ഘനനിഗൂഢമായ കാടിന്റെ
ആഴമേറിയ ശ്വാസത്തിനിടയിൽ
ഞാൻ
ജനനമരണങ്ങളുടെ വേലിയേറ്റങ്ങളെ
പകപ്പോടെ നോക്കി
നക്ഷത്രങ്ങളുടെ നിശ്വാസത്തിൽ വിറയ്ക്കുന്ന
വെറുമൊരില മാത്രം.
മരങ്ങൾ അവരുടെ രഹസ്യങ്ങൾ
ഇലകളുടെ നിഴൽമൊഴികളിൽ ഒളിപ്പിയ്ക്കുമ്പോൾ
തണുത്ത വിരലുകൾ
അസ്ഥികളിലാഴ്ത്തി
കാലം തങ്ങിനിൽക്കുന്നു.
കാറ്റിന്റെ നിശ്ശബ്ദ സൂചനകളിൽ
ഓർമ്മനൂലുകൾ
കെട്ടിപിണഞ്ഞു മുറുകുന്നു.
എന്റെ ഉപസ്ഥിതിയെന്നത്
ഒരുനിമിഷത്തിന്റെ ചോരച്ചിരി മാത്രം.
മണ്ണിനും
കാറ്റിനും
പുലരിയ്ക്കും
എന്നെ തിരിച്ചറിയാനുള്ള
യാതൊന്നും ശേഷിയ്ക്കുന്നില്ല.
ഞാൻ
ഒരു ചെറുകാറ്റടിച്ചാൽ
ദിശ നഷ്ടപ്പെടുന്ന
വെറുമൊരു ശൂന്യഭാരം.
ഒരിക്കലും നിറഞ്ഞിരിക്കാത്ത
ആകാശത്തിനു കീഴെ
ഞാൻ വിറയ്ക്കുന്നു.
നീലവർണ്ണങ്ങളും മേഘക്കൂട്ടങ്ങളും
എന്നെ അവഗണിച്ച്
അതിരില്ലാത്ത പക്ഷികളെപ്പോലെ
തങ്ങളുടെ പാതകളിലേയ്ക്ക്
അതിശയമില്ലാതെ പറന്നുപോകുന്നു.
ജീവിതം എന്ന വാക്ക്
മനുഷ്യൻ കരുതുന്നതുപോലെ
അത്ര ഭാരമുള്ളതാണോ?
പകൽക്കാറ്റ് എന്നെ തൊടുമ്പോൾ
ഞാൻ ഉറക്കെ ചോദിക്കുന്നു,
ഈ വിശാലതയിൽ
എനിക്ക് എന്താണ് സ്ഥാനം?
എന്റെ നിസ്സാരതയിൽ
ലോകത്തിന്റെ നിശ്ശബ്ദത
ഒരിക്കലും മറുപടി തരുന്നില്ല;
ഈ തണുത്ത മണ്ണാണ്
അതിന് സാക്ഷി.
എങ്കിലും ഈ കാട്ടിൽ
മണ്ണിലലിയുന്ന
ഇലകൾക്കറിയാം
ജീവിതം വലുതല്ല,
നമ്മുടെ ഭാരം
അത്ര ചെറുതാണ് എന്ന്
സ്ഥിരതയെന്നത്
ഒരു കെട്ടുകഥ മാത്രമാണ് എന്ന്.
വീണുപോകണം എന്നൊരു ബോധം
എന്റെ പടലങ്ങളിൽ
ഏതു പകലിലും തങ്ങിയിരിക്കുന്നു.
ഞാൻ വളരുന്നില്ല,
ഞാൻ നിലനിൽക്കുന്നുവെന്നതുപോലും
ഒരു വെറും ഭ്രമം മാത്രമായിരിക്കണം.
എന്നെ ഉൾക്കൊള്ളുന്ന
ഈ മൃദുലമായ നിമിഷം മാത്രമാണ്
എന്റെ പരമസത്യം.
എന്നെ തഴുകുന്ന കാറ്റ്
കാതിൽ അടക്കം പറയുന്നു,
"ഒഴുകുക,
നിന്റെ രൂപത്തിൽ ഉറച്ച് നിൽക്കരുത്,
കാരണം രൂപം എന്നത്
നിമിഷത്തിന്റേതാണ്,
അസാരം തന്നെയാണ്
നിന്റെ ശരിയായ സ്വരൂപം."
മണ്ണിന്റെ ചൂട്
എന്നെ സ്നേഹത്തോടെ പൊതിഞ്ഞുപിടിച്ചിരിക്കുന്നു,
"നീ ഒറ്റപ്പെടുന്നില്ല"
എന്ന് പറഞ്ഞുതരുന്നപോലെ.
വീണുകിടക്കുന്ന ഇലകൾ
നിലവിളിക്കുന്നില്ല,
അവയുടെ നാശം കാണാൻ
കാട് ഒരിക്കലും
ഒരു ചുവടുപോലും വേഗത കുറയ്ക്കുന്നില്ല.
ഒരുനാൾ ഞാൻ വീഴും.
മരത്തിന്,
കാറ്റിന്,
ആകാശത്തിന്,
പറവകൾക്ക്
അല്ല…
അവർക്കൊന്നും
എന്റെ നഷ്ടം അറിയാനാകില്ല.
വീഴ്ച എന്നാണ് ഞാൻ കരുതുന്നത്.
എന്നാലീ ബ്രഹ്മാണ്ഡത്തിന്
അത് ഒരു പൊടിക്കണത്തിന്റെ
ദിശമാറ്റം മാത്രമാണ്.
അതിനാലാണ് ഞാൻ തിരിച്ചറിഞ്ഞത്
ജീവിതത്തിന്റെ ഉദ്ദേശ്യം
നിലനിൽക്കലല്ല
ഒന്നുമല്ലാത്തതിന്റെ
ഭാരമില്ലായ്മയെ തിരിച്ചറിയലാണ് എന്ന്.
ജീവിതം
ഈ കാടിന്റെ
കാറ്റിനോടുള്ള
കുശലം ചോദിക്കലാണ്
ഒന്നു തഴുകി,
ഒന്നു മറന്നു,
ഒന്നുമില്ലാത്തതുപോലെ
അടുത്ത നിമിഷം മാറി പോകുന്നത്.
അതുകൊണ്ടാണ്
ഞാൻ ഈ കാട്ടിൽ
ഒറ്റപ്പെട്ട ഒരു ഇലയായി,
ചെറിയൊരു സ്പർശം കൊണ്ടും
പറത്തിക്കൊണ്ടുപോകാമെന്ന സത്യത്തിൽ
ഉറച്ച് നിൽക്കുന്നത്.
വീഴാനായി മാത്രം ജനിപ്പിച്ച
ഈ നിമിഷജീവിതം
ഒരു ചുവടിലും
നിത്യതയുടെ ഭാരം ഇല്ലാത്തതാണ്.
ജീവിതം
ഇത്രമേൽ ലഘുവും,
അത്രമേൽ നഷ്ടപ്പെടാവുന്നതുമാണ്.
