അമ്മു ദീപ

നാലു കവിതകൾ

1. അസ്തമയം

റുമൂസച്ചോട്ടിൽ
വീണു ചിതറിക്കിടക്കുന്ന
പഴുത്ത കറുമൂസങ്കായ പോലെ പടിഞ്ഞാറ്

ചെറു കഷ്ണങ്ങൾ കൊക്കിലെടുത്ത് കൂട്ടിലേയ്ക്ക് തെറിക്കും കിളികൾ

കറുമൂസക്കാമ്പ് മുഖത്തു പുരട്ടി
മുട്ടറ്റം മുടിയഴിച്ചിട്ട്
മുറ്റത്തു ചേച്ചിയുലാത്തുന്നു

മുറ്റത്തും തൊടിയിലും
മുടി പടരുന്നു

മുടി മാത്രമാവുന്നു

2. ആന

രാത്രി ഞാനുറങ്ങിക്കിടക്കുമ്പോൾ
സാക്ഷയെ
പടപടാ വിറപ്പിച്ചു കൊണ്ട് ഉമ്മറവാതുക്കൽ
മസ്തകം വച്ചമർത്തുന്നു
നെറ്റിപ്പട്ടം കെട്ടിയ പെരുന്തൻ ആന

അടച്ചിട്ട ജനലിന്റെ ചില്ലുപാളിയിലൂടെ കാണാം
മുറിച്ച ഒറ്റക്കൊമ്പിൽ നിന്നു തെറിക്കും വെളിച്ചം

ഭയം.

3. ബ്രാ

കാശത്തേക്ക് ചാരി നിറുത്തി
ബ്രാ പൊക്കിവച്ചു

തുടുത്ത രണ്ടു പഴങ്ങളെപ്പോലെ
സൂര്യചന്ദ്രന്മാർ പുറത്തു ചാടി

ബ്രൗൺ നിറത്തിൽ
ഭൂമിയുടെ നിഴൽ വട്ടം
അവയുടെ
മൂക്കിൻ തുമ്പിൽ

ഗ്രഹണം

4. ഒരൂസം

പൂക്കളും വെയിലും തുന്നിപ്പിടിപ്പിച്ച
കാറ്റിന്റെ ഒരു കീറക്കഷ്ണം പാറി വന്നു
മുറ്റത്തു വീണു

വാ അറ്റം പിടി

അച്ഛന്റെ മുണ്ട് മടക്കും പോലെ
ഇരുതല വലിച്ചു നീർത്തി
നടുമടക്കി
നാലാക്കി
എട്ടാക്കി
പന്ത്രണ്ടാക്കി
പെട്ടീല്
എടുത്തു വച്ചു
​ഞാനും ചേച്ചിയും


അമ്മു ദീപ

കവി. കരിങ്കുട്ടി (2019), ഇരിക്കപ്പൊറുതി (2022) എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments