1
അമർത്യനും അരചനും
അപാരനും അതിശക്തിമാനും
അരുളായവനും അളവറ്റവനും
അലിവുള്ളവനും അവനാകുന്നു
2
കാരുണ്യവാനും ക്ഷമിപ്പോനും
കാന്തിമാനും കൊടുപ്പോനും
കാത്തുകൊൾവോനും
കാട്ടിത്തരുവോനും അവനാകുന്നു
3
അനുപമനും അരൂപിയും
അതീതനും അദ്വിതീയനും
അജ്ഞാതനും ആനന്ദപ്രദനും
അരചർക്കരചനും അവനാകുന്നു
4
അടിയന്തരങ്ങളും ആരവങ്ങളുമില്ലാതെ
അടരാടാൻ ആണ്ടികളില്ലാതെ
അറുതിയില്ലാത്ത ഉത്സവങ്ങളെ
അരുളുന്നവനും അവനാകുന്നു
5
സകലാതീതനും സുശക്തനും
സകലാവിഷ്‌കാരകർത്താവും
സമ്മാനങ്ങളെ തരുവോനും
സമ്മാനാന്തർഗതനും അവനാകുന്നു
6
പരിശുദ്ധനും പരമശക്തനും
പരിരക്ഷകങ്ങളായ കരങ്ങളും
പരപ്പിലെങ്ങും കൊടുപ്പോനും
പരമകാരുണികനും അവനാകുന്നു
7
മഹത്തുക്കളിൽ മഹാത്മാവും
മഹാനായ ഗുരുദേവനും
മനോഹരനും പരിപാലകനും
മഹാകാരുണികനും അവനാകുന്നു
8
അറിവുള്ളവരിൽ അറിവുള്ളവനും
അമർത്തുന്നവരെ അമർത്തുന്നവനും
അടിഞ്ഞവർക്ക് അത്താണിയും
അനാഥരുടെ രക്ഷകനും അവനാകുന്നു
9
പാതകളുടെ പാലകനും
പാവനമായ നാമധേയവും
പാവനഗ്രന്ഥങ്ങളുടെ മുഴക്കവും
പാവകമായ സത്യവും അവനാകുന്നു
10
അറിവിന്റെ മുന്നണിയും
അറിവായതെല്ലാം അറിഞ്ഞവനും
അറിവിന്റെ ദൈവവും
അവതീർണ്ണമായതെന്തും അവനാകുന്നു
11
ആവിഷ്‌കാരങ്ങളുടെ മഹാപ്രഭുവും
ആയതേതും അറിഞ്ഞ ആചാര്യനും
ആണ്ടവലോകങ്ങൾക്കധിപതിയും
ആകുലതകളെ ഹരിപ്പോനും അവനാകുന്നു
12
സർവ്വശക്തനും
സർവ്വാധിപനും
സർവ്വതും അറിഞ്ഞവനും
സർവ്വാചാര്യനും അവനാകുന്നു
13
ദൈവം ഏകമാണെന്ന
നിന്റെ പ്രതിജ്ഞയിലും
നിന്റെ സാക്ഷ്യത്തിലും
എനിക്ക് വിശ്വാസമില്ല
14
എനിക്ക് നിന്നെക്കുറിച്ച്
ഒരു പൊടിക്ക് പോലും നമ്പിക്കയില്ല
നിന്റെ സേനാനായകരും മന്ത്രിമാരും
കാപട്യക്കാരായ അസത്യവാക്കുകളാവുന്നു
15
നീ പരിശുദ്ധനിയമം തൊട്ടുചെയ്ത
സത്യപ്രതിജ്ഞകൾ വിശ്വസിക്കുന്നവർ
ഒടുക്കം തുലഞ്ഞുപോവും
തിരിച്ചുകൊള്ളാത്ത മട്ട് നശിച്ചുപോവും
16
ഹൂമാപ്പക്ഷിയുടെ ചിറകുകൾക്കടിയിലെ
ശുഭദായകമായ നിഴൽപ്രദേശമണഞ്ഞവർ
ബുദ്ധിശാലികളായ കാക്കകൾ കൂട്ടും
വഞ്ചനകളിൽ പെട്ടുഴന്നുപോവുകയില്ല
17
സിംഹരാജാവിനാൽ പരിരക്ഷിക്കപ്പെടുന്നവർ
ഇതരഭയങ്ങളിൽ നിന്നും മുക്തരാവുന്നു
ആടുകളൊ മാടുകളൊ മാനുകളൊ
അവയെ പരിക്കേൽപ്പിക്കുന്നില്ല
18
നീ പരിശുദ്ധനിയമം തൊട്ട് ചെയ്ത
സത്യപ്രതിജ്ഞകൾ ഞാൻ വിശ്വസിച്ചിട്ടില്ല
സുധീരമായ എന്റെ സൈന്യം അഴിയുന്നില്ല
ഒരു മാതിരിയിലും അവർ വഞ്ചിതരാവുന്നില്ല
19
വീരരെങ്കിലും എണ്ണമറ്റ ശത്രുക്കൾ
പൊടുന്നനെ കടന്നാക്രമിക്കുമ്പോൾ
വിശന്നുവലഞ്ഞ ആ നാല്പതുപേർ എങ്ങനെ
പ്രതിരോധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
20
എന്നാലസത്യവാക്കുകൾ പറഞ്ഞും
വെടി പൊട്ടിച്ചും ശരമാരി ചൊരിഞ്ഞും
വാളുകളുടെ അലകളുയർത്തിയും
ശത്രുക്കളവരെ പൊടുന്നനെ കടന്നാക്രമിച്ചു
21
മറ്റൊരു വഴിയേതും കാണാതെ
ഞാൻ നിന്റെ പടയോടെതിർകൊണ്ടു
അമ്പുകൾക്കും വാളുകൾക്കും മദ്ധ്യേ
ബോധപൂർവ്വം വന്നുനിന്നു
22
ഏതുമേതും ശ്രമിച്ചിട്ടും
നീതി കാണാതെ പോവുമ്പൊൾ
വാളെടുക്കുന്നതും പോരാടുന്നതും
ഒരു അവകാശമാകുന്നു
23
പരിശുദ്ധനിയമം തൊട്ട സത്യപ്രതിജ്ഞകൾ
ഇനിയുമെന്തിനു വിശ്വസിക്കണം
വഞ്ചിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ
ഞാൻ ഈ വഴി പോവേണ്ടിവരുമായിരുന്നൊ
24
എനിക്കീ മനുഷ്യന്റെ കപടബുദ്ധിയെ പറ്റി
ഏതൊരു അറിവുമില്ലായിരുന്നു
അഥവാ ഞാൻ വിശ്വസിക്കുമായിരുന്നില്ല
ഞാൻ ഈ വഴി പോവേണ്ടിവരുമായിരുന്നില്ല
25
പരിശുദ്ധനിയമം തൊട്ട സത്യപ്രതിജ്ഞകൾ
ആശ്രയിച്ച വിശ്വസ്തനായൊരു വ്യക്തിയെയും
ദ്രോഹിക്കയൊ കൊല്ലുകയൊ പിടികൂടുകയൊ
വഞ്ചിക്കയൊ പാടില്ലാത്തതാകുന്നു
26
കറുത്ത ചട്ടയണിഞ്ഞ നിന്റെ പടയാളികൾ
ഞങ്ങളെ ഈച്ചകളെന്നപോലെ പൊതിഞ്ഞു
പൊടുന്നനെയവർ കടന്നാക്രമിച്ചു
പടനിലങ്ങളവരുടെ നിലവിളികളെ പ്രതിദ്ധ്വനിപ്പിച്ചു
27
സുരക്ഷാമതിലിനിപ്പുറം കടന്ന
നിന്റെ പടയാളികളൊക്കെയും
ഹൃദയഭേദകങ്ങളായ ശരങ്ങളേറ്റുവാങ്ങി
രക്തമൊഴുക്കിക്കൊണ്ടവർ വീണുപോയി
28
സുരക്ഷാമതിലിനപ്പുറം നിന്നവർ
സംഘർഷമുക്തരായിരുന്നു
അവർക്ക് അമ്പ് കൊണ്ടതേയില്ല
അവരവരുടെ പ്രിയപ്പെട്ട ജീവനുകളുമേന്തിനിന്നു
29
പ്രതാപശാലിയായ നഹറിനെ ഞാൻ
യുദ്ധഭൂമിയിൽ ക്ഷോഭിച്ച നിലയിൽ കണ്ടു
ഉടനടിയെന്റെ അമ്പിന്റെ രുചിയറിഞ്ഞ
അവൻ ജീവൻ വെടിഞ്ഞുപോയ്
30
കുപിതരായ അനേകം ഖാൻസാഹിബുമാർ
അഭിമാനികളായ് തീർന്ന് നീളെ ഒച്ചയിട്ടിരുന്നു
ഒടുവിലവർ മൂടുപടങ്ങളുടെ നിഴൽമറവുകളിൽ
പടക്കളത്തെ ഉപേക്ഷിച്ച് മണ്ടിക്കളഞ്ഞു
31
മറ്റൊരു അഫ്ഗാനിക്കൂട്ടം
പ്രളയകാലത്തെ നദിപോലെ
പൊന്തിയുയർന്നതായ് കണ്ടു
വെടി പൊട്ടി ശരം ചീറി
32
അഫ്ഗാനികൾ ഇടംവലം
കഠിനമായ് പൊരുതി
ബുദ്ധിപരമായിരുന്നു നീക്കങ്ങൾ
എങ്കിലും ചിലനേരം പാളി
33
പലതവണയവർ കടന്നാക്രമിച്ചു
മുറിവുകൾ കൊണ്ട് നൊന്തു
അതിലൊരുവൻ എന്റെ രണ്ട് പേരെ വധിച്ചു
പിന്നെയവനും കൊല്ലപ്പെട്ടുപോയി
34
പേടി പൂണ്ട നിന്റെ ഖ്വാജാ നായകൻ പക്ഷേ
സുരക്ഷാമതിലിനപ്പുറം ഒളിച്ചിരുന്നു
പൗരുഷം കാട്ടിപ്പോരാടിയില്ലെന്നല്ല
പടക്കളത്തിലേക്കൊന്നെത്തിനോക്കിയതുകൂടിയില്ല
35
ഒടുവിലാ ഭീരു പുറത്ത് ചാടി
ഞാൻ ആ മുഖമൊന്നുകണ്ടു
തൽക്ഷണം ഒരു ശരം കൊണ്ടവന്റെ
ദൈനംദിനങ്ങളുടെ പരിസമാപ്തി ഉറപ്പാക്കി
36
ചീറും വെടികളും ശരങ്ങളും
പിന്നെ ധാരാളമായ് ഒഴുകിയ ചോരയും
അവസാനനിമിഷം യുദ്ധഭൂമിയിൽ
ഇരുവശങ്ങളിലായ് പലർ മരിച്ചുകിടന്നു
37
ചീറും വെടികളും ശരങ്ങളും
ധാരാളം ആളുകൾ മരിച്ചുകിടന്നു
ഒരു ഉമ്മത്തിൻപൂ പോലെ ഭൂമി
സ്വന്തം നിലയ്‌ക്കെ ചുവന്നു
38
കൊയ്ത തലകളും മുറിച്ച സന്ധികളും
കളിക്കളത്തിലെ
വടികളും പന്തുകളുമെന്നപോലെ
കുന്നു കൂടിയ പടക്കളം
39
ഞാണൊലികൾ ശ്രദ്ധയാകർഷിച്ചു
ശരസീൽക്കാരങ്ങൾ ഭയപ്പെടുത്തി
ചകിതമായ പ്രപഞ്ചത്തിൽ നിന്നും
ഒരുവേളയൊരു നിലവിളി ഉയർന്നുകേട്ടു
40
ശരസീൽക്കാരങ്ങളിൽ മരണം പെയ്തു
ഓരോന്നും അതിവേഗം ലക്ഷ്യം തുളച്ചു
ധീരരിൽ ധീരരായ നിന്റെ പടയാളികളെ
മരിച്ചവരുടെ കണക്കിൽ കണ്ടെടുത്തു
41
ധീരോദാത്തരെങ്കിലും
നിർത്താതെ അലയടിച്ചുപൊന്തുന്ന
എണ്ണമറ്റ പടയണികളെ പ്രതിരോധിക്കാൻ
വെറും നാല്പത് പേർ മാത്രമുള്ളപ്പൊൾ എത്രനേരം സാധിക്കും
42
പ്രപഞ്ചത്തിന്റെ പ്രകാശം
തന്റെ മുഖാവരണം അണിയുമ്പൊൾ
രാത്രികളുടെ ചക്രവർത്തി
ലാവണ്യവാനായ് കൃപാമയനായ് എഴുന്നള്ളുന്നു
43
പരിശുദ്ധനിയമം തൊട്ട സത്യപ്രതിജ്ഞകൾ
വിശ്വസിക്കുന്ന ഏതൊരുവനും
ഏതൊരു ആപത്തുമില്ല
മഹാപ്രഭു അവനെ വഴിനടത്തുന്നു
44
മഹാപ്രഭു വഴിനടത്തുകയാലും
തന്റെ കൃപാവരം കൊണ്ട് അനുഗ്രഹിക്കയാലും
ചതിയന്മാരുടെ ആശ്ലേഷങ്ങളിൽനിന്നും
മുറിവ് പെടാതെ ആപത്തൊഴിഞ്ഞ് അവൻ പുറത്തുപോരുന്നു
45
ഈ വഞ്ചകൻ പക്ഷേ ഈശ്വരനെയല്ല
തങ്കകട്ടികളെയത്രെ വിശ്വസിക്കുന്നതെന്ന് ഞാനറിഞ്ഞിരുന്നില്ല
അവൻ തന്റെ വിശ്വാസത്തെ ആട്ടിക്കളഞ്ഞു
അവന്റെ പുഴുത്ത ആത്മാവിനെ വിറ്റുകളഞ്ഞു
46
ആത്മീയതയിൽ അവനൊരു വിശ്വാസവുമില്ല
ദൈവവിചാരത്തെ അവൻ തള്ളിക്കളഞ്ഞിരിക്കുന്നു
ദൈവത്തെ തന്നെ അവൻ അവഗണിച്ചിരിക്കുന്നു
അവൻ പ്രവാചകനെയും പരിഗണിക്കുന്നില്ല
47
വിശ്വാസത്തിൽ ദൃഢതയുള്ളവർ
ദൈവത്തെ വിശ്വസിക്കുന്നവർ
സത്യപ്രതിജ്ഞകൾ ലംഘിക്കുകയില്ല
പറഞ്ഞതിൽ നിന്നും അറ്റുപോവുകയില്ല
48
പരിശുദ്ധനിയമത്തിലും ഏകദൈവത്തിലും
സത്യപ്രതിജ്ഞ കൊണ്ട ശേഷം
വചനത്തെ ധിക്കരിക്കയും
വഞ്ചനയെ സ്വീകരിക്കയും ചെയ്യുന്നവനെ ഇനിയെമ്പാടും വിശ്വസിക്കാനാവില്ല
49
ഇനിയുമൊരു നൂറ് തവണ കൂടി
പരിശുദ്ധനിയമം തൊട്ട് സത്യം ചെയ്താലും
അവന്റെ വാക്ക് ഞാനെടുക്കില്ല
അവന്റെ സത്യപ്രതിജ്ഞകളെ പരിഗണിക്കില്ല
50
ഞാൻ നിന്റെ സത്യപ്രതിജ്ഞകളെയും
ആണയിടലുകളെയും വിശ്വസിച്ചിരുന്നെങ്കിൽ
നിന്റെ സന്ദേശത്തെ അഭിവാദ്യം ചെയ്ത് കൊള്ളാൻ
നേർക്ക് നേർ ഒരടിയന്തരത്തൊടെ എഴുന്നള്ളുമായിരുന്നല്ലൊ
51
നീ സത്യപ്രതിജ്ഞ ചെയ്തകൊണ്ട്
ഇനിയിത് നിന്റെ കർത്തവ്യമാകുന്നു
നീ നിന്റെ ദൈവത്തോട് ആണയിട്ടതെന്തും
പരിരക്ഷിക്കേണ്ടത് നിന്റെ കടമയാകുന്നു
52
തിരുമനസ് കൊണ്ട് ഇവിടേക്ക്
എഴുന്നള്ളിയിരുന്നെങ്കിൽ
നിഗൂഢമായിരിപ്പതൊക്കെയും
സുതാര്യമായ് മാറിപ്പോയെനെ
53
ഇനിയെന്ത് ചെയ്യണമെന്ന്
തീരുമാനിക്കേണ്ടത് നീയാണ്
നിന്റെ തീരുമാനം നിന്റെ തിരുവെഴുത്തിനെ
അടിസ്ഥാനപ്പെടുത്തിയായിരിക്കണം
54
നീ പറഞ്ഞത് ഞാനറിഞ്ഞു
എഴുതിയച്ചവ എന്റെ സൂക്ഷിപ്പിലുണ്ട്
തൃപ്തി വന്നു ഭവിക്കണമെങ്കിൽ
ഈ കർത്തവ്യം പൂർത്തീകരിക്കയാണ് വേണ്ടത്
55
മനുഷ്യർ സത്യവാക്കുകളായിരിക്കണം
അവരുടെ ചിന്തകളിൽ സത്യമുണ്ടായിരിക്കണം
ചുണ്ടുകളിലൊരു സത്യപ്രതിജ്ഞയും
ഹൃദയത്തിലൊരു വഞ്ചനയുമായ് ജീവിക്കരുത്
56
നിന്റെ ഖാസി പറഞ്ഞവയോട്
ഉടമ്പടിയാവാൻ ഞാനൊരുക്കമാണ്
നിന്റെ താൽപര്യങ്ങൾ സുതാര്യമെങ്കിൽ
നീയെന്നിലേക്കെത്തിച്ചേരുകയാവും
57
പരിശുദ്ധനിയമം തൊട്ട സത്യപ്രതിജ്ഞ
വീണ്ടും ഒരിക്കൽ കൂടി വായിക്കണമെങ്കിൽ
പുനരവലോകനം ചെയ്യണമെങ്കിൽ
ഞാനത് കൊടുത്തയക്കാനും തയാറാണ്
58
കങ്കാർ ഗ്രാമത്തിലേക്ക്
എഴുന്നള്ളി മുഖാമുഖം കണ്ട്
വാക്കും പ്രവൃത്തിയും
ചർച്ച ചെയ്യാവുന്നതാണ്
59
നിനക്കിവിടെ ആപത്തില്ല
ഒരുത്തനും കൈയുയർത്തില്ല
ബൈറാറുകളൊക്കെയും
എന്റെ അജ്ഞാനുവർത്തികളാകുന്നു
60
വരൂ നമുക്ക് കണ്ടുമുട്ടാം
മുഖാമുഖം സംസാരിക്കാം
ഞാൻ നിന്നൊട് പൊറുത്ത്
എന്റെ കൃപാവരം കൊണ്ട് അനുഗ്രഹിക്കാം
61
എനിക്കൊരു നല്ല കുതിരയെ സമ്മാനിക്കൂ
അത് ആയിരത്തിലൊന്നെ കാണാവൂ
സസ്‌നേഹം ആവശ്യപ്പെടുകയാണെങ്കിൽ
ഈ നാട് പോലും ഞാൻ പകരം തന്നേക്കാം
62
രാജാക്കന്മാരുടെ രാജാക്കന്മാർക്കിടയിൽ
ഞാനൊരു പാവം തെമ്മാടി
പക്ഷേ അവിടുത്തെ ഉത്തരവുണ്ടായാൽ
ഞാനൊരു അടിമയെ പോലെ വിധേയനായിരിക്കും
63
അവിടുന്നൊരു സന്ദേശം അയച്ചെന്നിരിക്കട്ടെ
ശരീരം കൊണ്ടും മനസ് കൊണ്ടും
ഞാനവിടുത്തെ മുന്നിൽ
വണങ്ങിനിന്നുകൊള്ളും
64
നീയൊരു വിശ്വാസിയായി തീർന്നാൽ
സത്യത്തിന്റെ വഴിയെ വന്നാൽ
പിന്നെ നീ കാത്തിരിക്കേണ്ടതില്ല
നമുക്കിടയിലെ പ്രശ്‌നങ്ങൾ അതോടെ പരിഹരിക്കപ്പെടും
65
സഹനം കൊണ്ടൊ പീഢനം കൊണ്ടൊ അല്ല
കേവലവചനത്തിലൂടെ
സത്യപ്രഭാവനായ മഹാപ്രഭുവിനെ അറിയുക
സത്യത്തെ സാക്ഷാത്കരിക്കുക
66
നീ മഹത്തായൊരു സിംഹാസനത്തിലിരിക്കുന്നു
നീ നിന്റെ ജനപഥങ്ങളുടെ അധികാരിയായിരിക്കുന്നു
പക്ഷേ നിന്റെ നീതിബോധം വിചിത്രമായിരിക്കുന്നു
നിന്റെ മൂല്യബോധം വിചിത്രമായിരിക്കുന്നു
67
നിന്റെ വിശ്വാസങ്ങൾ വിചിത്രമായിരിക്കുന്നു
നിന്റെ ന്യായപ്രമാണങ്ങൾ വിചിത്രമായിരിക്കുന്നു
നിന്റെ ഭരണം വെറും എരണംകെട്ടതായിരിക്കുന്നു
ഒരുനൂറ് തവണ എരണംകെട്ടതായിരിക്കുന്നു
68
നിന്റെ വിളബരങ്ങളും വിജ്ഞാപനങ്ങളും
വിചിത്രമായിരിക്കുന്നു വളരെ വിചിത്രമായിരിക്കുന്നു
സത്യലംഘകരുടെ പദപ്രയോഗങ്ങൾ
ഗൗരവതരമായ പ്രത്യാഘാതങ്ങളെ ആവാഹിക്കുന്നു
69
എന്തൊരു ഹൃദയശൂന്യതയൊടെയാണ് നീ
നിഷ്‌കളങ്കരായ മനുഷ്യരെ വാളിനിരയാക്കുന്നത്
ഒടുവിൽ മഹാപ്രഭുവിന്റെ സവിധത്തിൽ
നിന്റെ വിധിയും മറ്റൊന്നായിരിക്കില്ല
70
ദൈവഭയമുള്ളവനേ
സ്തുതിയ്ക്കും സ്ഥിതിയ്ക്കും
അതീതനായ് വർത്തിക്കുന്ന
ആ മഹാപ്രഭുവിനെ അനുസരിക്കുക
71
രാജരാജേശ്വരനും
സത്യസ്വരൂപനും അഭയകേന്ദ്രവും
സ്വർഗ്ഗഭൂമികളുടെ അധിപതിയും
സൃഷ്ടിയുടെ ആചാര്യനും അവനാകുന്നു
72
പരമഗുരുവും
സൃഷ്ടിയുടെ ഉറവിടവും
ജീവജാലങ്ങളുടെ നിർമ്മാതാവും
സ്വർഗ്ഗഭൂമികളുടെ രചയിതാവും അവനാകുന്നു
73
ആനയെക്കാൾ കരുത്തനും എറുമ്പിനെക്കാൾ അശക്തനും
ജീവജാലങ്ങളുടെ നിർമ്മാതാവും
അശ്രദ്ധാലുക്കളുടെ ശത്രുവും
പതിതരുടെ പാലകനും അവനാകുന്നു
74
പതിതരുടെ പാലകനും
തിരുനാമം കൊണ്ട് പ്രശസ്തനും
കീർത്തിയെ കടന്നവനും
ആർത്തികൾക്ക് അതീതനും അവനാകുന്നു
75
വണക്കമില്ലാത്തവനും ഉദാത്തനും
അനുപമനും വഴികാട്ടിയും
മഹാഗുരുവും
ഏകനും അവനാകുന്നു
76
നിന്റെ സത്യപ്രതിജ്ഞയുടെ മഹാഭാരം
നിന്റെ തലയിലിരിക്കുന്നു
നീ ശരിയായത് ചെയ്‌തെ കഴിയൂ
നീ നിന്റെ സത്യപ്രതിജ്ഞ നിറവേറ്റിയെ മതിയാവൂ
77
അറിവും ബോധവും കൊണ്ട്
പ്രവർത്തനനിരതനാകുവാൻ നീ ബാധ്യസ്ഥനാണ്
കരങ്ങളെ കർമ്മനിരതങ്ങളാക്കുക
സകൗശലം കാര്യം കഴിക്കുക
78
നീയെന്റെ നാല് മക്കളെ കൊന്നു
അതുകൊണ്ടെന്ത് മാറ്റമുണ്ടായി
ചുറ്റിപ്പിണഞ്ഞൊരു സർപ്പത്തിന് പിന്നിലായ്
അവരുടെ മരണാനന്തരകാലം അവശേഷിക്കുന്നു
79
ഇതെന്ത് തരം പൗരുഷമാണ്
പുതുനാളങ്ങളെ പിഴുതെറിഞ്ഞ്
തീയിന് വിശറി വീശുന്നത്
എന്ത് തരം ധീരതയാണ്
80
മഹാകവി ഫിർദൗസിയത്
മനോഹരമായ് പറഞ്ഞിരിക്കുന്നു
അവിശുദ്ധമായ് തിടുക്കപ്പെടുന്നവർ
ഷൈത്താനുവേണ്ടി പണിയെടുക്കുന്നു
81
തിരുമനസിന്റെ കോടതിയിൽ
ഹാജരാവുന്ന നാൾ
നിന്റെ കരങ്ങളിലെ ചോരയ്ക്ക്
ഞാൻ സാക്ഷ്യം പറയും
82
നിന്റെ കാപട്യത്തെയും കള്ളത്തരത്തെയും
ഒരു പുനരവലോകനത്തിന് വിധേയമാക്കിയില്ലെങ്കിൽ
ദൈവവും കൂടി നിന്നെ മറന്നുകളഞ്ഞേക്കും
അവിടുത്തെ മുന്നിൽ നീ വെറുമൊരു കുറ്റവാളിയായിരിക്കും
83
മറിച്ച് നീ നീതിബോധത്തോട് കൂടി
കാര്യനിർവ്വഹണത്തിന് ഇറങ്ങുന്ന പക്ഷം
കൃപാവരം കൊണ്ടവൻ ക്ഷമിക്കയും
നിന്റെ മേൽ ദയ ചൊരിയുകയും ചെയ്യും
84
സത്യത്തിന്റെ സാധന ആരാധനയാകുന്നു
കർമ്മകാണ്ഡങ്ങൾ ഭക്തിയാകുന്നു
ജീവിതത്തിന്റെ പരമസാക്ഷാത്കാരം
സത്യദൈവവിശ്വാസമാകുന്നു
85
ദൈവത്തെ അറിഞ്ഞവർക്കൊപ്പം
ഞാൻ നിന്നെ കണക്കാക്കുകയില്ല
കാരണം എരണംകെട്ടതും ദുഷ്‌കീർത്തികരവുമായ കാര്യങ്ങളെ
നീ ചെയ്തിട്ടുള്ളൂ
86
അത് കൊണ്ടാണ് പരമകാരുണികനായ ദൈവം
നിന്നെ അവിടുത്തെ കൂട്ടക്കാർക്കൊപ്പം പരിഗണിക്കാത്തത്
നീ എത്ര തന്നെ സമ്പന്നനായിരുന്നാലും
അവൻ നിന്നെ സ്വീകരിക്കുകയില്ല
87
ഇനിയും ഒരുനൂറ് തവണ നീ
പരിശുദ്ധനിയമം തൊട്ട് സത്യപ്രതിജ്ഞ ചെയ്താലും
നിന്നെ ഞാൻ ശ്രദ്ധിക്കയില്ല
നിന്നെ ഞാൻ വിശ്വസിക്കയില്ല
88
ഞാൻ നിന്റെ സവിധം വന്നുനിൽക്കയില്ല
നിന്റെ വഴിക്ക് വരികയില്ല
ഇനിയേത് രാജകുമാരൻ മൊഴിഞ്ഞാലും
ഞാൻ നിന്റെ വഴിക്ക് വരികയില്ല
89
രാജരാജാവായ ഓറങ്കസേബേ
നിന്റെ കഴിവുകളെ ഞാൻ മതിക്കുന്നു
നീയൊരു നല്ല കുതിരയോട്ടക്കാരനും
മികച്ച വാൾപ്പയറ്റുകാരനും തന്നെ
90
നീ സുന്ദരനും ബുദ്ധിമാനും
അഗാധവിജ്ഞാനിയും
സ്ഥാനികൾക്ക് സ്ഥാനിയും
ഈ സാമ്രാജ്യത്തിന്റെ സുൽത്താനുമാകുന്നു
91
പദ്ധതികളുടെ ജ്ഞാനവും
വാളുകളുടെ ബോധ്യവും
സായുധധർമ്മവും കൊണ്ട്
നീയൊരു സുൽത്താനായ് തീർന്നു
92
നീ ചാരുത കൊണ്ട് അനുഗ്രഹീതനും
തികഞ്ഞ ബോധ്യങ്ങൾ കൊണ്ട് ഉദാത്തചിന്തകനും
ദേശൈശ്വര്യങ്ങളെ പ്രദാനം ചെയ്യുന്നവനും
കാരുണ്യവാനും ദയാപരനുമാകുന്നു
93
അവന്റെ സമ്മാനങ്ങൾ മഹത്തരങ്ങളാകുന്നു
അടർക്കളത്തിൽ അവനൊരു പാറയാകുന്നു
അവന്റെ വാഗ്ദാനങ്ങൾ മാലാഖമാരാകുന്നു
അവൻ നക്ഷത്രങ്ങളെ വെല്ലും കാന്തിമാനാകുന്നു
94
ഓ രാജാധിരാജാ അവിടുന്ന്
രണ്ട് ലോകങ്ങളുടെയും ആഭരണമാകുന്നു
ഭൂമിയിലെ സാമ്രാജ്യം നിന്റേതാകുന്നു
സ്വർഗീയലോകം പക്ഷേ അങ്ങനെയല്ല
95
ഞാൻ പർവ്വതരാജകുമാരന്മാരുമായ് പടവെട്ടി
അവരെ കൊന്നുതള്ളുന്നു
ഞാൻ വിഗ്രഹവൽക്കരണത്തെ വിരോധിക്കുന്നു
അവർ വിഗ്രഹങ്ങളോട് പ്രാർത്ഥനകൾ പാടുന്നു
96
ഈ ലോകത്തിന്റെ അവിശ്വാസത്തെ
അടുത്ത് കണ്ട് ശ്രദ്ധിച്ചോളൂ
അവർ പുറം തിരിക്കുമ്പോൾ
അവരുടെ ഇരകൾക്ക് അഹിതം വന്നുചേരുന്നു
97
എന്നാൽ ദൈവത്തിന്റെ ദയാപരതയും
അടുത്ത് കണ്ട് ശ്രദ്ധിച്ചോളൂ
അവൻ ഒരൊറ്റ മനുഷ്യനെ അനുഗ്രഹിക്കാനായ്
എണ്ണമറ്റ കൂട്ടങ്ങളെ നിഗ്രഹിച്ച് കളയുന്നു
98
അങ്ങനെയൊരു സുഹൃത്തുള്ളപ്പൊൾ
അവരുടെ ശത്രുക്കൾക്ക് എന്ത് ചെയ്യാനാവും
പരമകാരുണികന്റെ ഇച്ഛ
അന്തമില്ലാത്ത അനുഗ്രഹമാകുന്നു
99
അവൻ വിതരണം ചെയ്ത് രക്ഷിക്കുന്നു
അവൻ ശരിയായ വഴിനടത്തുന്നു
സത്യത്തെ സ്തുതിക്കാനും ആരാധിക്കാനും
നാവിനെ വിദ്യാഭ്യാസം ചെയ്യിക്കുന്നു
100
ഒഴിവ് കൊടുക്കാത്ത ശത്രുവിനെ
അവൻ അന്ധനാക്കുന്നു
ദുർബലരെയും പതിതരെയും
അവൻ സുരക്ഷിതരായ് വീടെത്തിക്കുന്നു
101
ചിന്തയിലും പ്രവൃത്തിയിലും
സത്യത്തെ പിന്തുടരുന്നവർക്ക് മേലെ
അവൻ കാരുണ്യവർഷം പൊഴിക്കുന്നു
അവൻ അവരോട് സഹാനുഭൂതി കാണിക്കുന്നു
102
ഹൃത്തും ചിത്തും കൊണ്ട്
അവനെ സേവിക്കുന്നവർക്ക് മേലെ
അവൻ കാരുണ്യവർഷം പൊഴിക്കുന്നു
അവർ സത്യവും സമാധാനവും വശമാക്കുന്നു
103
വിശ്വസ്തനായ വഴികാട്ടിയുടെ
അനുഗ്രഹമുള്ള പക്ഷം
ശത്രുക്കളുടെ പദ്ധതികളും വഞ്ചനകളും
എങ്ങനെ വിജയിക്കുമെന്നാണ്
104
ഏകാകിയായ ഒരുത്തന് മെലെ
ഒരായിരം പേർ വന്നുപതിച്ചാലും
സൃഷ്ടാവവനെ പരിരക്ഷിക്കുന്നു
അവിടുന്നവനെ പൊതിഞ്ഞുകൊള്ളുന്നു
105
നീ നിന്റെ പടയിലും പണ്ടത്തിലും
അഭിമാനപൂർവ്വം അഭിരമിക്കുന്നു
ഞാൻ ദൈവത്തിന്റെ
അവാച്യമായ ദയാപരതയിലേക്കുറ്റ് നോക്കുന്നു
106
നീ നിന്റെ സമ്പത്തിലും സാമ്രാജ്യത്തിലും
അഭിമാനപൂർവ്വം അഭിരമിക്കുന്നു
ഞാൻ ഏകനായ അപാരനിലും
അവന്റെ കരങ്ങളിലും വിശ്വസിക്കുന്നു
107
പ്രപഞ്ചം ക്ഷണികമാണെന്ന് കരുതിയിരിക്കണം
ഇതാ ഇന്ന് നാളെ കടന്നുപോയി
കാലചക്രത്തിന് ശമനമില്ല
അത് ഓരോരുത്തരെയായ് എണ്ണിയെടുക്കുന്നു
108
ശമനരഹിതമായ കാലചക്രത്തിന്റെ
അവിശ്വസനീയതയെ കരുതിയിരിക്കണം
അതെല്ലാവർക്കും വേണ്ടി തിരിയുന്നു
അതൊരേടത്തും നങ്കൂരമിടുന്നില്ല
109
നിർദ്ദയം ബലം പ്രയോഗിക്കരുത്
ദുർബ്ബലരെ വെറുതെ വിടണം
പ്രതിജ്ഞകൾ ലംഘിക്കരുത്
വാക്കിന് സത്യത്തിന്റെ വില കൊടുക്കണം
110
ഒരുത്തൻ ഏകാകിയായിരുന്നാലും
ശത്രുക്കൾ ഒരുനൂറായണഞ്ഞാലും
ദൈവം കൂട്ടിനുള്ളപ്പോൾ
ശത്രുക്കൾക്കവനെ എന്ത് ദോഷം ചെയ്യാനാവും
111
വഞ്ചകരും ചതിയന്മാരുമായ ശത്രുക്കൾ
ഓരായിരം പദ്ധതികളുടെ കുടുക്കെറിഞ്ഞാലും
രക്ഷകസ്ഥാനത്ത് ദൈവം വർത്തിക്കുമ്പൊൾ
അവർക്കൊരു മുടിയെ പുടുങ്ങാൻ കൂടി കഴിയില്ല.
▮
ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 03-ൽ പ്രസിദ്ധീകരിച്ചത്.