ഒരു പാതി മയക്കത്തിൽനിന്ന്
മറുപാതി മയക്കത്തിലേക്ക്
വഴുതിവീഴും മുമ്പേ ഞാൻ കണ്ടത്
ഉറുമ്പുകളുടെ ഘോഷയാത്ര.
ലക്‌ഷ്യം എന്റെ എഴുത്തുമേശ.
നിലാവെട്ടത്തിൽ ഇരുളും നിഴലും
ഓടിക്കളിക്കുന്ന മേശവിരിപ്പിലൂടെ
ഉറുമ്പുകളുടെ ഒരു പ്രകടനജാഥ.
രാവേറെയാവുമ്പോൾ ഉറക്കം
കെടുത്താനായി എന്നും വരുന്നു ...
അശ്രീകരം, ഞാൻ പിറുപിറക്കുന്നു...
പക്ഷെ, ആരു ഗൗനിക്കാൻ.
പുതിയ മേച്ചിൽപുറങ്ങളായി മാറുന്നു
എന്റെ ലാപ്‌ടോപ്പും അറ്റ്ലസും.
പേനത്തുമ്പിൽ അറിവിൻമുനകൾ
തിരയുന്നു ഉറുമ്പിൻ കാലാൾപ്പട.
ജനൽപ്പടിമേലുള്ള റെഡീമറും
സതേൺ ക്രക്സും, ഒരു നർമ്മദാ
യാത്രയുടെ ഓർമ്മക്കായി ഞാൻ
കൊണ്ടുനടക്കുന്ന കൃഷ്ണപ്രതിമയും
ഉറുമ്പുകളുടെ ഒളിസങ്കേതങ്ങളാകുന്നു.
ഫറവോനുറുമ്പുകൾ കൽപ്പിക്കുന്നു...
നീ തകർക്കുന്നത് ഞങ്ങളുടെ
ആവാസവ്യവസ്ഥയാണ്,
നീ അട്ടിമറിക്കുന്നത് ഞങ്ങളുടെ
ചിട്ടയുള്ള സമൂഹജീവിതമാണ്.
നീയാണ് വന്നുകയറിയവള്‍,
നീയൊരു 'റെഫ്യൂജി'മാത്രം.
നിന്റെ ആ തടിയൻ കിതാബിൽ
അടയാളപ്പെടുത്തിയിട്ടുള്ള
ഭൂമദ്ധ്യരേഖയും ഭൂഖണ്ഡങ്ങളും
ദേശങ്ങളും അതിർത്തികളും
ഞങ്ങൾ കാർന്നുതിന്നെന്നിരിക്കും.
മുറിയിൽ അവിടവിടെയായി
തൂക്കിയിട്ടിരിക്കുന്ന മണികളുടെ
നാദം ഞങ്ങളുടെ കാതുകളിൽ
ഇടിമുഴക്കമായി പതിയുന്നു.
ഇവിടത്തെ കളിമൺ പ്രതിമകളെയും
പൂപ്പാത്രങ്ങളെയും ദൈവങ്ങളെയും
തട്ടാതെ മുട്ടാതെയുള്ള ഈ പോക്കും
ഞങ്ങൾക്ക് എത്ര ക്ലേശകരമാണ്.
ഫറവോനുറുമ്പുകൾ കൽപ്പിക്കുന്നു...
ഞാൻ അത് അനുസരിക്കുന്നു...
പിന്നെ,
ഞാൻ കണ്ടത്,
ഞാനൊരു നിശ്ചലജഡമാണെന്ന്
കരുതി, മെഴുകുതിരിപോലുരുകുന്ന
ഉറുമ്പിൻ കൂട്ടത്തിനെയാണ്.
പിന്നെപ്പോഴോ അവർ
വന്നത്, നിഗൂഢമായി
സുബ്ഹാനല്ലാഹ് ചൊല്ലി
സൂഫി നൃത്തം ചെയ്യുന്ന
ഉറുമ്പിൻ പറ്റമായിട്ടാണ്.
ഒടുവിൽ,
ഞാൻ കണ്ട സ്വപ്നത്തിന്റെ
മുറിഞ്ഞുപോയ മുളംതണ്ടിൽ
വീണ്ടും ചുണ്ടുകൾ ചേർത്ത്
വച്ച് ആരോ നീലാംബരി രാഗം
എനിക്കായ് വായിക്കുന്നു...
ഞാനുറങ്ങുന്നു.