ഗാന്ധിയുടെ ​​​​​​​പൂച്ച

കൂടെ നടന്നു
കാലിടയിൽ
രോമക്കുളിരാലുരുമ്മുന്ന
കൺചിമ്മി ചുരുണ്ടു കൊഞ്ചി
മടിയിലിരിക്കുന്ന
പൂച്ച

എത്ര സൗമ്യമാണതിൻ
ഗർജ്ജനം

എത്ര മനുഷ്യരൂപം
പൂണ്ടതാണതിൻ വിലാപം

കുറുമ്പോടെ പിടിച്ചിട്ടും
കിടപ്പറ വരെ കൂടെപ്പോന്നിട്ടും
ചിരിപ്പായസങ്ങൾ
കട്ടുകുടിച്ചിട്ടും
ഏറുകൊണ്ടിട്ടില്ലത്
സമാധാനത്തിന്റെയിത്തിരിപ്പാൽപ്പാത്രം
തട്ടി മറിയ്ക്കും വരെ

കാലിൽ മുഖമുരസി
നിവർന്നു തോക്കെടുക്കും വരെ
ചോരപുരണ്ട ദ്രംഷ്ടകൾ
കൊലച്ചിരിയിൽ
വിടരുംവരെ
കാരിരുമ്പിൻ കഷ്ണം
ഹൃദയം തുളയ്ക്കും വരെ!
ഹേ, റാം!

Comments