ചുംബനം
ചുംബനം,
ചങ്ങലകൾ പൊട്ടിക്കും സ്വതന്ത്രത.
ചുംബനം,
വികാരങ്ങൾ പിണയും സ്മൃതിനാശം.
ചുംബനം,
തീപാറുന്ന ഘർഷണം.
നിമിഷങ്ങൾ
എങ്ങോ പോയ് മറഞ്ഞതിൻ
വിരഹം മാത്രം ബാക്കി.
ചുംബനം പുനർചിന്ത,
തന്നിഷ്ടം,
സദാചാരലംഘനം.
പുതുവഴി തേടുന്നോരസ്വസ്ഥത
ഒറ്റച്ചുംബനത്താൽ
നാമൊന്നായി
പിരിയുവാൻ
ഒക്കാത്ത മട്ടിൽ
തമ്മിൽ കലർന്ന നിറങ്ങളായ്
പേനയും എഴുത്തുമായ്
പാലറ്റും ബ്രഷുമായി.
കുളി
ചെമ്പുപാത്രത്തിലെ വെള്ളം
ചുവന്ന പ്ലാസ്റ്റിക്കു കപ്പുകൊണ്ട്
കോരിക്കുളിക്കുമ്പോൾ
നേർത്തൊരു വസ്ത്രവുമില്ലയെന്നാകിലും
ആൾ നഗ്നയല്ല
കലാകാരന്റെ ദൃഷ്ടിയിൽ.
കോരിത്തലയിലൊഴിക്കുന്ന വെള്ളമോ
മൂടുന്നവളെ വെള്ളം വായിൽക്കൊണ്ടു കുപ്‌ളിച്ചു തുപ്പിക്കളഞ്ഞു.
മുടി തോർത്തി അവൾ
ചിത്രത്തിൽ നിന്നു മടങ്ങുന്നു.
പുഴയുടെ അരികിൽ
പുഴയുടെ അരികിൽ
പാറപ്പുറത്ത്
പിറന്ന പടി
അവൾ കണ്ണുപൂട്ടിയിരിക്കുന്നു
പുഴ
മണൽപ്പുറം
മീനുകൾ
മരങ്ങൾ
മാനം
പറവകൾ
കാറ്റ്
വെയിൽ
പാറയുടെ കോണിലെ കുറ്റിക്കാട്ടിൽ നിന്നിറങ്ങിയ
കുറുക്കൻ അവളെ നോക്കിനില്ക്കുന്നു.
അവളെ മൊഴിമാറ്റിക്കൊണ്ട്.
നിറങ്ങൾ
നിൻ മുഖത്തൊരു നിറമല്ലല്ലോ,
ചുണ്ടിൽത്തന്നെ രണ്ടാണു നിറം,
മുടിക്കറുപ്പിൽ ചെമ്പുനിറം.
നീയുടുപ്പഴിച്ചപ്പോൾ
മുഴുത്ത മുലകളിൽ
മൂന്നാണ് നിറം, പിന്നെ
കാണാത്ത നിറമൊന്നും.
നിന്നരക്കെട്ടിൽ പലാസോവിട്ട വെളുപ്പുണ്ട്.
പിന്നെയോ കറുപ്പ്,
കാൽമുട്ടിലോ വേറേ നിറം.
നിറങ്ങൾ കൊണ്ടു നിന്നെ വരച്ചു ദൈവ, മല്ല-പ്രകൃതി, യാപ്പാലറ്റ്
കാണുവാൻ കൊതിയുണ്ട്
കേളിയിൽ
കാമകേളിയിൽ
മുങ്ങിത്തളർന്നുകിടക്കുന്നു
കട്ടിലിൽ നമ്മൾ രണ്ടും
നഗ്നരായ് കിടക്കുന്നു.
നഗ്നത നഷ്ടപ്പെട്ടു.
വസ്ത്രമില്ലാഞ്ഞിട്ടും നാം
വസ്ത്രമുള്ളവരെപ്പോൽ
നഗ്നരായ് കിടക്കുന്നു
രഹസ്യം വെളിപ്പെട്ടു മടങ്ങിപ്പോകുന്നു നാം
വിദൂരെ മഞ്ഞുകാലം
കറുത്ത പക്ഷിക്കൂട്ടം
നിലാവിൽ
നിലാവിൽ
ഒരു കുന്നിൽ പ്രദേശം
മേലോട്ട് ഒരു വഴിയും കുറ്റിക്കാടുകളും
അവിടവിടെ മരങ്ങളും
മഞ്ഞും കാറ്റും.
മുകളിലായ് പാറപ്പരപ്പിൽ
ഉടുക്കാതെ ഒരാൾ
കിടന്നുറങ്ങുന്നു.
ഉടൽ,
ഗുഹ്യരോമം,
ചാഞ്ഞുകിടക്കുന്ന ലിംഗം.
കാറ്റ് മുടിയിൽ
തലോടുന്നു.
കാടൊരു
ചില്ലിട്ട വീടാകുന്നു.