1. ജീവിതരേഖ
പൊക്കിൾക്കൊടി കെട്ടി, വയറ്റാട്ടി പറഞ്ഞു,
ആൺകുട്ടിയാണ്, ആൺകുട്ടിയാണ്, ആൺകുട്ടിയാണ്.
കാതുകുത്തി, തട്ടാൻ പറഞ്ഞു,
രണ്ടണ, വെറും രണ്ടണ.
സൂചി കൈയ്യിലെടുത്ത്, നഴ്സ് പറഞ്ഞു,
വേദനയെടുക്കില്ല, ലേശം പോലും.
എന്റെ സാമാനം അളന്ന്, ബബൻ പറഞ്ഞു,
എന്റേതാണ് വലുത്, നിന്റേതിനേക്കാൾ വലുത്.
മുതുകിലിടിച്ച്, ബബൻ പറഞ്ഞു,
എന്റെ തന്ത വിചാരിച്ചാൽ
നിന്റെ തന്തയെ തറപറ്റിക്കാമെടാ
കണങ്കാലിൽ തൊഴിച്ച്, ബബൻ പറഞ്ഞു,
പെണ്ണാണ്, ഒരു പെണ്ണാണ്, എന്തൊരു പെണ്ണാണ് ആണെടാ നീ.
എന്റെ കാൽവിരലുകളിൽ അവളുടെ കാൽവിരലുകളമർത്തി ബണ്ണി പറഞ്ഞു,
സൈക്കിൾ, സൈക്കിൾ,
സൈക്കിൾ കളിക്കാം നമുക്ക്.
വയറ്റിൽ തുപ്പൽ പുരട്ടിക്കൊണ്ട് ബണ്ണി പറഞ്ഞു,
ഡോക്ടർ, ഡോക്ടർ, ഡോക്ടർ കളിക്കാം നമുക്ക്.
വാരിയെല്ലിൽ ഇക്കിളിയാക്കി ബണ്ണി പറഞ്ഞു,
വായോ, പുതപ്പിന്നടിയിൽ വായോ.
എന്റെ ചെവിയ്ക്ക് കിഴുക്കി, ഒരു ടീച്ചർ പറഞ്ഞു,
മുപ്പത്തിമൂന്ന് ഗുണം മുപ്പത്തെട്ട് എത്ര?
കണക്കിന് ശകാരിച്ച്, ഒരു ടീച്ചർ പറഞ്ഞു,
എന്നാ പറ, എവിടെയാ ഷെഫീൽഡ്,
എവിടെയാ ഷെഫീൽഡ്?
തുടയിൽ തിരുമ്മി, ഒരു ടീച്ചർ പറഞ്ഞു,
വാ, നമുക്ക് മാന്തോപ്പിലേക്ക് പോകാം.
എന്റെ കഴുത്തുപിടിച്ചു തിരിച്ച്, ബാർബർ പറഞ്ഞു,
അനങ്ങരുത് ഇപ്പോൾ, അനങ്ങരുത്.
നെഞ്ചളവെടുത്ത്, തയ്യൽക്കാരൻ പറഞ്ഞു,
മുപ്പത്തൊന്നിഞ്ച്, വെറും മുപ്പത്തൊന്ന്.
ഷൂസിൽ എന്റെ കാൽ തിരുകിക്കയറ്റി, ചെരുപ്പുകുത്തി പറഞ്ഞു,
ഇട്ടോ, അത്ര മുറുക്കമൊന്നുമില്ല.
മുതുകത്തു ചാടിക്കയറി
എന്റെ ചെറുക്കൻ പറഞ്ഞു, പോ, പോ.
പണിയിൽ നിന്ന് പറഞ്ഞുവിട്ട്, മേലധികാരി പറഞ്ഞു,
എനിക്ക് വേറേ നിവൃത്തിയില്ല, മിസ്റ്റർ നെനെ,
ഒരു നിവൃത്തിയുമില്ല.
എന്റെ ലിംഗം കൈയ്യിലെടുത്ത്, ഭാര്യ പറഞ്ഞു,
ഞാനിതൊരു ദിവസം കണ്ടിച്ചുകളയും,
ചുമ്മാ അങ്ങ് കണ്ടിച്ചുകളയും.
എന്റെ വൃഷണങ്ങൾ തടവി, ഡോക്ടർ പറഞ്ഞു,
വൃഷണവീക്കം, ഇതതുതന്നെ, വൃഷണവീക്കം.
കാൽവിരലിൽ ഒരു സൂചികൊണ്ടു കുത്തി
വേറൊരു ഡോക്ടർ പറഞ്ഞു,
കുഷ്ഠം, ഉറപ്പിച്ചോ, ഇത് കുഷ്ഠം തന്നെ.
വയറ്റത്ത് തട്ടി, മൂന്നാമൻ പറഞ്ഞു,
വയറ്റിപ്പുണ്ണ്, വയറ്റിപ്പുണ്ണ്, ഒരു സംശയവുമില്ല.
എന്റെ കാലിൽ കയറിച്ചവിട്ടി, ഒരുത്തൻ പറഞ്ഞു,
ക്ഷമിക്കണം കേട്ടോ, ക്ഷമിക്കണം.
കുടകൊണ്ട് കണ്ണിൽക്കുത്തി,
വേറൊരുത്തൻ പറഞ്ഞു,
അയ്യോ ഒന്നും പറ്റിയില്ലല്ലൊ.
അടിച്ചുമിന്നിച്ച് എന്റെ നേർക്ക് വന്ന്,
ഒരു ട്രക്കുകാരൻ പറഞ്ഞു,
എങ്ങോട്ടുനോക്കിയാടാ പോകുന്നത്, തായോളീ?
▮
2. സ്നാപ്ഷോട്ട്
പരവതാനിയിൽ നെയ്തുചേർത്തിരിക്കുന്ന
പതിനേഴ് സിംഹങ്ങളെ
കയറിൽ തൂങ്ങിയാടുന്ന
പെണ്ണിന്റെ ഒഴിഞ്ഞ ഉടലിലേക്ക്
തുറന്നുവിട്ടിരിക്കുന്നു.
മൂലയിലിരിക്കുന്ന സ്ഫടിക ആട്
അഭൗമമായ ഒരു ചാട്ടം ചാടി
കയറിൽ തൂങ്ങിയാടുന്ന
പെണ്ണിന്റെ അരികുകളുരസുന്നു
ഒഴിഞ്ഞ പൂപ്പാത്രം ഫ്ലാഷ് ബൾബ് പോലെ മിന്നി,
ആത്മഹത്യാസ്നാപ് ഷോട്ടിന്റെ
സ്വർഗ്ഗസുന്ദരമായ നെഗറ്റീവുകളിൽ,
കാണുന്നവരുടെ കണ്ണുപൊള്ളിച്ചു
വിളങ്ങുന്ന ആ കൊടുംവർണ്ണപ്പൂക്കളുടെ
പ്രിന്റെടുക്കുന്നു.
▮
3. പരമേശ്വരി
മൂക്കിൽ വന്നു മുട്ടുന്നു
നേരിയ, സവിശേഷമായ താണതരം പുകലമണം
പരമേശ്വരിയുടെ വരവാണ്.
ആളൊഴിഞ്ഞ ഇരുണ്ട
ജഹാംഗീർ ആർട് ഗാലറിയുടെ
പടികളിൽ ഒറ്റയ്ക്ക് ശാന്തമായിരുന്ന് പുകയെടുക്കുന്ന
പഴയ കക്കൂസ് നോട്ടക്കാരി,
പൈപ്പൂതിവലിക്കുന്ന തള്ള.
കറുത്ത ചുണ്ടുകൾക്കും കറുകറുത്ത പല്ലുകൾക്കും
ഇടയിൽ കടിച്ചുപിടിച്ച താനേ തെറുത്ത ഇലക്കുഴൽ.
തോൽ വെടിച്ച മുഖവും ചുങ്ങിയ മുലകളുമുള്ള
കച്ചിൽ നിന്നുവന്ന ഈ കൂടോത്രക്കാരിയുടെ
ഭാവി പറയാനുള്ള ത്രാണി നഷ്ടപ്പെട്ടുകാണണം.
ഉദാഹരണത്തിന്,
പക്ഷിയായി ഒടിമാറാൻ കഴിയുന്നില്ല,
കറവപ്പശുവിനെ
കരിങ്കണ്ണെറിഞ്ഞ് കൊല്ലാൻ പറ്റുന്നില്ല
കാട്ടുകഴുതക്കുട്ടിയെ
ചുമടെടുക്കാൻ പാകത്തിൽ മെരുക്കാൻ പറ്റുന്നില്ല.
ഒരു കണ്ണിന് തിമിരം പിടിച്ച്
പച്ചച്ച പീള കെട്ടി കാഴ്ച്ച മങ്ങിയിട്ടും
അവർ ഇപ്പോഴും ജഗജില്ലി തന്നെ
പറ്റിക്കാമെന്ന് ആരും കരുതുകയേ വേണ്ട.
അവർക്ക് കാണാം പുതിയ പകലിന്റെ അപ്പുറം,
അറിയാം, അതപ്പടി ഒന്നാന്തരമൊരാവർത്തനം തന്നെയെന്ന്.
▮
4. താണ കോവിൽ
താണ കോവിൽ അതിന്റെ ദൈവങ്ങളെ ഇരുട്ടത്താണിരുത്തുക
നിങ്ങൾ പൂജാരിക്കൊരു തീപ്പെട്ടി കൊടുക്കുന്നു.
ദൈവങ്ങൾ ഓരോരുത്തരായി തെളിഞ്ഞുവരുന്നു.
ആനന്ദഭരിതമാകുന്ന വെങ്കലം. പുഞ്ചിരിക്കുന്ന ശില. അതിശയമേയില്ലാതെ.
ഒരു തീപ്പെട്ടിക്കോൽ നീളമുള്ള ഓരോ നിമിഷത്തിൽ
ഓരോ ഭാവവും ഉണരുന്നു കെടുന്നു.
ഓരോ നിൽപ്പും വീണുകിടപ്പും കണ്ടെത്തുന്നു
വീണ്ടും മറയുന്നു.
ആരാണത്, നിങ്ങൾ ചോദിക്കുന്നു.
അഷ്ടകരദേവത, പൂജാരി മറുപടി തരുന്നു.
സംശയാലുവായ തീപ്പെട്ടിക്കോൽ ഒന്നു ചുമയ്ക്കുന്നു.
നിങ്ങൾക്ക് എണ്ണാം
അല്ല, പതിനെട്ടുണ്ടല്ലോ, നിങ്ങൾ തിരികെ പറയുന്നു.
എങ്ങനെയായാലും പൂജാരിക്കത് അപ്പോഴും അഷ്ടകരദേവത തന്നെ.
പുറത്ത് വെയിലിലേക്കിറങ്ങി
ഒരു ചാർമിനാർ കത്തിക്കുന്നു.
ഇരുപതടിയുള്ള ആമയുടെ പുറത്തുകയറി
കുട്ടികൾ കളിക്കുന്നു.
▮
5.കിഴവിത്തള്ള
ഒരു കിഴവിത്തള്ള
ഉടുപ്പിൽപ്പിടിച്ച്
വലിക്കുന്നു.
എട്ടണാ തരണം
കുതിരലാടക്കോവിലിൽ
കൊണ്ടുപോകാം.
നിങ്ങൾ കണ്ടുകഴിഞ്ഞതാണ്
എന്നിട്ടുമവർ എന്തിവലിഞ്ഞ് കൂടെവരുന്നു
ഉടുപ്പിൽ പിടിമുറുക്കുന്നു.
പോകാൻ സമ്മതിക്കില്ല, നിങ്ങളെ
കിഴവിത്തള്ളമാർ അങ്ങനെയാണല്ലോ.
കമ്പിളിച്ചെടിപോലെ പറ്റിക്കൂടും.
നിങ്ങൾ അവർക്കു നേരേ തിരിഞ്ഞ്
തറപ്പിച്ചു നോക്കുന്നു
ഈ നാടകം ഇനി മതിയാക്കാം.
“ഇമ്മാതിരി നശിച്ച മലമ്പ്രദേശത്ത്
ഒരു കിഴവിക്ക് മറ്റെന്തു ചെയ്യാൻ പറ്റും”
എന്നവർ പറയുന്നതു കേൾക്കെ
അവരുടെ കണ്ണുകൾ
വെടിത്തുളകൾ, അവയിലൂടെ
നേർക്കു കാണാം ആകാശം.
നോക്കിനിൽക്കെ
ആ കണ്ണുകൾക്കുചുറ്റും വിള്ളലുകൾ
അവ തൊലികവിഞ്ഞ് പടരുന്നു.
മലകൾ പിളരുന്നു.
കോവിലുകൾ പിളരുന്നു.
ഒറ്റയ്ക്കു നിൽക്കുന്ന
ഉടയാത്ത പടുകിഴവിക്കു ചുറ്റും
ചില്ലുപാളിയുടയുന്ന ഒച്ചയിൽ
ആകാശം വന്നുവീഴുന്നു.
നിങ്ങളോ,
അവരുടെ കൈയ്യിലെ
വെറും ചില്ലറയായി
കുറഞ്ഞു പോകുന്നു.
