കത്തിത്തീർന്ന പുല്ലുകളുടെയും
കെട്ടിടങ്ങളുടെയും
കറുത്ത ശൂന്യത
വാർന്നൊഴുകിത്തീർന്ന
ചോരയുടെ ചുവപ്പ്ശൂന്യത
തുടച്ചുമാറ്റപ്പെട്ട
ജീവിതങ്ങളുടെ
വെളുത്ത ശൂന്യത
വരണ്ട ഭൂമിയിൽ
ചെറുകാറ്റ്
തേങ്ങിക്കരയുന്നു
ദുഷ്ടദൈവമേ
നീ ഒളിച്ചതെവിടെ?
2
ടെലിവിഷൻ
ഓണാക്കുമ്പോൾ
കോട്ടും സൂട്ടുമണിഞ്ഞ
വടിവൊത്ത ഹിബ്രുവും
ഇംഗ്ലീഷും മൊഴിയുന്ന
റിപ്പർമാർ
സുഗന്ധം പുരട്ടിയ
വിരലുകൾ ചൂണ്ടുന്നു
ബോംബർ വിമാനങ്ങളും
മിസൈലുകളും
സ്ഫോടനമുതിർത്ത്
ജനപദങ്ങളെ
നരകഗർത്തത്തിലാഴ്ത്തുന്നു
ചാനൽ തിരിക്കുമ്പോൾ
മലയാളം മൊഴിയുന്ന
പത്രപ്രവർത്തകരും
നാട്ടുനേതാക്കളും
അന്തിച്ചർച്ചയിൽ
അവരിൽ ചിലർ
കോമ്പല്ലു മറച്ചുവെച്ച്
റിപ്പർമാരെ വാഴ്ത്തുന്നു
3
ഗാസ,
നിനക്കായ്
ഒന്നും ചെയ്യാനാകുന്നില്ലല്ലോ
ഞാൻ കവിതയെഴുതുന്നതും
റാലിയിൽ
പങ്കെടുക്കുന്നതും
എനിക്കുവേണ്ടി
മാത്രമാകുന്നല്ലോ
ടെലിവിഷൻ ഓഫാക്കി
ഭക്ഷണത്തളികകളുടെ
മൂടി തുറക്കുമ്പോൾ
കുഞ്ഞുങ്ങളുടെ കുരുന്നുരക്തം
അതിൽ തളം കെട്ടുന്നു.
