എന്തുകൊണ്ടാണ് സ്വസ്ഥതകളിൽ അ ചേരുന്നത്?

ന്തുകൊണ്ടാണ്
ചത്ത ഒരു പാറ്റയെ
കൊണ്ടു പോകും പോലെ
ഉറുമ്പുകൾ മനുഷ്യരെ വലിച്ചിഴക്കാത്തത്?

എന്തുകൊണ്ടാണ്
കതിരുകളെ പോലെ
തത്തകൾ
മനുഷ്യരെ കൊത്തിപ്പറക്കാത്തത്?

എന്തുകൊണ്ടാണ്
ഒരാടും
പച്ചിലയല്ലാതെ
പച്ചമനുഷ്യനെ തിന്നാത്തത്?

കാരണങ്ങൾ
വളരെ ചെറുതാണ്.
പക്ഷെ ,നാം
അവയെ വലുതെന്നു വിചാരിക്കുന്നു.

മരം എന്ന് നാം വിളിക്കുന്നത്
കാടൊഴിഞ്ഞു പോയതിന്റെ
അടയാളത്തെക്കൂടിയാണ്.
പൂച്ചയെന്ന് വിളിക്കുന്നത്
മൃഗങ്ങളുടെ പലായനത്തിൽ
ബാക്കിയായതിനെ കൂടിയാണ്.
കുളം
ഓടിമറഞ്ഞ കാട്ടരുവിയിൽ നിന്ന്
അടർന്ന് വീണ തുള്ളി കൂടിയാണ്.

നമ്മുടെ സ്വാതന്ത്ര്യങ്ങളെല്ലാം
കൈയ്യേറ്റങ്ങൾ കൂടിയാണ്.
ഗാന്ധിയുടേയും ബുദ്ധന്റേയും നന്മ
പറയപ്പെടാത്ത ഒരു യുദ്ധത്തിന്റെ
നിഴലു കൂടിയാണ്.
കാൾ മാർക്‌സ് നടക്കാനിറങ്ങിയ
ചിന്താസരണി
ഒരു പാമ്പ് ഓടിമറഞ്ഞ
വളഞ്ഞുപുളഞ്ഞ വഴി കൂടിയാണ് .
സോക്രട്ടീസ് കടം പറഞ്ഞ പൂവൻ കോഴി
പേടിച്ചു പറന്ന പക്ഷിക്കൂട്ടത്തിൽ നിന്ന്
നിലം പതിച്ചതാണ്.

ചെറുതാണ് കാരണങ്ങൾ .
ചെറുത്. വളരെ ചെറുത് .

സസ്യങ്ങളെ നാം പഠിക്കും പോലെ
അവ നമ്മെയും പഠിക്കുന്നുണ്ട്.
മൃഗങ്ങളെ നാം നോക്കും പോലെ
അവ നമ്മെയും നോക്കുന്നുണ്ട്.
ഭൂതക്കണ്ണാടി വെച്ച്
നാം ചെറുതുകളെ വലുതാക്കുമ്പോൾ
മറ്റൊരു കണ്ണാടി കൊണ്ട്
അവ
നമ്മെ ചെറുതാക്കുന്നുണ്ട്.


പി.എൻ. ഗോപീകൃഷ്ണൻ

കവി, സാംസ്കാരിക പ്രവർത്തകൻ. മടിയരുടെ മാനിഫെസ്‌റ്റോ, ഇടിക്കാലൂരി പനമ്പട്ടടി, ബിരിയാണിയും മറ്റു കവിതകളും, കവിത മാംസഭോജിയാണ്​ എന്നിവ പ്രധാന കവിതാ സമാഹാരങ്ങൾ. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ പുതിയ പുസ്തകം.

Comments