ഏഴു കവിതകൾ

1. തെറ്റ്

ന്റെ തെറ്റ്
തെരുവിൽ വിസർജ്യമായിക്കിടക്കുന്നു.
സ്വപ്നം കണ്ടു നടന്നു വന്ന്
അതിൽ ചവിട്ടി
കഴുകാൻ വെള്ളം നോക്കി
കിട്ടാതെ
അടുത്തു കണ്ട കല്ലിന്മേൽ
കാലുരച്ചുരച്ചു നടന്നു പോകുന്നുണ്ടൊരാൾ

2. ഇരു കര

റങ്ങാൻ പോകുമ്പോഴത്തെ ചിന്തയാണോ
ഉറങ്ങിയുണരുമ്പോഴത്തെ കയ്പ്?

3. ഒറ്റച്ചരട്

ന്റെ വിസ്മയക്കാഴ്​ചകൾ
കോർത്തിട്ട
ഒറ്റച്ചരടിന്റെ തുമ്പെനിക്കിന്നു
കിട്ടി.


കണ്ണു ഡോക്ടറെ
കാണാൻ പോയപ്പൊഴാണച്ഛൻ
പാലക്കാടു കോട്ട കാണിച്ചു തന്നത്
രണ്ടാമതും കണ്ണു ഡോക്ടറെക്കാണാൻ പോയപ്പോഴാണാദ്യം
അണക്കെട്ടു കണ്ടത്
മൂത്രപ്പഴുപ്പ് പരിശോധിക്കാൻ പോയപ്പോൾ
കടല്.
പല്ലു പറിച്ചു വരുമ്പോൾ
തൃശൂര് മൃഗശാല.
പൂച്ച മാന്തി സൂചിവെച്ചു മടങ്ങുമ്പോൾ
മ്യൂസിയം...

4. ക്ലാവ്

ദിവസങ്ങളേ, മടുത്തു.
എന്റെ അനുഭവങ്ങളെ
അസാധാരണമാക്കിത്തരൂ

കുറേക്കാലം പ്രാർത്ഥിച്ചപ്പോൾ
യാദൃച്ഛികമാവാം,
ഒരു ദിവസം
അസാധാരണങ്ങൾ
മേലേക്കിടിഞ്ഞു വീണു.

മതി മതി, അയ്യോ,
താങ്ങാൻ വയ്യ
എല്ലാം വീണ്ടും
പഴയപോലാക്കിത്തരൂ,
തീർത്തും സാധാരണം.

ദിവസങ്ങൾക്ക്
മന്ത്രവിദ്യയറിയില്ലല്ലോ.
ഓരോ അനുഭവത്തേയും
വീണ്ടും സാധാരണമാക്കാനായി
അവ മെല്ലെ മെല്ലെ
തലോടിക്കൊണ്ടിരുന്നു,
തോൽവി സമ്മതിച്ച പോലെ.

ആശങ്കയോടെ
ഞാൻ നോക്കുമ്പോളവ
എന്തുകൊണ്ടു തലോടുന്നു?

മൗനം കൊണ്ടു തലോടുന്നു.
ഓരോ അനുഭവത്തിന്മേലും
മൗനം ക്ലാവുപോലെപ്പുരണ്ടു വന്നു.
എല്ലാം വീണ്ടും
സാധാരണമാകുമെന്ന
പ്രതീക്ഷയിൽ.

5. കേൾക്കുമോ?

രിക്കും നാവിനാൽ വിളിച്ചാൽ
കേൾക്കുമോ?
വിളി
കേട്ടോടിവന്നടുത്തിരിക്കുമോ?
മരിക്കും നാവിനാൽ
വിളിച്ചാലുമേതോ
കവിത കേൾക്കുവാൻ
വിളിക്കയാണെന്നു
കരുതിയീവഴി വരാതിരിക്കുമോ?
മരിക്കും നാവിനാൽ വിളിച്ചു,
കേൾക്കുമോ?

6. അവസാന സമയം

രാത്രി രണ്ടു മണിക്ക്
പെട്ടെന്നുണരാം. മൂന്നിന്
ദാഹിച്ചുണരാം. നാലിന്
ഉണരണമെന്നു വിചാരിച്ചു കിടന്നാൽ മാത്രം മതി, ഉറങ്ങാതെയുണരാം. അഞ്ചിന്
അലാറം കേട്ടു ഞെട്ടിയുണരാം.
എന്നാൽ രാവിലെ ആറുമണി,
അതിന്നു ചുറ്റുമാണ് ഉറക്കം അടിഞ്ഞുകൂടുക.

പുലർവെളിച്ചത്തിൽ പോലും
കാണാനാവില്ല ആറുമണിമുഖം, വെളിച്ചത്തിനുള്ളിൽ അന്ധമായ
മറ്റൊരു വെളിച്ചമായി
അതു കിടക്കുമ്പോൾ.
അടിക്കേണ്ട താമസം
അലാറം തല്ലിക്കെടുത്തും.
ധ്രുവപ്രദേശത്തു മഞ്ഞെന്ന
പോലെ ആറു മണിക്കു ചുറ്റും ഉറക്കം.

രാത്രിമഴ കേൾക്കാം,
ചാറ്റലാണെങ്കിലും. ആറുമണിമഴ
കേൾക്കില്ല, ഇരച്ചു പെയ്താലും.

ചുറ്റുമുള്ളവരൊക്കെ
വേഗം വേഗം മരിച്ചു പൊയ്ക്കൊണ്ടിരിക്കുന്നതു മറക്കാൻ ഭൂമിയിൽ
ബാക്കിയുള്ള ഒരേയൊരു സമയം

7. നീലാംബരിത്തൊണ്ട

ഒറ്റ രാഗത്തിൽ
കുരുങ്ങിയൊടുങ്ങിയ
ഗായകനല്ലോ ഞാൻ

നീലാംബരിക്കടൽ
പുറത്തേക്കു തുപ്പിയ
പുറന്തോടാണെൻ തൊണ്ട

ഇതിലേ കടന്നുപോകും
ഏതു കാറ്റും
നീലാംബരി

ഈ തൊണ്ട പാടിയാൽ
ഏതു പാട്ടും
നീലാംബരി

ഇതിന്നു ചുറ്റും
മെനഞ്ഞുണ്ടായതാണെൻ
മൃൺമയശരീരം.

അതഴുകും മുമ്പ്
കണ്ണും കരളും വൃക്കയും പോലെ
നിങ്ങൾക്കെടുക്കാം.

കഴുത്തിലാക്കി
ഊതി
നോക്കാം.

മാതൃശാപത്താൽ വലയുന്ന നിങ്ങളെ
നീലാംബരിയാലത്
ആശ്വസിപ്പിക്കും.


Summary: ezhu kavithakal by p raman


പി. രാമൻ

കവി. അധ്യാപകൻ. കനം, തുരുമ്പ്, ഭാഷയും കുഞ്ഞും, രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്, പിന്നിലേക്കു വീശുന്ന കാറ്റ്, ഇരട്ടവാലൻ എന്നീ കവിതാ സമാഹാരങ്ങളും മായപ്പൊന്ന് (ജയമോഹന്റെ തമിഴ് കഥകളുടെ മലയാള പരിഭാഷ) എന്ന വിവർത്തന കൃതിയും രചിച്ചിട്ടുണ്ട്.

Comments