വടക്കു കിഴക്കൻ ഡൽഹിയിൽനിന്നുള്ള ആക്റ്റിവിസ്റ്റായ ഗുൽഫിഷ ഫാത്തിമ വർത്തമാന ഇന്ത്യയിലെ ചെറുത്തുനിൽപ്പിന്റെ നേർചിത്രമാണ്. സി.എ.എ, എൻ.ആർ.സി വിരുദ്ധ സമരങ്ങൾക്ക് നേതൃത്വം കൊടുത്തതിന്റെ പേരിൽ, ഗൂഢാലോചനക്കുറ്റം ചുമത്തി അവരെ ജയിലിലടച്ചിട്ട് അഞ്ചുവർഷം തികഞ്ഞു. വിചാരണയില്ലാതെ തടവിൽ കഴിഞ്ഞ ഇക്കാലത്ത് അവർ എഴുതിയ വരികളെല്ലാം ശക്തമായിരുന്നു. വേദനയും പ്രതീക്ഷയും ഒപ്പം അടങ്ങാത്ത വീര്യവും കലർന്ന വരികൾ വർത്തമാന ഇന്ത്യയോടാണ് സംവദിക്കുന്നത്. അധികാര ദുർവിനിയോഗം നടത്തുന്ന ഭരണകൂടത്തോടുള്ള കലഹം തന്നെയാണത്.
▮
1. തടവറയിലെ മഴ
ഇന്നലെ പാതിരാത്രിക്ക്,
തടവറ വാതിലിലൊരു മുട്ടു കേട്ടു.
നിരപരാധിയായ ഇളംകാറ്റിന്റെ,
പ്രിയപ്പെട്ടവരുടെ കരച്ചിലിന്റെ.
മിന്നൽപ്പിണരുപോലും
നമ്മുടെ മോചനത്തിനായി
ആർത്തുവിളിക്കുന്നുണ്ടായിരുന്നു.
മരച്ചില്ലകൾ
ദുഃഖത്താൽ ചേർന്നിരിക്കുകയായിരുന്നു.
തോറ്റുപോയപ്പോൾ,
നിയന്ത്രണം വിട്ട
മഴയുടെ നേർത്ത തുള്ളികൾ
വർഷിച്ച് തുടങ്ങി.
മണ്ണുമായി കലഹിച്ചുതുടങ്ങി.
മഴയുടെ താളമൊരു
പ്രതിഷേധസ്വരമായി മാറി.
പക്ഷേ,
ബധിരത ബാധിച്ച പാമ്പുകൾ
ആടിക്കൊണ്ടേയിരുന്നു,
വിഷലിപ്തമായ
പത്തി വിടർത്തിക്കൊണ്ട്,
കെണിവല വിരിച്ചുവെച്ച്.
അടിച്ചമർത്തപ്പെട്ടവർ,
ആ ഇരുട്ടുവീണ രാത്രിയിൽ
കൈകൾ ഉയർത്തി
അങ്ങനെത്തന്നെ നിന്നു.
▮
2. ചുവരുകൾ
എനിക്കു ചുറ്റുമുള്ള ചുവരുകൾ,
ഈ നാല് ചുവരുകൾ
കാലങ്ങളായി നിശ്ശബ്ദമാണ്.
അവയുടെ തലയിൽ
പ്രക്ഷോഭങ്ങൾ,
കൊടുങ്കാറ്റുകൾ,
കത്തുന്ന സൂര്യൻ
എന്നിവയുടെ ഭാരമുണ്ട്.
അവയെന്തു കൊണ്ടായിരിക്കും
ഒന്നും മിണ്ടാത്തത്?
അല്ല,
ചിലപ്പോഴവ സംസാരിക്കാറുണ്ട്.
അവ വിണ്ടുകീറുമ്പോൾ,
മണലും പൊടിയും അടർന്നുവീഴുമ്പോൾ.
പക്ഷേ,
ഉടമസ്ഥൻ അതിനനുവദിക്കില്ല.
അപ്പോഴെല്ലാം,
അവയെ തേച്ചുമിനുക്കി
വായ അടച്ചു കെട്ടും.
എങ്കിലും
ഒരിക്കലവ ഭാരം താങ്ങാനാകാതെ
തകർന്നുവീഴും.
അവയുടെ സ്ഥാനത്ത്,
നിശ്ശബ്ദമായ ചുവരുകൾ സ്ഥാപിക്കപ്പെടും.
▮
3. പ്രിയനേ...
പ്രിയനേ,
നിനക്കായി എന്റെയുള്ളിൽ
രണ്ട് ഹൃദയങ്ങൾ തുടിക്കുന്നുണ്ട്.
അതിലൊന്നു പറയും:
"ശിഷ്ടകാലം ഇങ്ങനെ തീർക്കാൻ
തയ്യാറാണെങ്കിൽ മാത്രം..."
മറ്റേതിനത് സഹിക്കില്ല,
ബലഹീനമായ ഒരു നിമിഷം പോലും.
അതിലൊന്നെപ്പോഴും അസ്വസ്ഥമാണ്,
നിന്റെയൊരു സ്പർശത്തിനായി.
മറ്റൊന്നാകട്ടെ,
നിന്നെയൊന്ന് കാണാൻ പോലും
സമ്മതിക്കുന്നില്ല.
അതിലൊന്ന് സ്വതന്ത്രയാണ്,
സങ്കല്പങ്ങളുടെ തടവറയിൽ.
മറ്റൊന്ന്,
നിന്റെ ഓർമ്മകളെ മുഴുവൻ
താഴിട്ട് പൂട്ടിയിട്ടിരിക്കുകയാണ്.
നീയൊരു ഉപകാരം ചെയ്യണം.
ഈ യുദ്ധമൊന്ന് അവസാനിപ്പിച്ചുതരണം.
ഒരു ഹൃദയം നീ കൊണ്ടുപോകണം.
▮
4. ഫൈസ്
ഫൈസ്,
നിനക്കറിയുമോ,
നിന്റെയും എന്റെയും
കാത്തിരിപ്പുകൾക്കിടയിലെ
അകലമെത്രയാണെന്ന്?
അതൊരു നിർണ്ണിത സമയമാണ്,
"ഏതാനും ദിവസം കൂടി..."
നിനക്കറിയുമോ,
ഇളംകാറ്റിനെപ്പോലെ
ഇപ്പോൾ മഴമുകിലുകൾക്കും
ഒന്നും പറയാനില്ല.
ഞാനവയോട് ചോദിക്കാറുണ്ട്:
"എത്രകാലം ഇങ്ങനെ,
ഇനിയും എത്ര കാലം?"
▮
5. മറവി
ഹിസ്റ്ററി പരീക്ഷക്ക്,
എല്ലാം ഓർമ്മയുണ്ടാകും.
വർഷങ്ങൾ മാത്രം മറന്നുപോകും.
ഇന്ന്,
എല്ലാം മറന്നുപോയി.
വർഷങ്ങൾ മാത്രം ഓർമ്മയുണ്ട്.
