എത്ര മനുഷ്യർ,
എത്ര തിണർപ്പുകൾ

ടത്തേ കഴുത്തിലെ കരിനീലച്ച നിറം
കാണിച്ച് കൊടുത്ത് അമ്മ പറഞ്ഞു
ഇതാണ് അടയാളം.

ഇത് മായുമോ?
മാഷ് ഒന്നൂടെ സൂക്ഷിച്ച് നോക്കി.

ല്ല്യ.
പത്ത് കൊല്ലായിട്ടും മാഞ്ഞിട്ട്ല്ല
തെളിഞ്ഞ്ട്ടേള്ളു.

ഉം...
വേറെണ്ടൊ?

ല്ല്യാ ന്ന് അമ്മ.

ണ്ട് ന്ന് ഞാൻ.

ല്ല്യാന്ന് വീണ്ടും-
അമ്മയെന്നെയൊന്ന്
കക്ഷത്തിലമർത്തി നുള്ളി ഉറപ്പിച്ചു.

മിച്ചറുണ്ട തിന്ന് വീട്ടിൽക്ക് നടക്കുമ്പൊ
അമ്മടെ അടയാളം എന്താ ചോദിച്ചതിന്
നുള്ള് ഒന്നൂടെ അമർത്തിക്കിട്ടി.

ആരും കാണാത്ത എത്ര അടയാളങ്ങൾ അമ്മക്കുണ്ടായിരിക്കണം
ഞങ്ങളാരും കാണാത്തത്
അച്ഛനൊരിക്കലും കണ്ടിരിക്കാനിടയില്ലാത്തത്,
ആരെയും കാണിക്കാനിഷ്ടല്ലാതെ
അമ്മ ഒറ്റക്ക് കണ്ടത്.

അന്ന് മുഴോൻ വീട്ടിലെ എല്ലാർടേം
അടയാളങ്ങൾ തപ്പി,
എല്ലാരും പിച്ചിയും നുള്ളിയും...

സ്കൂള് തൊറന്ന് ക്ലാസ്സിൽ പോയിത്തുടങ്ങ്യതിൽപ്പിന്നെ
അടുത്തിരുന്നോരോടൊക്കെ
ഞാനാദ്യം ചോദിച്ചത് ഓര്ടെ അടയാളങ്ങളാണ്.

ഉച്ചക്കഞ്ഞിക്ക് വരിനിക്കുമ്പഴും
പി.ടിക്ക് കളിക്കാൻ പോവുമ്പൊഴും
മൂത്രപ്പൊരയിലും ഞാൻ കണ്ണിറുക്കി
അടയാളങ്ങൾ തെരഞ്ഞു.

പേരിനേക്കാളാദ്യത്തിൽ
അടയാളം കൊണ്ട്
ഞാനെല്ലാവരെയും ഓർക്കാൻ ശ്രമിച്ചു.

ക്ലാസ്സിലെ ആണ്ങ്ങൾടെ
അടയാളം നോക്കിയതിന്
ചെക്കന്മാർ ചന്തിക്ക് നുള്ളി.
വീട്ടിലേക്കുള്ള വഴിനീളെ ദിവസവും കളിയാക്കി കൂക്കിവിളിച്ചു,
ബലൂണിൽ വെള്ളം നെറച്ച്
എറിഞ്ഞ് കുളിപ്പിച്ചു.

പക്ഷേങ്കില് ഓര്ടേം അടയാളങ്ങൾ
ഞാൻ കണ്ടെത്തീര്ന്നു
മാനുണ്ണിക്കും ഹൈദ്രുവിനും
ചെവിയിൽ കാക്കാപുള്ളി,
സുശീലനും കാദറിനും മാനുപ്പക്കും
കണങ്കാലുകളിൽ,
അയിഷടെ വെളുത്ത തൊടയിലെ ചെഞ്ചായം കലർന്ന ആ കരിമ്പുഴുനീളത്തിനേക്കാൾ
എൻ്റുള്ളിൽ തെളിഞ്ഞ് നിന്നത്
മൈമൂൻ്റെ കറുത്ത നെഞ്ചത്തെ കണ്ണുള്ള അരിമ്പാറയാണ്.

അഞ്ചിൽക്ക് കുന്നുമ്മൽ
സ്കൂളിൽക്ക് പിരിഞ്ഞുപോരുമ്പൊ
ഓർമ്മയിൽ നിറയെ കപ്പിയും കരുവാളിച്ചും മനുഷ്യരുടെ അടയാളങ്ങൾ തെളിഞ്ഞുനിന്നു.

ആണെന്നോ പെണ്ണന്നൊ ഇല്ലാതെ പിന്നെയും
അടയാളങ്ങൾ കൊണ്ട് ഞാൻ
മനുഷ്യരെ പരിചയിച്ചു.
ഞാൻ കാണാത്ത / ആരും കാണാനിടയില്ലാത്ത അവരുടെ അടയാളങ്ങളുടെ ചന്തങ്ങളോർത്ത് ഓർമ്മയിലസൂയ മുരണ്ടു.

(എത്ര മനുഷ്യർ,
എത്ര തിണർപ്പുകൾ)

അമ്മ കാണിച്ചുകൊടുക്കരുതെന്ന്
പിച്ചി ഓർമ്മിപ്പിച്ച എൻ്റെ വലത്തെ തുടയിലെ കറുത്തപാട് വലുതാകും തോറും തെളിഞ്ഞുവന്നു.
അതിൻ്റെ ചന്തം കണ്ട് കുളിമുറിയിൽ
എത്ര നേരാണ് പണ്ട് കുന്തിച്ചിരുന്നത്.

ഞാൻ പക്ഷെ,
ആരെയും അത് പിന്നീടും കാണിച്ചില്ല.
എൻ്റുള്ളിൽ എൻ്റെയാ കറുത്തപാട്
എൻ്റെ ഉടലിൻ്റെയാകെ ഉള്ളറയായി ഉറഞ്ഞുതുള്ളി.
എന്നെ കണ്ടവരാരും
അങ്ങോട്ട് കണ്ണോടിച്ചില്ല.

ആശുപത്രിയിൽ,പോസ്റ്റ്മോർട്ടം ടേബിളിൽ, രാപ്പകലില്ലാതെ കീറിമുറിച്ച ശരീരങ്ങളുടെ അനാട്ടമിയിലും ഞാൻ അവരുടെ ആരും കാണാനിടയില്ലാത്ത / കണ്ടാലും
വേണ്ടത്ര പരിഗണിക്കപ്പെടാത്ത
അടയാളങ്ങളെ കൂടുതൽ കൂടുതൽ മിനുക്കി പുതപ്പിച്ചുറക്കി.

അങ്ങനെ ജീവനില്ലാത്തതിനും
ഓർമ്മയിൽ ജീവനുണ്ടായി.

ഓരോ ജീവനും അതിൻ്റെ അടയാളങ്ങളുണ്ട്
എത്ര കണ്ടാലും ഒന്നൊളിഞ്ഞ് തെളിഞ്ഞ് നിക്കുന്നവ.


Summary: Ethra Manushyar, Ethra Thinarppukal- A malayalam poem by praveena k


പ്രവീണ കെ.

കവി, കാലടി സംസ്കൃത സർവ്വകലാശാലയിൽ ഗവേഷക.

Comments