള്ളിക്കുള്ളില്‍ കൈകള്‍ പിന്നില്‍ കെട്ടിയ നിലയില്‍,
പതിനാറു പേരുടെ തലയരിയപ്പെട്ടു ...

ദിനങ്ങള്‍ നുറുങ്ങിപ്പൊടിയെ,
വിജയികളുടെയും
ഇരകളുടെയും
എണ്ണം കൂടിക്കൊണ്ടിരിക്കെ,
കനംവച്ച സ്വന്തം ഒളിവിടത്തിനുള്ളില്‍
ഞാന്‍ കല്ലിച്ചിരുന്നു,
എന്റെ മനുഷ്യപ്പറ്റ് അതിന്റെ അറ്റംപറ്റും വരെ
കത്തുന്ന കുടിലുകള്‍ക്കുള്ളിലകപ്പെട്ട്
ഇപ്പോഴും അപ്പനമ്മമാരുടെ വരവു കാക്കുന്ന
കുഞ്ഞുങ്ങളെപ്പറ്റി ചിന്തിക്കുന്നതു ഞാന്‍ നിര്‍ത്തി.

മഞ്ഞുകാലത്തീയടുപ്പത്തിരുന്നു
മുത്തിയമ്മ ചൊന്ന കഥകളൊരുപാട്
ഉറക്കമരണത്തിന്റെ മണിക്കൂറുകളിലവര്‍ക്ക്
തേട്ടിവന്നിട്ടുണ്ടാകുമോ എന്ന് എനിക്കറിയണ്ട,
വാക്കിന്റെ മായാജാലം എന്നെങ്കിലുമവര്‍ക്ക്
വെളിപ്പെട്ടിട്ടുണ്ടാവുമോ എന്നെനിക്കറിയണ്ട.
പാട്ടുകൊയ്ത്തിന്‍കാലത്ത്
കതിര്‍ക്കറ്റപോലരിഞ്ഞുവീഴ്ത്തപ്പെട്ട
നിറവയറിപ്പെണ്ണാളരുടെ തളിരുടലുകള്‍;
തങ്ങളുടെ ആണ്‍പിറന്നോരെ
കാത്തുനില്‍ക്കുമ്പോള്‍
മുടിക്കെട്ടിലവര്‍
കാട്ടുപൂക്കളണിഞ്ഞിട്ടുണ്ടാകുമോ,
എനിക്കറിയണമെന്നേയില്ല.
എന്റെ സത്യത്തെ അവര്‍ക്കൊപ്പം ഞാന്‍ തീയിട്ടു
ആധിപിടിച്ച എന്റെ ആണ്മയെ അവര്‍ക്കൊപ്പം കുഴിച്ചിട്ടു
കുറേനാള്‍ കഴിഞ്ഞെന്നോ
'എല്ലാറ്റിനും പരിധിയുണ്ടെ'ന്നു പിറുപിറുത്തെങ്കിലും,
കശാപ്പുകാര്‍ക്ക് കാലം മാപ്പുകൊടുത്തപ്പോള്‍
ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ട്
ഞാന്‍ ജീവിതം തുടര്‍ന്നു.

സ്മൃതിനാശം

ലിന്തോയ് നിങ്തൗജാം

രാള്‍ക്ക് വെടിയേല്‍ക്കുന്നതു ഞാന്‍
ആദ്യമായി കണ്ടത്
ഞങ്ങളുടെ ഞരങ്ങുന്ന ബാല്‍ക്കണിയില്‍ വച്ച്.

ശരിക്കും പഴമക്കാര്‍
പതിവായി പറയുംപോലെ തന്നെ -
ഓട്ടപ്പാച്ചില്‍
വെടിയുണ്ടശബ്ദം
പല്ലിടയില്‍ കുടുങ്ങിപ്പോയ ദൈവം
നാഭിയില്‍നിന്നാവിയായ് പൊന്തുമാത്മാവ്
റോഡരികില്‍ പൂത്തുലയും 'തെഖെല്ലി'കള്‍ (1).

കണ്ണടച്ചുപിടിച്ച് ഒരു പ്ലം കടിച്ചു തിന്നുക,
അവര്‍ പറഞ്ഞു,
മറക്കാന്‍ പഠിക്കും
അത്രയ്ക്കാണ് നമ്മുടെ നാടിന്റെ ചന്തം.

തുടര്‍ന്ന് എല്ലാടവും അടഞ്ഞുകിടന്നു. പക്ഷേ
നാം നമ്മുടെ പടുവിളയെടുപ്പ് ഓര്‍ക്കുംവരെ,
ഒരു സ്ത്രീ വെള്ളയുടുത്തെത്തി
തന്റെ ഖ്വാങ്‌ചെറ്റിൽ (2)
അതിനെ ചിത്രവേലയാക്കുംവരെ,

ക്രോധം ഭരണകൂടങ്ങളെക്കാള്‍ ശീഘ്രം സഞ്ചരിച്ച്
മരങ്ങളില്‍ ചേക്കേറി, മഴയ്ക്കായി ആര്‍പ്പിട്ടു.
ഒരു കൊല്ലം കഴിഞ്ഞ്
ആകാശത്തിന്റെ ഊതനിറക്കിറുക്കഴിഞ്ഞ്
ആദ്യമഴ വന്നു കുഞ്ഞുങ്ങളുടെ
മണ്‍വീടുകളില്‍ മുങ്ങാങ്കുഴിയിട്ടപ്പോള്‍,
തകരമേല്‍ക്കൂരയിലുണക്കാനിട്ട
ചെമ്മുളകിനായ് നാം പാഞ്ഞു
കുഞ്ഞുങ്ങളോ
ഈ സ്മൃതിനാശബാധിതദേശം ഉപേക്ഷിച്ചുപോവാന്‍ കഴിയാത്ത
ആത്മാക്കളുമൊത്ത് കളിയാടുകയായി.

കുറിപ്പുകള്‍:
1 മണിപ്പൂരില്‍ വ്യാപകമായി കണ്ടുവരുന്ന ഒരിനം വഴിയോര ലില്ലി.
2 പ്രതിരോധകവചം പോലെ കെട്ടുന്ന ഒരു അരപ്പട്ട. കോക്‌സെറ്റ് എന്നൊരു തലക്കെട്ടുമുണ്ട്. സ്ത്രീകള്‍ ഖ്വാങ്‌ചെറ്റും കോക്‌സെറ്റുമണിഞ്ഞാല്‍ കായികമായ ഒരു ഏറ്റുമുട്ടലിന് തയ്യാറാണെന്നര്‍ത്ഥം.


വിവർത്തനം: അൻവർ അലി

കവി, വിവർത്തകൻ, ഡോക്യുമെന്ററി സംവിധായകൻ, പാട്ടെഴുത്തുകാരൻ. മഴക്കാലം, ആടിയാടി അലഞ്ഞ മരങ്ങളേ..., മെഹബൂബ് എക്സ്പ്രസ്സ് എന്നീ കവിതാ സമാഹാരങ്ങൾ. ടോട്ടോചാൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ആറ്റൂർ രവിവർമ്മയെക്കുറിച്ചുള്ള മറുവിളി എന്ന ഡോക്യുഫിക്ഷൻ സംവിധായകൻ.

Comments