ഹൃദയത്തിന്
ആകെ
ഒരു ജോലിയേ
വശമുള്ളൂ,
രക്തം പമ്പ് ചെയ്യലാണത്.
പല ജോലികൾ
ഒരേ സമയം
ചെയ്യാനാകും
എന്നൊരു ധാരണ
അതിനുണ്ട്
എന്നുള്ളത് സത്യം
വെറുതെ ഇങ്ങനെ
ജീവിച്ചു പോകുമ്പോൾ,
ഇത് നോക്കൂ, അത് നോക്കൂ
എന്നൊക്കെ പറഞ്ഞ്
പിടിച്ചു നിർത്തിക്കളയും
ഇതുവരെ കണ്ട
തെളിച്ചമൊന്നും വെളിച്ചമേ
ആയിരുന്നില്ലെന്നും
ഇതുവരെ ജീവിച്ചത്
പോലൊന്നും
ആയിരുന്നില്ല
ജീവിക്കേണ്ടിയിരുന്നതെന്നും
അങ്ങു പറഞ്ഞു കളയും
അതെല്ലാം കേട്ട്,
തല്ക്കാലം
ഒരു വൺവേ ടിക്കറ്റും
കൊടുത്ത്
ബ്രയിനിനെ
നമ്മൾ എങ്ങോട്ടേലും
പറഞ്ഞു വിടും.
അപ്പോഴാണ്
ഹൃദയം കയറി
ഒരു കളി കളിക്കുക
ബെല്ലും ബ്രേക്കുമില്ലാത്ത കളി!
ബാലൻസ്
ഒക്കെ പോയി
അന്തവും
കുന്തവുമില്ലാതെ
മൂക്കും കുത്തി
വീണു കിടക്കുമ്പോഴാണ്
റിട്ടേൺ ടിക്കറ്റും കൊടുത്ത്
ബ്രെയിനിനെ തിരിച്ചു
കൊണ്ടു വരാനുള്ള
ബുദ്ധിമുട്ട്
ശരിക്കും മനസ്സിലാവുക !
പഠിച്ച പണി പതിനെട്ടും
പയറ്റേണ്ടിവരും
ഒടുവിൽ ഹൃദയത്തെ
ഒന്ന് വരുതിയിലാക്കാൻ
ഇടയ്‌ക്കൊക്കെ
ഒന്നു കുതറിയാലും
ഹൃദയത്തെ
അനുസരണയുള്ള
ആട്ടിൻകുഞ്ഞിനെ പോലെ
ബ്രെയിൻ
മെരുക്കിക്കൊള്ളും
അല്പമൊരു
ക്ഷമയും സമയവും
അനുവദിക്കണമെന്നു മാത്രം..!
ഹൃദയത്തിന്
ആകെയറിയുന്ന ജോലി
രക്തം പമ്പ് ചെയ്യലാണ്
മറ്റൊന്നും അതിനെ
ഏൽപ്പിക്കാതിരിക്കുകയാണ്
ബുദ്ധി! ബ്രെയിൻ എപ്പോഴും പറയും...
▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.