‘‘ഞാനൊരു
മനുഷ്യ ജീവിയാണ്’’,
സാധാരണക്കാരനായ
അഹ്മദ് അബ്ദുൽ വഹാബ്
അലറി വിളിച്ചു.
ഭയക്കൂട്ടിൽനിന്ന്
കഷ്ടിച്ച് രക്ഷപ്പെട്ട
തടവുപുള്ളിയെപ്പോലെ
വിറയാർന്ന ശബ്ദം.
തൊണ്ടയിലെ ഞരമ്പുകൾ
വീർത്തിരിക്കുന്നു,
കണ്ണുകളിൽ അമർഷം
നിറഞ്ഞിരിക്കുന്നു.
ബാൽസാക്കിനെയോ,
വിക്ടർ ഹ്യൂഗോയെയോ
അയാൾ വായിച്ചിട്ടില്ല.
മാർക്സിനെയോ,
ലെനിനെയോ
അയാൾക്കറിയില്ല.
ആ ദിവസം,
അഹ്മദ് അബ്ദുൽ വഹാബ്
എന്ന സാധാരണക്കാരൻ
അസാധാരണക്കാരനായി മാറി.
▮
2
‘‘സെൽമിയ, സെൽമിയ...”
“സമാധാനം, സമാധാനം...”
അവർ സമാധാനമെന്ന് പാടിനടന്നു,
നഗ്നമായ ഉടലുകളായി,
ശുദ്ധമായ കൈകളുയർത്തിക്കൊണ്ട്.
“ഹുരിയാ, ഹുരിയാ...”
“സ്വാതന്ത്ര്യം, സ്വാതന്ത്ര്യം...”
അവർ സ്വാതന്ത്ര്യമെന്ന്
ശബ്ദിച്ചുകൊണ്ട്
അണിയണിയായി നടന്നുപോയി.
വിവസ്ത്രരായി,
കൈകളിൽ പനിനീർപ്പൂവുമായി.
അതെ,
ഈ പാട്ട് കേട്ടിട്ട് തന്നെയാണ്,
ഭയത്തിന്റെ കാതലിന്
ഇളക്കം തട്ടിയതും,
കാക്കയുടെ മുഖംമൂടി
അഴിഞ്ഞുവീണതും.
▮
3
നിങ്ങൾ
അയാളെ കണ്ടോ?
തന്റെ കുഞ്ഞിനെ
കൈകളിലെടുത്ത്,
തലയുയർത്തി,
നടുവളയാതെ,
അഭിമാനപൂർവ്വം
നടന്നുപോകുന്നയാളെ.
പിതാവിന്റെ കൈകളിൽ
ആ കുഞ്ഞെത്ര
സന്തുഷ്ടനായിരിക്കും,
അഭിമാനിതനായിരിക്കും...
അവന് ജീവനുണ്ടെങ്കിൽ മാത്രം.
▮
4
ദൈനംദിന ജീവിതം:
ബേക്കറിയുടെ മുന്നിൽ നീണ്ട നിര.
പൊട്ടിത്തെറിയുടെ ശബ്ദം.
എല്ലാം പറന്നകലുന്നു.
മരങ്ങളടക്കം
വേരും പറിച്ച് ഓടിയകലുന്നു.
വിശപ്പ് മാത്രം ഓടുന്നില്ല.
വിശപ്പ് ഒന്നും ശ്രദ്ധിക്കുന്നില്ല,
അതങ്ങനെ
റൊട്ടി വാങ്ങാൻ
വരിയിൽ തന്നെ
കാത്തുനിൽക്കുകയാണ്.
▮
5
നന്നായി പഠിക്കൂ മോളേ.
രാജ്യത്തിന്,
അതിന്റെ നിർമ്മിതിക്ക്
ഒരാളെ ആവശ്യമുണ്ട്.
നിനക്ക് കോഫി വേണോ?
കുറച്ച് ചായ?
നീ ജയിക്കും.
എനിക്കുറപ്പാണ്,
നിനക്ക് ഡിപ്ലോമ കിട്ടും.
അതുകഴിഞ്ഞൊരു
പാർട്ടി നടത്തുമ്പോൾ
എന്ത് സന്തോഷമായിരിക്കുമെന്നോ...
അതെ, ഒരു എൻജിനീയർ.
മനോഹരമായ ഉദ്യോഗം!
അവൾ
യൂണിവേഴ്സിറ്റിയിലേക്ക് പോയി,
പേനകളും സ്വപ്നങ്ങളും കുത്തിനിറച്ചുകൊണ്ട്.
മാതാവിന്റെ
അടുക്കലേക്ക് തിരിച്ചുവന്നത്,
അവളുടെയൊരു
ചെരുപ്പ് മാത്രമായിരുന്നു.
