എന്നിലെ ഞാൻ

  1. ദുഷ്ടലാക്ക്

അടർന്നുപോകുന്നു,
പരിചിതവും സുരക്ഷിതവുമായ ഒരിടത്തുനിന്ന്.
ശ്വാസകോശങ്ങൾ ഉത്കണ്ഠകൾ കൊണ്ട്
നിറഞ്ഞിരിക്കുന്നു.

വയറ്റിലെ കുടുക്കുകൾ
മുക്കി മുറുകി,
ഓരോ മുക്കിലും മൂലയിലുമുണ്ട്,
ഇന്നലെകളുടെ അടയാളങ്ങൾ.
മാറാല പിടിച്ച്
പുരാതനമായ ഒരു ഹൃദയം.

ഗർഭപാത്രം നുറുങ്ങുന്നുണ്ട്,
ഇഞ്ചിഞ്ചായി...
ഇതുപക്ഷേ പുതിയതല്ല,
വേദന അവിടെ അടിഞ്ഞുകൂടിക്കിടക്കുകയാണ്,
കാലങ്ങളായി.

എനിക്ക് കഷണങ്ങളുണ്ട്,
കണ്ണാടിച്ചില്ലുകളുടെ തുണ്ടുകൾ,
പല ഭാവങ്ങളെ പ്രതിഫലിപ്പിക്കുന്നവ,
എത്രയെന്ന് എനിക്കറിയില്ല.
എണ്ണുന്നത് നിർത്തി എന്നേ.

പലതും ആളുകൾക്ക്
അസുഖകരമാണ്
ലളിതമായി പറഞ്ഞാൽ...
മറ്റുള്ളവർ എന്നെ വെറുക്കുന്നു,
എന്റെ ഉള്ളിലെ ഇരുട്ട്
അതിനായി പ്രയത്നിക്കുന്നു.
തീവ്രത എപ്പോഴും അവരെ പേടിപ്പിച്ചു.
അതിപ്പോൾ ശീലമായി.

ഞാൻ വന്യയാണെന്ന് തോന്നുന്നു,
സ്നേഹമുള്ളവൾ.
ശക്തമായ കൈകളും
ധീരമായ ഹൃദയവുമുള്ളവൾ,
അത് ആളുകൾക്ക്
താല്പര്യം നഷ്ടപ്പെടുത്തുന്നു.

ഞാൻ ഷേക്സ്പിയർ അല്ല
ഞാൻ തത്വചിന്തകയും അല്ല
വെറുമൊരു സ്ത്രീയാണ്,
ആയിക്കൊണ്ടിരിക്കുന്നു...

എനിക്കറിയില്ല,
എന്നോടെനിക്ക് വിശ്വാസമേയില്ല.
ചിലപ്പോൾ ഞാനൊരു പൊട്ടുവണ്ടാകാൻ ആഗ്രഹിച്ചു,
പക്ഷേ ഞാൻ
ഒരു കടൽച്ചൊറിയാണ്.
കടലിന്റെ ഇരമ്പം,
ഓ...! എത്ര ശാന്തം.

എന്റെ ചുരുളൻ മുടിയിൽ
ഉപ്പുകാറ്റു തഴുകുമ്പോൾ
കഴുത്തിൽ ഒരു കാമുകന്റെ
ചുംബനം മണക്കുന്നു
ഛെ...വേദനകളും
എന്തിനാണ് എന്നെ ഉന്മാദിയാക്കുന്നത്?
വിചിത്രമായ കാര്യങ്ങൾ
എന്നെ ഉണർത്തുന്നു
വല്ലാതെ!

ഞാൻ തെറ്റിപ്പോയിരിക്കുന്നു.
എന്നിൽനിന്ന് ആവേശം ഒലിച്ചിറങ്ങുന്നു
എന്റെ കണ്ണുകളിലൂടെ,
മൂക്കിലൂടെ,
വായിലൂടെയും മാറിടങ്ങളിലൂടെയും.

അതെ.
സ്നേഹം അങ്ങനെ
പടർന്നുകയറും,
മനുഷ്യരെപ്പോലെ
അള്ളിപ്പിടിക്കുന്ന
വള്ളികളെപ്പോലെ.

എന്താണ് ഞാനീപറയുന്നത്?
ഞാൻ കവയത്രി അല്ല
ഞാൻ യോഗിനി അല്ല
വെറും ഒരു ഭ്രാന്തി.

  1. ആർദ്രത

ടുവിൽ,
എല്ലാം ചെന്നുനിൽക്കുന്നത്
ആർദ്രതയിലാണ്.

നീ വിരിപ്പുകൾ മടക്കിവെക്കുന്ന വിധം,
അടുക്കളയിൽ മൂളുന്ന ഈണം,
പാതിയുറക്കത്തിൽ കാമുകന്റെ
മുടിയിൽ മുഖം പൊത്തുമ്പോ-
ഴുള്ള ഇളം ചൂട്,
നായക്കുട്ടിയെ കാണുമ്പോൾ
ഉള്ളിൽ ഉണരുന്ന അമ്മ,
പ്രിയപ്പെട്ട പുസ്തകത്തിന്റെ
താളുകൾ മറിക്കുന്ന സൂക്ഷ്മത,
അപരിചിതനുനേരെ തൂകുന്ന
നേരിയ മധുരമുള്ള ചിരി,
പഴയ കൂട്ടുകാരെ ഓർക്കുമ്പോൾ
കണ്ണിന്റെ കോണിൽ പൊടിയുന്ന നനവ്,
കുളിമുറിയിലെ പതിഞ്ഞ നൃത്തങ്ങൾ,
പഞ്ചസാരപ്പാത്രത്തിൽ നിന്ന്
ഉറുമ്പിനെ ചെടിച്ചട്ടിയിലേക്ക്
വിടുന്ന കനിവ്,
നഷ്ടപ്പെട്ടവർക്കായ്
ഉള്ളിൽ കരയുന്ന വിധം,
കൊടുങ്കാറ്റുകളിൽ
നിന്നെ എങ്ങനെ ചേർത്തുപിടിക്കണമെന്ന്
അറിയാതെപോയ പ്രിയപ്പെട്ടവരോട്
നിന്റെ ഹൃദയം കാണിക്കുന്ന മാപ്പ്,
എല്ലാം.

പക്ഷേ ഏറ്റവും ഭംഗിയുള്ളത്...
തെറ്റുകളും കുറവുകളുമടക്കം,
നിന്റെ ഹൃദയത്തിൽ
സ്വയം കൊത്തിയ മുറിവുകളടക്കം,
നീ നിന്നെത്തന്നെ
എത്ര ദയയോടെ
കാണുന്നു എന്നതാണ്.

അതെ... ഒടുവിൽ,
എല്ലാം ചെന്നുനിൽക്കുന്നത്
ആർദ്രതയിൽ തന്നെയാണ്.


Summary: Ennile njan Malayalam poem by Bhoomi JN Published Truecopy Webzine Packet 285.


ഭൂമി ജെ.എൻ.

എഴുത്തുകാരി, പെർഫോമിങ് ആർട്ടിസ്റ്റ്. കേരള യൂണിവേഴ്സിറ്റിയിൽ ഗവേഷക വിദ്യാർത്ഥി. പ്രേമം/കലാപം, തുടർച്ചകൾ, അവശേഷിപ്പുകൾ, കുറസോവയുടെ സ്വപ്നങ്ങളല്ല, എന്റെ..., കോപ്പിങ് മെക്കാനിസം തുടങ്ങിയ കവിതകൾ മലയാളത്തിലും, Unbreak My heart, Echoes (കവിത), Radius of her heart (കഥ) എന്നിവ  ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments