ഇല്ലാത്ത ഒരു പുഴയുടെ
വഴിയിൽ
കാണാനാവാത്ത കാറ്റ്
ഊഹിയ്ക്കാൻ പറ്റാത്ത വിചാരങ്ങളെപ്പോലെ
ഒഴുകിപ്പോകുമ്പോൾ
ഉടലില്ലാത്ത മീനുകൾ മിഴി പൊത്തുമത്രെ.
വിചാരങ്ങൾക്ക്
കാറ്റിനെക്കാൾ
കെട്ടഴിച്ച് പറന്നുനടക്കുവാൻ പറ്റുമത്രെ.
കാറ്റ്
സ്വന്തം ഇഷ്ടമനുസരിച്ചാണത്രെ
എവിടെയും പോകുന്നത്
ചുറ്റും കെട്ടിനിർത്തിയ
ജലം,
കോശങ്ങൾ മുതൽ സമുദ്രം വരെ ഏതിലായാലും
അതിരുകൾ
അധികമൊന്നും പൊട്ടിയ്ക്കാതെ
നിറഞ്ഞു തുളുമ്പുമത്രെ.
എല്ലാ വിചാരങ്ങളും അതിരുകൾക്കുള്ളിലെ തടാകമാണമത്രെ
അതിരുകളുടെ ഇലാസ്തികയിൽ മാറ്റമുണ്ടോ?
കാറ്റുപോലെ
വിചാരങ്ങൾ
നമ്മളിലേയ്ക്ക് നിരുപാധികം
നിഷ്കളങ്കമായി ഒഴുകുകയാണോ
അതോ ജലം പോലെ
നമ്മളുടെ ചെറിയ ചില ഇടപെടലുകൾ ഉണ്ടോ.
കുടിയ്ക്കാൻ കിണറെന്നോ ടാപ്പെന്നോ ഗ്ലാസെന്നോ
തിളച്ച വെള്ളമെന്നോ ഒക്കെയുള്ള ഇടപെടലുകൾ.
എങ്കിലും
കാറ്റിൻ്റെയത്ര
കൃത്യത, കണിശത
വിചാരങ്ങൾക്കുണ്ടോ
അത്ര സ്വതന്ത്രമാണോ
വിചാരങ്ങളുടെ ഡൊമൈൻ
ബോധം പാത്രമാണെങ്കിൽ
വിചാരങ്ങൾ അതിലെ ജലമാണോ
ചോർച്ചയുള്ള ജലപാത്രമാണോ
കോമ.
ചായയോ ചുക്കുവെള്ളമോ ഒന്നും വേണ്ട
എന്ന് ആർക്കും പറയാം
കുറച്ചു നേരത്തേക്ക്,
ശ്വാസം വേണ്ട എന്ന്
കുറച്ചു സെക്കൻ്റുകൾ
ജലത്തിനടിയിലിരിക്കുമ്പോൾ?
വിചാരങ്ങൾക്ക്
അത്രപോലും പറ്റുമോ
തിളപ്പിച്ചാറ്റിയ വിചാരങ്ങൾ മാത്രം
എൻ്റെ
തലയിൽ വരണമെന്ന്,
ശീതീകരിച്ചത്,
ഇളം ചൂടുമാത്രമുള്ളത്,
ഒരു പാടു സുഗന്ധമുള്ള വിചാരങ്ങൾ,
പലതരം മണങ്ങളുള്ള മണ്ണിൻ്റെ വിചാരങ്ങൾ
മാത്രം, എന്ന് നിഷ്ക്കർഷിയ്ക്കാൻ പറ്റുമോ?
നിറമില്ലെങ്കിലും കാണാൻ,
കാണാൻ പറ്റില്ലെങ്കിലും തൊടാൻ,
അതൊന്നും സാധിച്ചില്ലെങ്കിലും
ഒന്നു തിരിച്ചറിയാൻ,
ഉടുപ്പെങ്കിലും,
അതിൻ്റെ പൊട്ടിപ്പോയ ഒരു നൂലെങ്കിലും,
കാത്ത്
ഞങ്ങളുടെ വിചാരങ്ങൾ
ഇരുന്നു,
ലോറി താണുപോയ
ഒരു പുഴയുടെ തീരത്ത്
അതിൻ്റെ ക്യാബിനിലിരുന്ന
വിചാരങ്ങൾ ജലകുമിളകളായി
എല്ലാ കെട്ടുകളുമഴിഞ്ഞ്
പറന്നുനടക്കുമ്പോൾ
ഒന്നു മാറിനിന്ന്
മുങ്ങുമ്പോൾ
മുകളിൽ വന്ന്
മണ്ണിലാഴുമ്പോൾ
തലയുയർത്താൻ ശ്രമിച്ച്
ശ്വാസത്തെ വിളിച്ചു കയറ്റും പോലെ
ശീതികരിച്ച മുറിയിലും
ചുട്ടുപൊള്ളുന്ന
വെയിലിലും
പർവ്വതാരോഹണത്തിലും
കിതച്ച് നിലത്തിരുന്ന്
ശ്വാസത്തെ തിരഞ്ഞെടുക്കും പോലെ.
വിചാരങ്ങൾ
ഒരു പൊതു സംഭരണിയിൽ നിന്ന്
വരുന്നതാണോ.
ഏതു വിചാരം എപ്പോൾ എടുക്കണമെന്ന്
നമുക്കു തിരഞ്ഞെടുക്കാനാവുമോ.
വിചാരങ്ങളുടെ പുഴയിൽ
തന്നിഷ്ടം എന്ന വാക്കിന് യഥാർത്ഥത്തിൽ
ഒരർത്ഥമുണ്ടോ.
അതോ തന്നത്താനെ എല്ലാം
നമ്മിലേയ്ക്ക് ഒഴുകുന്നതാണോ
ശ്വാസം പോലെ
നമ്മളറിയാതെ.
ജലവും കാറ്റും വിചാരങ്ങളും
പൊതുവാണ് എന്ന്
ഉടലില്ലാത്ത ഒരോ മീനുകളും
ഒരോ പുഴയുടെ വക്കിലും.