ഫോ(കോ)ക്കസ്

യാളെ കൊല്ലാനുള്ള
ക്വട്ടേഷന്‍ സംഘത്തിലെ
ഒരംഗമാണു ഞാന്‍...

ഞങ്ങള്‍ ഇടതടവില്ലാതെ
പിന്തുടര്‍ന്നു.
പലയാവൃത്തി തുനിഞ്ഞു.
അപ്പോഴെല്ലാമയാൾ
അത്ഭുതകരമായ് രക്ഷപ്പെടുന്നു...!
കാരണമറിയില്ല.

അന്നേരത്തെയാ അവസ്ഥയെ
അതേപടി ഞാന്‍
ക്യാമറയില്‍ ഒപ്പിയെടുത്തിട്ടും
അക്കാരണം മാത്രം
വ്യക്തമല്ല.

കാണൂ..,
അപ്പോഴുള്ള
അയാളുടെയാ ഭാവങ്ങള്‍;
മരണത്തിനും
ജീവിതത്തിനുമിടയിലെ

അരനിമിഷത്തിലെ
അയാളെ...

എത്ര സന്തോഷവാനാണ്
അന്നേരത്ത്
അയാളെന്ന് നോക്കൂ..!
ഒരിക്കല്‍,
ഞങ്ങളുടെ വെട്ടിത്തിളങ്ങുന്ന വാളുകള്‍
അയാളുടെ കഴുത്തിനുനേരേ
ഉയര്‍ന്നപ്പോഴുള്ള
ചിത്രമാണിത്.

അടുത്ത നിമിഷം
ചീന്തിപ്പോകേണ്ട തലയില്‍
ആ മുഖമെത്ര
പ്രസന്നമാണ്...!?

ഒരിക്കല്‍
നെഞ്ചിനുനേരേ ചൂണ്ടിയ
ഞങ്ങളുടെ കാഞ്ചിക്കു മുന്നില്‍
അയാള്‍
കിറുകൃത്യം വന്നു പെട്ടതിന്റേതാണിത്.

തൊട്ടടുത്ത വേളയിൽ
തുളഞ്ഞുകയറി പിടഞ്ഞൊടുങ്ങേണ്ട
ആ നെഞ്ചകം
അതുവരെയില്ലാത്തവിധം
ഒരാനന്ദത്തിലാണു മിടിക്കുന്നതെന്ന്
ഈ ചിത്രം കണ്ടാൽ
തോന്നില്ലേ..?

തിളങ്ങുന്ന

കണ്ണുകളിൽ
അങ്ങനെയൊരു
സന്ദേശമില്ലേ..?

മറ്റൊരിക്കല്‍,
അയാളെ ലക്ഷ്യംവച്ചു പാഞ്ഞുചെന്ന
ഞങ്ങളുടെ വാഹനത്തിനു തൊട്ടുമുന്നില്‍
അയാള്‍ എത്തപ്പെട്ടതിനെ
ഫ്രണ്ട് വ്യൂവിൽ
ഫോക്കസ് ചെയ്തു പകര്‍ത്തിയ
ചിത്രമാണിത്.

എത്രമേൽ പ്രതീക്ഷയോടെയാണ്
അന്നേരമയാള്‍
നടന്നുവരുന്നതെന്ന് നോക്കൂ...?
കടന്നുപോകുന്നതെന്നു കാണൂ...!

പക്ഷേ,
എങ്ങനെയാണ്
ഞങ്ങളുടെ
എല്ലാ ഉദ്യമങ്ങളില്‍ നിന്നും
അയാള്‍ രക്ഷപ്പെടുന്നത്..!?
വാളുകൾ പാഞ്ഞുവരുന്നതുകണ്ട്
അഭ്യാസിയെപ്പോലെ
ഒഴിഞ്ഞുമാറുന്നതല്ല.
വെടിയുതിർന്നുടൻ
വെട്ടിയൊഴിയുകയുമല്ല.
വാഹനത്തിനു മുന്നിൽ നിന്നും
കരണം മറിഞ്ഞു
കടന്നു കളയുന്നതുമല്ല...

സത്യത്തിൽ,
ഞങ്ങൾ ശ്രമിക്കുന്നു.
അയാൾ രക്ഷപ്പെടുന്നു.
അല്ല..!
ഞങ്ങൾ കൊല്ലുന്നു.
അയാൾ വെല്ലുന്നു.

ക്യാമറയിൽ
തെളിയാത്തതെന്തോ


അരനിമിഷത്തിനിടയിൽ
സംഭവിക്കുന്നുണ്ട്.

ഈ ഫോട്ടോഗ്രാഫ്സ്
ഞാനയാള്‍ക്ക്
അടിക്കുറിപ്പില്ലാതെ
വാട്സാപ്പ് ചെയ്യാൻ പോകുകയാണ്.
ഫെയ്സ് ബുക്കിലും
പോസ്റ്റു ചെയ്യുന്നു.
അയാള്‍ക്കും
ടാഗുന്നു.

അതയാൾ
കണ്ടറിഞ്ഞ ആ മാത്രയില്‍..,
ദാ.., തൊട്ടുമുമ്പ് പകര്‍ത്തിയ
അയാളുടെ

ചിത്രങ്ങള്‍ നോക്കൂ...

നിങ്ങൾ
നേരത്തേ കണ്ട

ചിത്രങ്ങള്‍

ചിത്രങ്ങളുടെ
വെട്ടത്തെത്തുമോ...!?

(''കൊല്ലാൻ ശ്രമിക്കൽ
വെല്ലാൻ സഹായിക്കൽ
കൂടിയല്ലേ മരമണ്ടാാാ...''
എന്നപോലൊരു
സന്ദേശമുള്ളടങ്ങിയ ടോണിൽ
ഫോണിലൊരു
കവിസുഹൃത്തയച്ച മെസേജിന്റെ
നോട്ടിഫിക്കേഷനപ്പോൾ
മുഴങ്ങിയടങ്ങി...)

Comments