കഴിഞ്ഞയാഴ്ച, ഒരുച്ചയ്ക്ക്
കോരിയൊഴിച്ച കറിയിൽ നിന്ന്
ഒരു ബ്ലെയിഡ് കിട്ടി
അമ്മ സമ്മതിച്ചു തന്നില്ല;
അത്രയ്ക്കൊന്നും
അത്തുപിത്തുമായിട്ടില്ല ഞാൻ
മിനിഞ്ഞാന്ന്
ചോറിൽ നിറയെ
ചെറിയ മൊട്ടുസൂചികൾ
അമ്മ തർക്കിച്ചു;
നിന്നെക്കൊന്നിട്ടെന്ത് കിട്ടാനാണ്?
ഇന്നലെ രാവില
പുഴുങ്ങിത്തന്ന മുട്ടയ്ക്കുള്ളിൽ
ഒരു വെള്ളാരം കല്ല്
കോഴി വെശന്നിട്ട് തിന്നതാവും
അമ്മ ചിരിച്ചു.
ഇന്ന് കുടിക്കാൻ തന്ന
മോരുംവെള്ളത്തിൽ
ഒരു ചത്ത കരിങ്കണ്ണി
ഞാൻ ഛർദ്ദിച്ചു;
എത്രാം മാസമാണ്?
അമ്മ ചിരി നിർത്തിയില്ല
നാളെ
ബിരിയാണി വെക്കാമെന്ന്
അമ്മ പറയുന്നു
കഴിച്ചുതുടങ്ങിയാൽ അറിയാം
ആരുടെ തലയാണ്
അതിനുള്ളിലെന്ന്.
