ഇന്നേയോളം
ലോകംതുഴഞ്ഞ ഓരോ പെണ്ണും
അതിനെ അതിജീവിച്ചു.
നമ്മുടെയമ്മൂമ്മമാർ
സഹിഷ്ണുതയുടെ അവതാരങ്ങളായിരുന്നല്ലോ;
അഥവാ അവർക്കു
വേദനയും അസ്വസ്ഥതയും
പെരുമാറ്റത്തിലേക്ക് പകർത്തിയെഴുതാൻ
അവകാശമില്ലായിരുന്നിരിക്കാം.
ഒടുവിൽ പ്രായത്തിൻ്റെ
കൈയൊഴിഞ്ഞു കളയുന്ന
ഉടലോടെയാണെങ്കിലും
കരുത്തുറ്റ മനസ്സോടെയാകും
തൊണ്ടച്ചികളവർ ജീവിച്ചിരുന്നത്.
ഇന്നിവിടെ ഇതിനെക്കുറിച്ച്
പഠനങ്ങൾ എഴുതപ്പെടുന്നു,
പ്രസംഗങ്ങൾ ഉച്ചൈസ്തരം;
മുപ്പതാം വയസ്സിൽ തന്നെ
നാളെയുടെ നൊമ്പരങ്ങളെ
അടുത്തിരുത്തിയരുമയോടെ കേൾക്കാൻ
മനസ്സിന് മുന്നറിയിപ്പ് നൽകുന്ന
ആദിമവാക്കുകൾ മുഴങ്ങുന്നു.
ഒരു ശരീരം അതുത്പ്പാദിപ്പിക്കുന്ന
ഹോർമോണുകളുടെ
കൂടിച്ചേരലിനേക്കാൾ
മൂല്യമുള്ളതാണ്.
ഒരു സ്ത്രീ
ഋതുവൃത്തത്തിന്നർത്ഥവട്ടത്തിൽത്തന്നെ
തുടരുന്നവളായിരിക്കും.
ഗർഭധാരണത്തിനും
രഹസ്യധാരണകൾക്കുമപ്പുറം
ഒരു മാസവൃത്തം
കൈമോശം വന്നാൽ
വാക്കുകളുടെ ലയമോ മുഴക്കമോ
നഷ്ടപ്പെടുന്നില്ല,
അതുകൊണ്ട് ഒരിക്കലും
വീര്യമൊഴിഞ്ഞ പുഴുവെന്നപോലെ
പ്യൂപ്പക്കുള്ളിൽ ഒളിക്കേണ്ടതില്ല,
വിവേകമില്ലാത്ത ചിന്തകളിൽ
കുരുങ്ങേണ്ടതുമില്ല.
വിഷാദം എന്ന അതിഥി അപ്രതീക്ഷിതമായി
വാതിലിൽ തട്ടിയാലും
അത് പുതുമയല്ലല്ലോ
ഋതുകാലത്തിന്റെ
ഓരോ വരവിലും പങ്കാളിയായ
കണ്ണീരും അകാരണക്കോപവും
നമുക്കു സഹജ.
അതിനാൽ
മൂല്യം കുറഞ്ഞവളായി
തോന്നേണ്ടതില്ല.
ടാംപോൺ, സാനിറ്ററി നാപ്കിൻ
എല്ലാം ഇനി
ഉദ്യാനനടുവിൽ ചുട്ടുചാമ്പലാക്കൂ,
പ്രായത്തിൻ്റെ ചിറകുകളിൽ
ദിഗംബരനൃത്തം നിറയ്ക്കൂ,
ഒടുവിൽ
നമുക്കു മുന്നേ നടന്നു പോയ
കാക്കത്തൊള്ളായിരം പെണ്ണുങ്ങളെപ്പോലെ
നിങ്ങളും
അതിജീവനത്തിൻ്റെ
ചുവടുകളിൽ മുന്നേറൂ…

ജിയോകോണ്ട ബെല്ലി