അടുക്കളയുടെ
പെൺകാല്
പനിച്ചുവിറച്ച ദിനം
ട്രപ്പീസിലേക്ക്
ഞാൻ തെറിച്ചു.
വിറച്ച് വിറച്ച്
തലകീഴായി
തൂങ്ങിയാടുമ്പോൾ
പൊയ്പ്പോയ അജ്ജി
നിർക്കനെ നിന്ന്
എന്നെ നോക്കി.
ആ നോട്ടത്തിൽ
കീഞ്ഞകാലം
തമ്പിലേക്ക്
വന്നു നിരന്നു.
അമ്മയുടെ
ഒൻപതു മക്കളും
വയറ് നിറയ്ക്കുന്ന
ഞാണിന്മേൽ
കൂറ്റെടുത്തു.
ഉരുക്കുപാളം
തീവണ്ടിയിൽ
പൊൻപണിക്കാത്തേക്ക്
ഊക്കിൽ പാഞ്ഞു.
കുമ്പളയിലെ
തീയുമിയിൽ
അച്ഛൻ
ഉരുകിയൊളിഞ്ഞു.
അജ്ജിയും
അമ്മയും
എളേമ്മയും
എരിക്കുളത്തെ
തീവെയിൽ
തലച്ചുമടാക്കി
അടുപ്പിൽ പൂട്ടി.
രാക്കൊണ്ടേ തൊട്ട്
മോന്തിയാവും വരെ
വട്ടപ്പൊയിലിലെ
അടുപ്പുംകുണ്ട്
തീക്കൂറ്റ് കാട്ടി.
വേനൽ നീരറുതിയിൽ
കമ്പക്കയറ്
ഞേലി ഞേലി
കണ്ണശൻ
കിണറാഴം
പാനിക്കുഴിയിൽ
ഇന്നലയെ
വലിച്ചുവാരി
വെളീലിട്ടു.
പീറ്റത്തെങ്ങിന്
തളയിട്ട്
കൊട്ടേട്ടൻ
ആകാശം തൊരന്ന്
എളനീര് പെയ്യിച്ചു.
പൂട്ടിപ്പോയ
ശേഖർ ടാക്കീസിൽ
മാറ്റിനിക്ക് വെച്ച
പാട്ട് നെലോളിച്ചു.
നാടെളക്കിപ്പോയ
മുത്തുനായ
മിറ്റത്തെ തണലത്ത്
വന്നു താച്ചി.
മമ്മദിച്ചക്ക് കൊടുത്ത
ആടമ്പകൾ
കരഞ്ഞോണ്ട്
താത്തേട്ടിയിലെത്തി.
പഞ്ചായത്ത് കിളയിൽ
മാക്രിക്കണ്ണുകൾ
കരഞ്ഞ്
വെള്ളം പൊന്തിച്ചു.
രാത്രിയുടെ
മഷിക്കുപ്പി തുറന്ന്
മിന്നാമിന്നികൾ
കടാക്കയുടെ
ആകാശത്ത്
നക്ഷത്രം മിന്നിച്ചു.
തത്താമ്മുള്ളും
തുമ്പിക്കണിയാനും
ചിറക് തുന്നിത്തന്ന്
തിരിക്കുന്നിൽ
പട്ടം പാറിച്ചു.
വാവിന്
അവത്ത് വെക്കാൻ
ചെന്തെങ്ങിൻ്റെ
പെരടിക്ക് തച്ച
പൂവൻകോഴികൾ
ചെവതിക്ക്
കൊക്കരിച്ചു.
മണ്ണടിഞ്ഞവർ
ഒന്നൊന്നായി
മൺപുതപ്പിൻ്റെ
കീറ്റിലൂടെ
കണ്ണു മീച്ചു.
അപ്പോൾ
ഇച്ചാലിൻ്റെ
ഊഞ്ഞാല
ബെയ്രം കൊടുത്തു.
▮
കുറിപ്പ്:
ഇച്ചാൽ -തൊട്ടിൽ.
അജ്ജി - മുത്തശ്ശിയെ വിളിക്കാൻ കാസർകോട് ജില്ലയിൽ ഉപയോഗിച്ചിരുന്ന ഗ്രാമ്യപദം.
പണിക്കാത്ത് - പണിയിടം.
തീയുമി - സ്വർണ്ണപ്പണിക്ക് ഉപയോഗിച്ചിരുന്ന ഉമിയോട്.
പാനിക്കുഴി - കിണറിൽ വേനൽക്കാലത്ത് അവസാനത്തെ ഉറവ കോരിയെടുക്കാൻ പണിത കുഴി.
ആടമ്പ - ആടുകളെ ചെറിയ കുട്ടികൾ വിളിക്കുന്നത്.
താത്തേട്ടി - വീടിനോടുചേർന്ന് ആടുകൾക്കുവേണ്ടി പണിതത്.
കടാക്ക -വീട്ടുപറമ്പിൻ്റെ പ്രവേശനസ്ഥലത്ത് കന്നുകാലികൾ പ്രവേശിക്കാതിരിക്കാൻ പണിതത്. അഞ്ചാറു പേർക്ക് ഇരിക്കാനുള്ള സൗകര്യവുമുണ്ട്.
തത്താമ്മുള്ള് - പച്ചക്കുതിര.
ചെവതി - വീട്ടിൻ്റെ തറയോട് ചേർന്ന സ്ഥലം.
ബെയ്രം - കരച്ചിൽ.