വിശുദ്ധ തോമാസിന്റെ പേരിലുള്ള
പള്ളിയുടെ തുഞ്ചത്ത്
തിരുരൂപം നിന്നിരുന്നതിന്റെ തൊട്ടടുത്ത്
ഓസ്കാർ* ഇരുന്നു.
അവന്റെ അതേ മൂന്നു വയസ്സ് പ്രായത്തിൽ
സുന്ദരനോ വിരൂപനോ
വേണ്ടെന്നു വെച്ച്.
പിന്നെ, അവൻ അവന്റെ വിശ്രുതമായ തകരച്ചെണ്ടയിൽ താളമിടാൻ തുടങ്ങി.
ഞാൻ ഞായറാഴ്ച്ചകളെ
കവിതകൾകൊണ്ടു മറക്കുന്ന പ്രായമായിരുന്നു, ചുണ്ടിലൂറിയ ചുണ്ടുകളുടെ ഓർമ്മയിൽ
അതേ കവിതകളെ തുരത്തുകയായിരുന്നു,
എന്റെയും ഒരമ്മായിയുടെ കാലുകൾക്കിടയിൽ യുദ്ധത്തിൽ നിന്നും ഒളിച്ചോടിയ ഒരു പട്ടാളക്കാരൻ ഒളിച്ചുപാർത്ത കാലവുമായിരുന്നു അത്,
അപ്പോഴാണ് ആ ജർമ്മൻ മീശക്കാരൻ തച്ചന്റെ മറുജന്മംപോലൊരാൾ
നാസികളുടെ കാലത്തെ
കഥ പറഞ്ഞു തുടങ്ങിയത്
എനിക്ക് കോരിത്തരിച്ചു.
പക്ഷെ ഇത് മറ്റൊരു കാലം,
മറ്റൊരു നാട്
മറ്റൊരു പ്രഭാതം,
ഓർത്താൽ
വേറെ കവിജന്മവും.
വിശുദ്ധ തോമാസിന്റെ പേരിലുള്ള
പള്ളിയുടെ തുഞ്ചത്ത്
തിരുരൂപം നിന്നിരുന്നതിന്റെ തൊട്ടടുത്ത് അവൻ, ഓസ്കാർ ഇരിക്കുന്നു.
ഒരു വെള്ളപ്രാവ് മാനത്ത്
പള്ളിക്കും മുകളിൽ
ഏതോ കൊടിയടയാളംപോലെ പറക്കമവസാനിപ്പിച്ചുനിന്നു.
എന്റെയോ അവന്റെയോ രാജ്യത്തിന്റെ
ഭൂപടം പോലൊരു മേഘവും പക്ഷിക്കൊപ്പം നിന്നു.
പുലർച്ചെ ആറുമണിക്കും ഏഴുമണിക്കുമിടയിൽ ഇതേ അങ്ങാടിയിൽ വിറ്റുതീരുന്ന വെള്ളേപ്പത്തിന്റെ മണത്തിൽ കോരിത്തരിച്ചുനിൽക്കുന്ന
എന്നെ നോക്കി,
റോസ്, ഇടവകയിലെ സുന്ദരിയായ തുന്നൽക്കാരി പറഞ്ഞു:
അവന്റെ പ്രശസ്തമായ ആ മൂന്നു വയസ്സ്
അവൻ എനിക്കും സമ്മാനിയ്ക്കുമോ?
എന്നെയും അവനെപ്പോലെ വിശുദ്ധ പുണ്യാളന്റെ ഇഷ്ടക്കാരിയാക്കുമോ?
ജീവിതം കനിയായ് മണത്ത
സുന്ദരിയായ റോസിനെ നോക്കി, ഞാൻ ലോകത്തെപ്പറ്റി പറയാൻ ആഗ്രഹിച്ചു.
പച്ചിലപ്പാമ്പിന്റെ നെറുകിൽ
സ്വപ്നം കണ്ടുറങ്ങുന്ന
സ്വർണ്ണക്കരടിയെ കുറിച്ച്,
ഒരിക്കൽ കൽക്കത്തയിലെ മാന്ത്രികൻ
എന്നോട് പറഞ്ഞതോർത്തു.
പക്ഷേ, അതിനും മുമ്പ്
സുന്ദരിയായ തുന്നൽക്കാരി
തിരുരൂപത്തെ നോക്കി കണ്ണുകളടച്ച്
പ്രാർത്ഥിക്കാൻ തുടങ്ങിയിരുന്നു.
തനിക്കോ ലോകത്തിനോ വേണ്ടി.
ആ മൂന്നു വയസ്സുകാരനു വേണ്ടി.
അവന്റെ തകരച്ചെണ്ടക്കുവേണ്ടി.
(* ഗുന്തർ ഗ്രാസ്സിന്റെ Tin Drum എന്ന നോവലിലെ മൂന്നു വയസ്സുള്ള നായകൻ)