ഒന്ന്
നിലാവ് തൊട്ട
തല മേലെ
മുല്ലപ്പൂ ചൂടി മൂത്തുമ്മ
വളപ്പിലെത്തിയെന്നും
കണ്ടുപോന്നൂ
അയാളെ.
മൂത്തുമ്മയ്ക്ക്
ചെറുപ്പം
വെയ്ക്കുന്നൂ
രാത്രികളിൽ.
അസൂയാലുക്കൾ-
മേഘങ്ങൾ
മറയ്ക്കുന്നൂ
ഒളികണ്ണെറിയും
നക്ഷത്രങ്ങളെ,
മൂത്തുമ്മയെ
വിടാതെ പിന്തുടരുന്ന
ചന്ദ്രനെ.
രണ്ട്
ഒടുവിൽ,
അവന്റെ വിളി
ഞാനും കേട്ടു.
അവന്റെ വിരലുകൾ
കൊത്തിവെച്ചൂ
നക്ഷത്രങ്ങളെന്റെ
ഉടലിലും.
അവന്റെ ശ്വാസം
തെന്നലായി
വട്ടം ചുറ്റി.
ഞാൻ
അവനെ
സ്നേഹിച്ചു,
അവളെപ്പോലെ.
ഒളിച്ചുകണ്ടൂ
രാത്രികളിൽ
വളപ്പിൽ.
ചന്ദ്രനറിയാതെ
നക്ഷത്രങ്ങളറിയാതെ.
മൂന്ന്
മൂത്തുമ്മ
ഒരു ദിവസം
എന്റെ കണ്ണുകളിൽ
കണ്ടു.
ഒരിക്കൽ അവൾ
ചുമന്ന
അതേ
തീ.
അവൾ
തിന്ന
അതേ
കനൽ.
അവൾക്ക് നൊന്തു
‘അയാളിനി വരില്ലേ'
‘അയാളിനി വരില്ലേ'
മൂത്തുമ്മ രാത്രി
കിടക്കയിൽ
മുള്ളി.
‘എവിടെയാണ് നീ'
‘എവിടെയാണ് നീ'
മൂത്തുമ്മയുടെ
കണ്ണുകൾ
ചത്തു.
കാലുകളിടറി
തല വെളുത്തു
തൊലി ചുളുങ്ങി.
നാല്
പിരിയൽ
പ്രേമത്തിന്റെ
അനിവാര്യതയാണ്.
ഞാൻ
മൂത്തുമ്മയുടെ
കാ(വ)ലായി.
വളപ്പിൽ
എന്റെ ഉടൽ
കഴച്ചു.
അയാൾ
വന്നില്ല.
പ്രേമം
എന്റെ
ആത്മാവിനെ
നഗ്നനാക്കി.
എനിക്ക് നൊന്തു.
നെഞ്ചിൽ പാട്ടുമായി
ഒരു ആൺകുട്ടി
അപ്പോഴും
വളപ്പിൽ നിൽക്കുന്നു.
വേലിപ്പടർപ്പിൽ
മൂത്തുമ്മ
തൊട്ട്
ചുവപ്പിച്ച
മുള്ളുകൾ.
തൊട്ടാൽ വാടാതെ
മൂത്തുമ്മയുടെ
ചീത്ത രക്തം സിരയിലോടുന്ന
ആൺകുട്ടിയായി
ഞാൻ.
അയാൾ വരും
പ്രേമം എന്റെ കണ്ണുകെട്ടി
ഞാൻ
കെണിയിലകപ്പെട്ട
മൃഗം.
എന്റെ മുരൾച്ചയിൽ
മൂത്തുമ്മയുടെ
പാട്ട്.
അയാൾ ഇനി
ഒരിക്കലും
വരില്ല.