അമ്മു വള്ളിക്കാട്ട്

ജെൻസിക്കുഞ്ഞുങ്ങൾ
എന്തു പറയുന്നു

വൈ കെ വൈ കെ
ഇഫ് യു നോ യൂ നോ
ജെൻസി കുഞ്ഞുങ്ങൾ
എന്തു പറയുന്നു?
ഏയ് സ്കിബിഡീസ് നിങ്ങൾക്ക്
അറിയാമെങ്കിൽ നിങ്ങൾക്കറിയാം
തായ്മൊഴിയിലില്ലയെങ്കിലും
തലയിലുണ്ടാവണം.

സിഗ്മാപൈതങ്ങൾ
സൈബർ മുറ്റത്ത്
തത്തിക്കളിക്കുന്ന
കൊഞ്ചിക്കൊഴിയാത്ത
പിഞ്ചോമനകൾ
സ്ക്രീനിൽ പയറ്റിയത്
വെളിയിലെടുക്കുന്നു
കോലെടുത്തവർ
തല്ലിക്കൊല്ലുന്നു
കുഞ്ഞനുറുമ്പുകൾ
ചതഞ്ഞുചാവുന്നു
അരഞ്ഞുതീരുന്നു
കുഞ്ഞരിക്കാലടിയിൽ
അൻപോടിമ്പം.

ആഹ്ലാദതുന്ദിലം
ഗ്യാട്ടിലടിക്കുന്നു
ട്വർക്കിംഗാടുന്നു
കുഞ്ഞിളം പല്ലുകളിൽ
ദംഷ്ട്രകൾ കൂർക്കുന്നു
താരാട്ടീണങ്ങൾ
തലകളറക്കുന്ന
സ്ക്വിഡ് ഗെയിം കൂട്ടർക്ക്
നഴ്സറിപ്പാട്ടുകൾ
കൊലവിളികളാകുന്നു
പൈതൽ വിരലുകളിൽ
വംശീയ ഗെയ്മുകൾ
തലകൾ തെറിക്കുന്നു
മാംസം പൊട്ടുന്നു.

ഒളിച്ചുകളിക്കുന്നു
നേരം കഴിഞ്ഞിട്ടും കണ്ടു കിട്ടാത്തവർ
സൂയിസൈഡ് ചെയ്തെന്ന്
വെള്ളത്തിൽ തപ്പുന്നു
ആർത്തു രസിക്കുന്നു
തെറ്റിപ്പിരിയുമ്പോൾ
ഓട്ടിസ്റ്റിക് കിഡ്ഡെന്ന്
പല്ലുഞെരിക്കുന്നു
വെളുക്കാത്ത മനുഷ്യരെ
കണ്ടങ്ങു ഞെട്ടുന്നു
നിഗറെന്നലറുന്നു
തരം തരം കൂട്ടുകാർ
പൊങ്ങച്ചം കാട്ടാൻ ഫ്ലെക്സ് ചെയ്യുന്നവൻ
സിംപാണത്രേ കൂടെ നടന്നവൻ
ആണിനെ വീഴ്ത്താൻ റിസ്സ് ചെയ്യുന്നവൾ
അത്രയും പെണ്ണുങ്ങൾ
ഗോൾഡ് ഡിഗ്ഗറാണത്രെ.

ഏഷ്യൻ മമ്മികൾ
തിന്നും തടിച്ചികൾ
ക്യാരന്റെ ഉപദേശം
ക്ലാപ് ബാക്ക് ചെയ്യുന്നു
ഓക്കാനം കാണിച്ചു
വായ പൊളിച്ചിട്ട്
ബ്ബ് റാ… യെന്ന് കാട്ടുന്നു
ബ്റാ … ബ്റാ ...
ഉത്തരം മുട്ടുമ്പോൾ
കൊഞ്ഞനം കുത്താതെ
കൂർപ്പിച്ച താടിയിൽ
ചെറുവിരലോട്ടുന്നു
ചൂണ്ടുവിരൽ കുത്തനെ
ചുണ്ടിൽ ചേർക്കുന്നു
മ്യുയിങ്ങാണെ, മിണ്ടാതെ പോണേ!

ഫാറ്റാസ്സ് തന്തമാർ
ഫാർട്ട് വിടുന്നവർ
പണ്ടത്തെ വമ്പുകൾ
അമ്പട ഞാനേന്ന്
ക്യാപ്പടിക്കുന്നവർ
ഉപദേശം കേട്ടിട്ട്
കൈകൊണ്ടു കാട്ടുന്നു
യാപ്പ് യാപ്പു ചെയ്യല്ലേ
നിങ്ങൾക്കറിയാമെങ്കിൽ നിങ്ങൾക്കറിയാം
ജെൻസിക്കുഞ്ഞുങ്ങൾ പലതും പറയുന്നു.


Summary: genzkunjugal enthu parayaunu malayalam poem by Ammu Vallikatt published in truecopy webzine packet 243.


അമ്മു വള്ളിക്കാട്ട്

കവി. ഒമാനിൽ സോഫ്റ്റ്‌വെയർ എൻജിനീയർ. ആദ്യകവിതാ സമാഹാരം പെൺവിക്രമാദിത്യം പേശാമടന്തയും മുലമടന്തയും. ഹൈറോഗ്ളിഫിക്സ് എന്ന ഈജിപ്റ്റ് യാത്രാവിവരണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments