ചെറുപ്പത്തിൽ പരിചയപ്പെട്ട
ജീവികളെയെല്ലാം
മുപ്പതു വർഷങ്ങൾക്കിപ്പുറവും
വല്ലപ്പോഴുമെങ്കിലും
ഞാൻ
കണ്ടുമുട്ടി
എണ്ണപ്പുഴുവിനെ
ഒഴികെ.
▮
എണ്ണപ്പുഴുവിനെ ഞാനെപ്പോഴുമോർത്തു.
പാചകം ചെയ്യുമ്പോഴും ചെടി നനയ്ക്കുമ്പോഴും
ക്യൂവിൽ നിൽക്കുമ്പോഴും
മാളിൽ പോകുമ്പോഴും.
▮
എണ്ണപ്പുഴു
സ്വപ്നത്തിലും വന്നു
തൃക്കണ്ണന്
എണ്ണ കൊടുക്കാൻ
കൈലാസപർവ്വതം കേറുന്നതായിട്ട്
ചിലപ്പോൾ
ഒരു ചെരുപ്പുകടയുടെ
അരികെ നിൽക്കുന്നതായിട്ട്.
▮
പണ്ട്
ഷറീന പറയും
‘നോക്കെടീ
കുന്നിക്കുരൂം എണ്ണപ്പുഴൂം ജ്യേഷ്ഠത്തീം അൻജത്തീം
ഓര്ക്ക് രണ്ടാൾക്കും ഒരേ ഉടുപ്പ്’.
▮
വട്ടുകളിക്കുമ്പോൾ
കളത്തിനു കുറുകേ
എണ്ണപ്പുഴു പാഞ്ഞു
ഞങ്ങൾ
കളി നിർത്തി
എണ്ണ തൊട്ടു തലയിൽ തേച്ചു
‘പാടില്ല
ശിവൻ കോപിക്കും’
ഞങ്ങൾ ഭയന്നു.
▮
കല്ലും ചരലും
താണ്ടി
വെയിലിലൂടെ
തണലിലൂടെ
എണ്ണപ്പുഴു
പാഞ്ഞുകൊണ്ടിരുന്നു
ഗ്രാമീണയായ
ഒരു ആവലാതിപ്പെണ്ണിന്റെ ധൃതിയിൽ.
▮
വീട്ടിൽ
സ്കൂളിൽ
റോഡരികിൽ
ഞങ്ങൾ കണ്ടത്
ഒരേ
എണ്ണപ്പുഴുവിനെ
ഭൂമിയിലാകെ
ഒരൊറ്റ എണ്ണപ്പുഴുവാണുള്ളതെന്ന്
ഞങ്ങൾ കണ്ടെത്തി.
▮
‘എണ്ണപ്പുഴു മായയാവാം’
അച്ഛൻ പറഞ്ഞതു മനസ്സിലായില്ല.
▮
ഈയിടെ
ഒന്നാം ക്ലാസിന്റെ
വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന്
ഷെറീനയുടെ നമ്പർ കിട്ടി.
വർഷങ്ങളിലെ വിശേഷങ്ങൾ തിരക്കേ
‘ഷെറീ
നമ്മടെ പണ്ടത്തെയാ
എണ്ണപ്പുഴുവിനെ ഈയടുത്തെങ്ങാനും
നീ കണ്ടിരുന്നോ?’
‘ഇല്ലെടീ
വർഷങ്ങളായി കണ്ടിട്ട്
അതു ചിലപ്പോൾ കൈലാസത്തിലെത്തിക്കാണണം’.