ഒ.പി. സുരേഷ്

രാത്രിയായി
ഇറയത്ത് നാമിരിക്കുന്നു

നേർത്തനിലാവ്, കുളിർതെന്നൽ
കോർത്ത് തുന്നിയ പാട്ടുകൾ
കേട്ടുണരുമുന്മാദങ്ങൾ താരകൾ...

ഒന്നുമുണ്ടായില്ല.
ഇരുത്തം, നടന്നു തുടങ്ങുന്നു
പതുക്കനെ.

പാതിവിടരും സ്വപ്നസുഗന്ധം
പൂത്തുലഞ്ഞതിൻ ഹരം
നിറവാൽ കൂമ്പിയ കണ്ണുകൾ
പരതിയെത്തുന്ന ക്ഷീണം
പതിയെ ചാരിയുറങ്ങുന്ന സുഖം...

ഒന്നുമുണ്ടായില്ല.
നടത്തം, ഓടിയെത്തുന്നു
വേഗത്തിൽ.

പുലരിപ്പുള്ളുകൾ കരയും സങ്കടം
കലർന്ന് ചോക്കുന്ന മാനം
പതിയെ കൂടുവിട്ടുണരും കുറുകൽ
നിറയെ ധവളിമ പടർന്ന ദിനോദയം...

ഒന്നുമുണ്ടായില്ല.
ഇരിക്കപ്പൊറുതിയില്ലാതെ നെട്ടോട്ടം,
രാത്രിയെ വലിച്ചു നീട്ടുന്നു

ലോകാവസാനം വരേക്കുംതുറക്കാത്ത വാതിലിൽ മുട്ടിത്തളർന്ന പ്രതീക്ഷകൾ
ചീർത്ത നിശ്ശബ്ദതയായ്
മഹാന്ധകാരമായ് വീർപ്പുമുട്ടിക്കുന്നു.

രാത്രികൾ രാത്രിയെത്തന്നെ
പെറ്റിടും
വീർത്ത വയറായി ലോകം.

രാത്രിയിൽ നിന്നെണീറ്റ് നാം
ദീർഘരാത്രിയിലേയ്​ക്ക്​ പതിക്കുന്നു.


ഒ.പി. സുരേഷ്

കവി, എഴുത്തുകാരൻ. വെറുതെയിരിക്കുവിൻ, താജ്​മഹൽ, പല കാലങ്ങളിൽ ഒരു പൂവ്​, ഏകാകികളുടെ ആൾക്കൂട്ടം എന്നിവ പുസ്തകങ്ങൾ.

Comments