ഡോ. ഉമർ തറമേൽ

ഫ്രണ്ട്ഷിപ്പ്

വക്കോടി പുതപ്പിച്ചു കിടത്തിയിരിക്കുന്ന
ഫ്രണ്ട്ഷിപ്പിന്റെ ജഡത്തെ
സ്വാതന്ത്ര്യദിനത്തിലെ ദേശീയ പതാക -
യെന്ന പോൽ ഞാൻ സല്യൂട്ട് ചെയ്യുന്നു.

മഷി നിറയ്ക്കാൻ പറ്റാത്ത പേനയുടെ തൊട്ടടുത്ത് നിരായുധമായൊരു കടലാസ്.

വീട്ടിലാണല്ലൊ ആഘോഷം.
കുട്ടി- പേരക്കുട്ടി പരാധീനതകളോടൊപ്പം, മുഖപുസ്തകത്തിൽ പോസ്റ്റ് ചെയ്ത
ഫോട്ടോകൾ നോക്കി
ജീവന്റെ പുസ്തകം വായിച്ചു
എന്നുറപ്പു വരുത്തുന്നു.

തെരുവിൽ കോർപ്പറേറ്റ് മാർവാഡികളും
ക്രൈം ത്രില്ലർ സിനിമകളിലെ വില്ലന്മാരും ‘വികസന’മെന്ന ബ്രഹത് നിഘണ്ടുവും.

പ്രേം നസീറും എം.ജി.ആറും
ഡിറ്റക്റ്റീവിന്റെ
ഒരു തൂവൽ പോലുമവശേഷിപ്പിക്കാതെ
പിന്മാറിയിരിക്കുന്നു.

മുന്നിലേക്കായുന്ന മനുഷ്യമുഖം കാണാതിരിക്കാൻ
മാസ്‌ക്കെടുത്ത് ജലദോഷം മറച്ചുപിടിക്കുന്ന വിരുതാണ് ചരിത്രം.

എന്തൊരു ചൂട്
എന്തൊരു പൊടി
ഹിപ്പോക്രസിയെ
ഹിപ്പൊപ്പൊട്ടാമസാക്കുന്ന അൽഗൊരിതം.

വീട് മരണമാണെന്നും
ആണും പെണ്ണും ഇണചേർന്നൂടായെന്നും
ജൈവകൃഷി കലാഹരണപ്പെട്ടുവെന്നും മുദ്രാവാക്യം,
ചാവുകടലിനെ, ചാവുകടൽ എന്നുതന്നെ
പേരിട്ടുവിളിക്കണോ?

‘പോടാ മൈരേ’യെന്നു ഗർജ്ജിക്കുമ്പോൾ
മൗനമാർന്ന
മുഖഗോഷ്ടികളാൽ മാറിപ്പോകുന്ന
ഹിറ്റ്ലർക്കൊരു റെഡ് സല്യൂട്ട്.

ഒരുത്സവം തീരുമ്പോൾ
മറ്റൊന്നിലേക്ക്,
എടുത്ത സെൽഫികളിൽ മുക്കാലും
വേസ്റ്റ് ബിന്നിൽ തട്ടി
നദി നീന്തിക്കടക്കാൻ നീർനായകൾ.
എത്രമാത്രമുളുപ്പു വേണം
ഇത്തിരിനേരമൊന്നു ജീവിക്കാൻ.

കുളിപ്പിച്ചു കിടത്തിയിരിക്കുന്ന
ഫ്രണ്ട്ഷിപ്പിന്റെ ജഡത്തെ
സ്വാതന്ത്ര്യദിനത്തിലെ പാറിപ്പറക്കുന്ന
ദേശീയ പതാകയെയെന്നോണം
ഞാൻ സല്യൂട്ട് ചെയ്യുന്നു.


Summary: Friendship, Malayalam poem written by Dr Umar Tharamel published in Truecopy Webzine packet 269.


ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ, ഒരു മാപ്പിള ചെക്കന്റെ സിൽമാകൊട്ടകകൾ, ഒളിനോട്ടക്കാരന്റെ ചിത്രജാലകം, റുബാഇയ്യാത്ത്, ബദറുൽ മുനീറിന്റെ നോട്ടങ്ങൾ തുടങ്ങിയ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments