ഒന്ന്
തണൽ
വലിയ ഒരു മരം
ആ മരത്തിന്റെ വളമൂറ്റി-
മുകളിൽ വലിയ ഒരു ഇത്തിൾകൂട്ടം
ആ ഇത്തിൾക്കൂട്ടത്തിനെ തണലാക്കി
ഒരു പക്ഷികുടുംബം
ഏതു തണൽ ഏത് തണലിനോട് കടപ്പെട്ടിരിക്കുന്നു?
ചിന്തിച്ചിരിക്കുമ്പോൾ
ദാ താഴെനിന്ന്,
മനുഷ്യ 'തണലിൽ' നിന്ന് ഒരു യന്ത്രശബ്ദം
രണ്ട്
തീവണ്ടി കാണാൻ കൊതിച്ചവൾ
അച്ഛൻ പാടിയാണ് എന്നെ കൊണ്ടുപോയത്
ചുക് ചുക് തീവണ്ടി…
പാടിയ തീവണ്ടിയെ അടുത്തു കാണാൻ-
പാളത്തിൽ കൂട്ടിപ്പിടിച്ച് അച്ഛൻ കെടുത്തി
അവൾ തല ഉയർത്തി നോക്കി-
‘അവളിൽ’ തന്റെ കുഞ്ഞിനെ കണ്ട ലോക്കോ പൈലറ്റ്
പിന്നീട് സർവ്വീസ് സ്റ്റോറിയിൽ പറഞ്ഞു-
‘തീവണ്ടി കാണാൻ കൊതിച്ചവൾ’.
മൂന്ന്
ആന ക്ലാസ്സിലെ കുടിയിറക്കം
സംസാരിച്ച് സംസാരിച്ച് കാടുകയറിയെന്ന് ടീച്ചർ
ആനത്താരകൾ കൊട്ടിയടച്ചപ്പോൾ-
കുട്ടിയാനകൾ ഇൻസ്റ്റഗ്രാം റീലുകളുണ്ടാക്കി
കാടിറങ്ങാൻ ശ്രമിക്കുകയാണ്...
ടീച്ചറുടെ കാഴ്ചയ്ക്ക് പുറത്ത്-
ഇമോജികളിലൂടെ സംസാരമില്ലാതെ സംസാരിക്കുകയാണ് അവർ...
തലമുറകളായി പകർന്നുനൽകിയ-
ആനത്താരകൾ കൊട്ടിയടച്ചാൽ പിന്നെയെങ്ങനെയാണ്-
കുടിയിറക്കം സാധ്യമാവുക?
തിരിച്ചിറങ്ങാൻ വഴികളില്ലാതെ
പിന്നെന്തിനാണ് അവരെ-
കാട് കയറ്റിയത്?
തിരിച്ചിറങ്ങാനുള്ള വഴികളില്ലാതെ
എങ്ങനെയാണ്-
'വെള്ളം' കുടിക്കാനുള്ള 'നൈപുണി' മാത്രം അവർക്കുണ്ടാവുക?
നാല്
ആഖ്യാനവും വ്യാഖ്യാനവും
തലക്കെട്ട് നിരത്തി
കൂട്ടം തെറ്റിയ കുട്ടിയാനക്ക്-
കരുതലായി 'മനുഷ്യർ'...
ഇത് മാധ്യമആഖ്യാനം
കൂട്ടം തെറ്റിയതല്ല,
കൂട്ടം തെറ്റിച്ചതാണെന്ന് കുട്ടിയാനയുടെ അമ്മ!
അത് ആന 'വ്യാഖ്യാനം'
കാട്ടിലെ രാജാവാണ് സിംഹമെന്ന് 'മനുഷ്യർ'...
ഇത് മനുഷ്യആഖ്യാനം
ഞാൻ രാജാവാണെന്നുള്ള
ബഹുമാനം കടുവ തരുന്നില്ലെന്ന്-
സിംഹത്തിന്റെ വ്യാഖ്യാനം.
പാറമേക്കാവിന്റെ കുടമാറ്റത്തിൽ പുളകിതരായി ആനകളുടെ 'ചെവിയാട്ടം'
ഇത് മാധ്യമആഖ്യാനം
ഞങ്ങൾ അസ്വസ്ഥരായാൽ ചെവിയാട്ടുമെന്ന് ആനകൾ.
അഞ്ച്
ജനാധിപത്യത്തിന്റെ സംശയം
വോട്ട് ചെയ്തു-
വോട്ട് ചെയ്ത വിരൽ വാട്ട്സ്ആപ്പ് സ്റ്റാറ്റസുമിട്ടു.
പിറ്റേദിവസം-
അതും റിസൾട്ട് വരുന്നതിനുമുമ്പ്-
എന്തിനാണ് അയാൾ ആത്മഹത്യ ചെയ്തത്?
പോസ്റ്റ്മോർട്ടം ടേബിളിലെ-
ഡോക്ടറുടെ സംശയം-
ജനാധിപത്യത്തിന്റെ സംശയമാണോ?
