ഇലഞ്ഞികളോട്
മാർക്സ് ചെയ്തത്

മുല്ല തോൽക്കു,മപാരസുഗന്ധം
മുറ്റത്തെമണ്ണുമൂടിപ്പൂക്കു-
ന്നിലഞ്ഞി; വേരുകൾക്കിടയിൽ
കാത്തുരക്ഷിപ്പാനിരിപ്പുണ്ട്
മുത്തപ്പൻ;
കാലകാലങ്ങളായി,
കടഞ്ഞ കരിങ്കല്ലുടലുമായി.

വെള്ളികെട്ടിയചൂരലിൻ
മൂളലാലൊട്ടുമില്ലുറക്കമെന്നച്ഛമ്മ
പതിരുപാറ്റിക്കൊഴിക്കുന്നു,
പതംപറഞ്ഞാർക്കുന്നു; നെല്ല്
ചിക്കിയുണക്കുന്നു കണ്ണീരുമൊപ്പം.

അരിയട,യവിൽ,പഴമൊക്കെ
നേദിക്കുമെങ്കിലുമന്തിക്ക്
ചെത്തിയ കള്ളിന് കൂട്ടായി
കനലിൽ ചുട്ട ഞണ്ടാണ്
മുത്തനിഷ്ടമെന്നൊട്ടും
കണക്കില്ലാത്തോർമ്മകൾ
പിഴിഞ്ഞ് കുടഞ്ഞ് വിരിക്കുന്നമ്മ.

അക്കരെ തീയ്യാട്ടിനെല്ലാരും
പോകുമ്പോളുൾപ്പേടികൊണ്ടടങ്ങി,
അടിവയറമർത്തിച്ചുരു
ണ്ടൊരന്തിയിൽ,
അരമണിക്കിലുക്കം
അവ്യക്തം, മുറ്റത്തൂടാരോ
ചൂരലിഴച്ച് പെരയ്ക്ക് ചുറ്റുന്നു…
തീണ്ടാരിപ്പേടിയില്ലാ മുത്തപ്പൻ ...
വറുത്തിടിച്ച അരിയുടെ, ശർക്കര
മണമുള്ളൊരോർമ്മകളെ
കുഴച്ചുരുട്ടുന്നുണ്ട്
വരാന്തയിലിച്ചേച്ചി.

പനമ്പ് കുത്തിമറച്ച ഭിത്തിയിൽ
നിരന്നിരിക്കുന്നു
മാർക്ക്സ്, ലെനിൻ,
മാവോയുമീയെംമെസ്സും.
താഴെ കാലിളകുന്ന ബെഞ്ചിൽ,
മൂലധനത്തലയണയിലച്ഛൻ
സമത്വസുന്ദരറഷ്യ പോലിന്ത്യയെ -
ന്നൊരാനന്ദസ്വപ്നം കാണുന്നു
മുറിഞ്ഞുവീഴുന്ന കൂറ്റ-
നിലഞ്ഞികൊമ്പിനടിയിൽ
തേങ്ങപോലുടയുന്നു മുത്തപ്പൻ.

ധർമ്മാശുപത്രി കിടക്കയിൽ
ബോധാബോധങ്ങളുടെ
ത്രിശങ്കുവിൽ നിന്ന്
അച്ഛൻ പുലമ്പുന്നുണ്ടായിരുന്നു
വെള്ളി കെട്ടിയ ചൂരലുമായി
മുത്തപ്പൻ വിളിക്കുന്നൂന്ന് ...

Comments