കരുണാകരൻ

4 കവികൾ,
4 പെണ്ണുങ്ങൾ

അഡ്രിയാന സിസിമാൻസ്കാ (പോളണ്ട്), ഗ്ലോറിയ ഫ്യൂയെർറ്റെസ് (സ്പെയിൻ), കരോൾ ആൻ ഡിഫി (സ്കോട്ട്‌ലാൻഡ്‌), ലിന്റാ ഗ്രെഗ് (അമേരിക്ക) എന്നിവരുടെ കവിതകളുടെ പരിഭാഷ. ഇംഗ്ലീഷിൽനിന്ന് മൊഴിമാറ്റം: കരുണാകരൻ.

1
എന്റെ മകളും
ഫ്രാൻസ് കാഫ്ക്കയും

അഡ്രിയാന സിസിമാൻസ്കാ, പോളണ്ട് (1943- )

ന്റെ മകൾ ചീറുകയാണ്: ഞാൻ
ഈ ദൈവത്തിൽ വിശ്വസിയ്ക്കുന്നില്ല.
എന്നിട്ട് അവൾ കാഫ്ക്കയുടെ “കോട്ട”യിലേക്ക്
കണ്ണീരോടെ രക്ഷപ്പെടുന്നു.
എന്റെ മകൾക്ക് പതിനെട്ടു വയസ്സാണ്, എന്നല്ല
നിറഞ്ഞ പെണ്ണത്തംകൊണ്ട് അവളെന്നെ
അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു.
പക്ഷെ അവളുടെ ഉറക്കെയുള്ള ഈ അവിശ്വാസം
ധൂമനിറമുള്ള ദുപ്പട്ട പോലെ
എന്റെ കണ്ണുകൾക്കു മുമ്പിലങ്ങനെ വീശുമ്പോൾ
ഇപ്പോഴും അവൾ തള്ളവിരലും വായിലിട്ട
ഒരു കുഞ്ഞുകുട്ടിയാണ്.
അവളുടെ ദൈവത്തിനോട് എനിക്കെന്തു പറയാൻ പറ്റും?
അവൾക്ക് തെറ്റുപറ്റിയതാണെന്നൊ?
നീ ശരിക്കും വാഴുന്നു –എന്നോ?
ദൂരെ പരുഷമായ്‌
അല്ലെങ്കിൽ തൊട്ടടുത്ത്
കാരുണ്യത്തോടെ?
ഇപ്പോൾ നിനക്കും അവൾക്കുമിടയിൽ
ഓട്ടവീണ ഗംഭീരമായ ലോകം
എളുപ്പം തകരുന്ന
പുകയാൽ നിറഞ്ഞ
ഒരു ചില്ല്
മാത്രമെന്നോ?
എന്തെന്നാൽ അവൾ കാഫ്ക്കയെ വിശ്വസിക്കുന്നു
സന്ധ്യകളിൽ സ്വന്തം ഭാവനയിലെ
രാവണൻ കോട്ടകളിലലയുന്നൊരാളിൽ.
എനിക്ക് സംശയമുണ്ട്, ഉറങ്ങുന്നതിനുമുമ്പ്
അവൾ രഹസ്യമായി കെ-യോട്
സംസാരിക്കുന്നു, അതും
എങ്ങനെ സത്യത്തിലെത്താം എന്നതിനെപ്പറ്റി.
അതിനാൽ ഞാനൊരു വാക്കുപോലും പറയില്ല
ഞാനവളുടെ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കും
മുഴുവൻ പച്ചവെളിച്ചമുള്ള ഒരു അക്വാറിയത്തിലേക്ക്
നോക്കുന്നപോലെ.

എന്റെയീ ഇത്തിരിമാത്രം മുതിർന്ന മകൾ
അവളുടെ മിനി- ഡ്രസ്സിൽ ഒരു കണ്ണാടിക്കുമുമ്പിൽനിന്ന്
പ്രഭാതത്തിൽ നൃത്തം ചെയ്യുന്നു
പുഞ്ചിരിക്കുന്ന ഒരു കാഫ്ക്ക ബുക്ക്‌ഷെൽഫിലിരുന്ന്
അവളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ.
എന്നിട്ട് പെട്ടെന്ന്
അവളോട് സംസാരിക്കുന്നു
ആഴത്തിലും മുഗ്ദ്ധമായതുമായ ഒരൊച്ചയിൽ:
“നിനക്ക് മനസിലായോ എന്താണെന്ൻ?
നമ്മളത് പരിശോധിക്കുകയാവും നല്ലത്.
എനിക്ക് നല്ല ഉറപ്പാണ്, അവിടെ അവനുണ്ട്.
കണ്ണാടിയുടെ അവസാനത്തെ വാതിലിനും
പിറകിൽ.”

2
ആത്മകഥ

ഗ്ലോറിയ ഫ്യൂയെർറ്റെസ്, സ്​പെയിൻ (1917- 1998).

ബൂർഹോസ് കത്രീഡലിന്റെ കാൽച്ചോട്ടിലാണ്
എന്റെ അമ്മ ജനിച്ചത്.
മാട്രിഡ് കത്രീഡലിന്റെ കാൽച്ചോട്ടിലാണ്
എന്റെ അച്ഛൻ ജനിച്ചത്.
എന്റെ അമ്മയുടെ കാൽച്ചോട്ടിലാണ് ഞാൻ ജനിച്ചത്
സ്പെയിനിന്റെ ഒത്തനടുക്ക്, ഉച്ച കഴിഞ്ഞ്.

എന്റെ അച്ഛൻ ഒരു തൊഴിലാളിയായിരുന്നു,
എന്റെ അമ്മ ഒരു തുന്നൽക്കാരിയായിരുന്നു.
എനിക്ക് സർക്കസുകാർക്കൊപ്പം പോകണമെന്നായിരുന്നു
പക്ഷെ എന്താണോ ഞാൻ, ഞാനതുമാത്രവും.

കുട്ടിയായിരിക്കുമ്പോൾ
ഒരു റിഫോം സ്കൂളിലും പിന്നെ
ഒരു ഫ്രീ സ്കൂളിലും ഞാൻ പോയി.
രോഗങ്ങളുള്ള കുട്ടിയായിരുന്നു ഞാൻ
വേനൽക്കാലം മുഴുവൻ ഒരു സാനറ്റോറിയത്തിലായി.
പക്ഷെ ഇപ്പോൾ ഞാൻ കറങ്ങിനടക്കുന്നുണ്ട്.

ചുരുങ്ങിയത്, ഏഴു പ്രേമബന്ധങ്ങൾ എനിയ്ക്കുണ്ടായിരുന്നു.
കുറച്ചു ചീത്ത ഡാഡികളും,
പിന്നെ ആശ്ചര്യപ്പെടുത്തുന്ന വിശപ്പും.
ഇപ്പോൾ എന്റെ പേരിൽ രണ്ടു ചെറിയ കുറ്റങ്ങളുണ്ട്‌
പിന്നെ സമയാസമയത്തു കിട്ടുന്ന ഒരു ചുംബനവും.

3
മദ്യപാനി

കരോൾ ആൻ ഡിഫി, സ്കോട്ട്‍ലാൻഡ് (1955 -)

പെട്ടെന്നുള്ള മഴ രസകരമാണ്.
സന്ധ്യയിലാടി കളിക്കുന്നു ചന്ദ്രൻ.

എന്തൊരു ചിരി. കണ്ണിൽപെടാതെ തവളകൾ
നനഞ്ഞ പുല്ലിൽനിന്നുമുള്ള ഏമ്പക്കം.

ഇരുളാൻ തുടങ്ങുന്ന മരങ്ങളുടെ വിചിത്രഗന്ധങ്ങൾ.
വിലകുറഞ്ഞ റെഡ് വൈൻ.

ലോകം മുഴുവൻ ഒരു വായും.
എനിക്ക് ഒരു ഡബിൾ താ, ഒരു ഉമ്മ.

4
ആരംഭിച്ചതിനുപിന്നെ

ലിന്റാ ഗ്രെഗ്, അമേരിക്ക (1942- 2019).

റങ്ങാനായി പെണ്ണ് അവളുടെ ഉടലിനെ ഒരുക്കുകയാണ്.
മുടി അവൾ മുമ്പോട്ടിടുന്നു, മുടി
ഏറെക്കുറെ അവളുടെ കാൽ തന്നെ തൊടുന്നു.
ചീകിയതിനു പിന്നെ, അവൾ മുടി പിന്നോട്ട്
ചുമലിലേയ്ക്കുതന്നെ ഇടുന്നു. പിന്നെ
വെള്ളമെടുത്ത് മുഖത്ത് തളിയ്ക്കുന്നു
ഇരുപതു തവണ.
അവളുടെ ഉള്ളിൽ അവളെക്കാൾ സന്തോഷത്തോടെ
ആരോ ഉണ്ട്, അവൾ ഉറങ്ങാൻ പോകുമ്പോൾ
ഉണർന്നിരിക്കുന്നവൾ.

ഒരു കുട്ടി ഒരു പന്ത് ഉരുട്ടിവിടുന്നു
എവിടെയാണോ മരണം നിൽക്കുന്നത് അവിടേയ്ക്ക്
പിന്നെ അയാൾ പന്ത് തിരിച്ച് ഉരുട്ടുന്നതും കാത്തുനിൽക്കുന്നു.
പക്ഷെ മരണം പന്ത് തൊടുന്നതേ ഇല്ല.
മരണം കൈകൾകൊണ്ട് മുഖംപൊത്തി തിരിച്ചുനടക്കുന്നു.
കുട്ടി കളിക്കാനായി പിറകെ ഓടുന്നു.

ഒരു ഭർത്താവും കുഞ്ഞും - പെണ്ണ് ഇഷ്ടപ്പെടുന്നു.
അതേ ആശ അവളുടെ ഉടലിനുള്ളിൽ ഉരുളാൻ തുടങ്ങുന്നു.
ആണിന്റെ വീട്ടിലേക്ക് അവൾ പൂക്കൾകൂടി എടുക്കുന്നു
അവിടെ റേഡിയോയിൽ സംഗീതം ഉണ്ടാവുമെന്ന് വിചാരിക്കുന്നു.
അവളുടെ കവിളിൽ അവൻ തന്റെ കവിൾ ഉരുമ്മുന്നു,
വായകൊണ്ട് അവളുടെ നഗ്നമായ ചുമലിലും.
അവിടെ സംഗീതമൊന്നുമില്ല. അവന്റെ ഉടൽ മാത്രം
അവൾ ശ്രദ്ധിക്കുന്നു. അവന്റെ ആലിംഗനങ്ങൾക്ക് ചുറ്റും
രാത്രിയും നിശ്ശബ്ദതയും മാത്രവും.


Summary: Four poets and four women, poetry translation from English to Malayalam by Karunakaran.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം, മേതിൽ Ars Longa Vita brevis വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments