ഷിബു ഷൺമുഖം

സന്ധ്യ ഇരുണ്ടുകഴിയുമ്പോൾ മാത്രമേ മിന൪വ്വയുടെ മൂങ്ങ പറന്നുതുടങ്ങുകയുള്ളൂ.
- ഹെഗൽ, ‘എലെമെന്റ്സ് ഓഫ് ദ ഫിലോസഫി ഓഫ് റൈറ്റ്’

ഒന്ന്

രാണ് പോകുന്നത്?

ഇങ്ങോട്ടു വരുന്ന ആൾ 
അങ്ങോട്ട് കടന്നുപോകും:
ഇയാൾ അയാളല്ലെന്നു 
പറഞ്ഞാൽ അയാൾ ഇയാളാ-
ണെന്ന് റോഡ് പറയും.
മഴുവിന്റെ ആകൃതിയിൽ ജനിച്ച 
വാകമരം തലയാട്ടുന്നുമുണ്ട്.

കൂടുതൽ പറയേണ്ടെന്നു
പറഞ്ഞാൽ പറയേണ്ടതു
കൂടിപ്പോകുമെന്നല്ലേ നിശ്ശബ്ദത
മുരളുന്നതെന്ന് ശബ്ദം
പിറുപിറുത്തപ്പോഴേയ്ക്കും
ആകാശം മൂടിക്കെട്ടി
മഴ പെയ്യാൻ ആരംഭിച്ചു. 

ഇടി, മിന്നലിനോട് ചോദിച്ചു:
‘കൂട് പക്ഷിയെ തേടുകയല്ലേ?’
കാക്ക അങ്ങുമിങ്ങും പറന്നു
ഇടിമിന്നൽ കവിതയെന്നപോലെ
ഭാഷയെ നെടുകെ പിളർന്നു
കാക്കയെ കാഫ്കയെന്നെ-
ഴുതിയത് കാന്റാണ്
സ്നേഹത്തെക്കുറിച്ച് ഒരക്ഷരം
മിണ്ടിപ്പോകരുതെന്ന്
സ്വാതന്ത്ര്യം ശാസിച്ചു
കണ്ണുരുട്ടിയത് മറ്റാരുമല്ല
കൂരിരുട്ടു തന്നെയാണ്
ചിരിച്ചത് സൂര്യനും
മഴ കരയുകയാണെന്നു
പറയുന്നത് ആരാണ്?
തവളയായിരിക്കും
തവള കരയുകയാണെന്നു
പറയുന്നത് ആരായിരിക്കാം?
മിന്നാമിനുങ്ങായിരിക്കും 
മിന്നാമിനുങ്ങിന് വെളിച്ചമുണ്ടെന്ന്
ആരു പറഞ്ഞു?
ഒന്നു നിർത്തുമോ?
തുടങ്ങിയതല്ലേയുള്ളൂ

അല്ലെങ്കിൽ വേറൊന്നു പറയാം
ഇതു കേട്ടാൽ പറഞ്ഞു പറഞ്ഞു
പറഞ്ഞുകൊണ്ടാണ് ഭൂമി 
കറങ്ങുന്നതെന്നു തോന്നും
കടൽ മഹാകാവ്യമാണെഴുതുക
എന്നും തോന്നുമല്ലോ
കേട്ടില്ല?...
ഒന്നും പറഞ്ഞിട്ടുമില്ലപ്പാ...
കസേര...
അതേ കസേരയ്ക്കെന്താണ്?
കസേര കസേര തന്നെയാണ്,
കുമ്പസാരമല്ല
കസേര വെറും തടിയല്ല, ഇരിപ്പുമല്ല
ഒരു കസേരയും കസേരയുടെ
സൂചനയാകുന്നില്ല
ഇരിപ്പ് എന്ന തത്കാലം
കസേരയെ തോന്നിപ്പിക്കുന്നതാണ്
ഇരുന്നു നോക്കൂ ചൂലാകും
അവിടെയുമല്ല,
ഇവിടെയുമല്ല,
എവിടെയുമാണ്
"ശൂന്യതയിൽ നിന്നും
ശൂന്യതയിലൂടെ 
ശൂന്യതയിലേയ്ക്ക്"-
എന്നൊന്നും മായാവിയെപ്പോലെ
പറഞ്ഞുകളയരുത്

ഇപ്പോൾ തന്നെ ശൂന്യത
മുറിഞ്ഞുമുറിഞ്ഞ് മൂന്നിടത്ത്
പൊട്ടലും ചീറ്റലും 
തീയും പുകയുമായി
നോക്കൂ… മരം പോലെ വളരുന്ന
കസേര ഒരലങ്കാരം മാത്രമല്ല 
കവിതയും കൂടിയാണ്
ചുടും തണുപ്പും പോലെയാണ്
പിടിച്ചു നിർത്താനാവില്ല
അതെ, ഇരിക്കുകയല്ല, 
നടക്കുകയാണ് ചെയ്യുന്നത്
നടപ്പ് ഇരിപ്പായതു കൊണ്ടാണ്
തണൽ മരമുണ്ടായത്
പച്ചയായ ആലിസ് ഒരേ സമയം 
വളരുമ്പോൾ ചുരുങ്ങും
ചുരുങ്ങുമ്പോൾ വളരും
പുറത്തേക്കു നോക്കിയാലേ ബസ് ഓടൂ
പുറകോട്ട് ഒരു കാലെടുത്തു 
വെച്ചേ മുമ്പോട്ടു നടക്കാൻ പറ്റൂ 
എന്നാണോ പറയുന്നത്?
അല്ല, തുടക്കത്തിലെത്തിയാൽ
അവസാനത്തിലെത്തി എന്നാണ്
തിരിച്ചോ മറിച്ചോ എണ്ണി നോക്കൂ;
അനന്തത പൂജ്യമായി തീരും
കൂട്ടിനോക്കിയാൽ കുറയും

ഈ രാവിലെ എന്നു കോട്ടുവായിട്ട്,
മൂരിനിവ൪ക്കുമ്പോൾ വെറുതെ
ഉണ്ടായിവരുന്നതല്ല ഈ
പുല൪ച്ചെയെന്നറിയില്ലേ?
കാലത്ത് എന്ന നിശ്ചയം പ്രഭാതവുമല്ല
വെള്ള കീറുന്നു എന്നത് സത്യത്തിൽ
കാട്ടാനയെപ്പോലെ രാത്രിയെ
മെരുക്കിയെടുക്കുകയാണ്
പകൽ മറയും എന്നാണ്
ഉറവെടുക്കുന്ന വെള്ളിവര പോലെയുള്ള
ആ മദപ്പാട് പറയുന്നത്
എഴുന്നള്ളത്ത് ഏതുനേരവും ഇടഞ്ഞ്
ആൾക്കൂട്ടമായി ചിതറാം,
മുളപ്പൊട്ടുന്ന വിത്തിന്റെ ഐതിഹ്യമാലയായി
രണ്ടു മലകൾക്കിടയിലെ ചിത്രവരയിൽ
ഒളിച്ചിരിക്കുകയാണ് കടംകഥ
യഥാ൪ത്ഥത്തിൽ കൺമുമ്പിൽ
സംഭവിക്കുന്നതുമായി
യാതൊരു ബന്ധവുമില്ല
ഒരു ക൪ഷകൻ ഉണ൪ന്ന്
വരമ്പിലൂടെ നടക്കുകയാണ്,
നെൽക്കതിരുകൾ
പാദങ്ങളെ തൊടുന്നുണ്ട്
അത്രമാത്രം

ഒരു പ്രതിജ്ഞയോ, പ്രസ്താവനയോ,
ആശ്ചര്യചിഹ്നമോ അല്ല
കുത്തിട്ടുനി൪ത്താവുന്ന വാചകവുമല്ല
ചോദ്യചിഹ്നം പോലെ ഒരു ചോദ്യം
ഉത്തരം പ്രതീക്ഷിക്കാതെ
ചോദിക്കാമെന്നേയുള്ളൂ,
ഇന്നലെയോ ഇന്നോ നാളെയോ
മറ്റെന്നാളോ ഉത്തരം കിട്ടണമെന്നുമില്ല

വെളിച്ചവും രാത്രിയും ഒന്നും ഉന്നയിക്കുന്നില്ല
വെറുതെ എന്നു പറയുന്നതിൽ കേറി
ഇടങ്കോലിടല്ലേ

വേറെന്താണ്?
ഒന്നുമില്ല
പിന്നെ?
പലതാണ്
അങ്ങനെയാണല്ലേ?
ഇങ്ങനെയുമാണ്
വെളിച്ചം രാത്രിയെ കെടുത്തിക്കളയും
ഒരു തരി മതി, മൂങ്ങ പിന്നെ മൂളില്ല.

(എഴുതിവരുന്ന 'ഹെഗൽ' എന്ന ഗദ്യപദ്യമിശ്രമായ ദീ൪ഘകാവ്യത്തിലെ ആദ്യഭാഗം.)


Summary: ഹെഗൽ | ഷിബു ഷൺമുഖത്തിന്റെ കവിത


ഷിബു ഷൺമുഖം

കവി, ചെന്നൈയിൽ ഫ്രീലാൻസ് ജേണലിസ്റ്റ്. Standing Right Next to You: Lives of HIV Positive People എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments