രണ്ടു പെൺകുട്ടികൾ
മഴയിൽ നനഞ്ഞ
ശലഭങ്ങൾ പോലെ
കൈകോർത്തു
കളിക്കുന്നു.
അവരുടെ
ലോകത്തിന്റെ മുഴുവൻ സ്വപ്നങ്ങളും
ഒരു പഴകിയ പന്തിലും
കയ്യില്ലാത്ത ഒരു പാവയിലുമാകുന്നു.
അവർ ചിരിക്കുന്ന നിമിഷം,
ആകാശം കീറിമുറിച്ചൊരു തീപ്പന്ത്
അവരുടെ ചുവടുകൾക്കരികെ
വിറച്ചുവീഴുന്നു.
ഭൂമി പൊടുന്നനെ
ചിതറി തെറിക്കുന്നു.
കരിഞ്ഞ കാറ്റിന്റെ
ദുഃഖഗന്ധം.
പുകമഞ്ഞിൽ കുരുങ്ങി
പോയ പാവമൊരു പാവക്കുട്ടി
കണ്ണുനിറച്ചു പതുങ്ങുന്നു.
പൊടിപടർന്ന പന്തുമായി
അവർ വേർപെടാതെ
നിൽക്കുന്നു.
അമ്മമാരുടെ നിലവിളികൾ
ആകാശം മുട്ടുമ്പോൾ
കുട്ടികൾ കണ്ണുകളാൽ നോക്കി
“കളിക്കുന്നത് ഒരു കുറ്റമാണോ?”
എന്ന് ചോദിക്കുന്നു.
ചോദ്യം
തീർന്നുപോകുന്നു.
ഗാസയിലെ രണ്ട്
പെൺകുട്ടികളിൽ
അവരുടെ
ചോരയിറ്റുന്ന
കൈകളിൽ ഒളിപ്പിച്ച
പ്രതീക്ഷയുടെ
ഒരു വിത്തുണ്ട്.
പൊടിക്കാറ്റ് അടങ്ങിക്കഴിഞ്ഞാൽ
നേരം പിന്നെയും വെളുക്കും.
അവർ വീണ്ടും പന്ത് എറിയും
പാടങ്ങൾക്കപ്പുറം,
കയ്യിലുള്ള വിത്ത്
അവർ മുളപ്പിക്കും.
