മണ്ണ് മണ്ണിര
പക്ഷിക്കൂവൽ
കുളിര് വെയില്
ആന നരി കർഷകൻ
കുയിൽ മീനിൻ ചിറകിൽ
നാലഞ്ച് വിത്തിട്ട് വളമിട്ട്
കാത്തിരുന്ന നേരത്ത്
ദൂരേന്നുവന്ന പക്ഷി
ഇടയിളക്കി വെടുപ്പാക്കി
വയറും നിറച്ചങ്ങുപോയി.
അപ്പന്റെ കണ്ണിൽ
പണ്ടത്തെ കഥയിൽ
മണ്ണും മാനും നീരും
കതിരും മാഞ്ഞുപോയി.
കെമ്പഗൗഡ വെട്ടാൻ പറഞ്ഞു
ജീവനുള്ള ചെടിയും മരവും
അപ്പൻ വെട്ടിവെട്ടി വയലാക്കി
കൊടുത്തപ്പോൾ ഒരു സേറ് നെല്ല്.
അപ്പനും അമ്മയും
ഇടിയോടിടി
അരിയാക്കി പാറ്റി
കലം കടലിലേക്കിട്ടു തുഴഞ്ഞു.
വെന്തു
പുഴഞണ്ട്
പുഴപ്പൂവ്
പുഴപ്പക്ഷി തെളിയിച്ച
രാത്രിയിൽ കൂമൻ കരഞ്ഞു
മക്കൾ പേടിച്ചു.
പായകളെ നിലമുറക്കി
പാടിയ പാട്ടിൽ ഒരു വായ്ത്താരി ....
നിന്റെ മണ്ണും മരപ്പൂവും കായും പോയേ പോയേ
ചാഞ്ഞുറങ്ങിയ കാറ്റും വെയിലും പോയേ...
പുലയന്റെ കൂട്ടിലെ കാട്ടുപന്നി
കൂടെടുത്തെങ്ങോട്ടോ പോയേ…
കുഞ്ഞനുറുമ്പിന് കൂട്ടുക്കൂടാൻ
കൂടൊഴിഞ്ഞൊരു പക്ഷി വന്നു
കൂവള കൂമ്പിലെ പൂമ്പൊടിയെല്ലാം
പാടവരമ്പത്തൊരുങ്ങി നിന്നു.
ആന വന്നു നാര നരിയും വന്നു
കാഞ്ഞിര കാതല് ചെത്തിമിനുക്കി
ചെമ്പക കാട്ടിലെ മാനുകൾ തെളിച്ച
ചെത്തിക്കാടുകൾ പൂത്തുലഞ്ഞു.
കെമ്പഗൗഡ
അത് വെട്ട് ഇതു വെട്ട്
താഴെ വെട്ട് മേലെ വെട്ട്
കിഴക്ക് തെക്ക് പടിഞ്ഞാറ്
വടക്കിൽ നിന്റെ ശവമെന്ന്.
അപ്പന്റെ കത്തിയിലെ മൂർച്ച
മണ്ണരിഞ്ഞ് ചോര തെളിച്ച് പാടി.
കെഞ്ചും കെഞ്ചും കെഞ്ചും
കീഴടങ്ങിയ തത്ത
കുത്തും കുത്തും
കൊമ്പൊടിഞ്ഞൊരാന
ഒറ്റമാവിലെ പുളിയറിഞ്ഞ
ഞണ്ട് തൊടുക്കുമൊരു കത്തി.
കത്തി.
നിർത്തി പണി.
വെട്ടവും ഇരുട്ടും ചേർന്ന്
ഒരു വാർത്തയിട്ടു
കെമ്പ ഗൗഡയുടെ
നിറം മാറ്റണമെന്ന്.
അന്ന് പക്ഷികൾ
പണിക്കാരാരും വന്നില്ല.
ഒരാൾ വന്നു
ബേത്തിമാരൻ.
കാടെല്ലാം വെട്ടിത്തെളിച്ചൊരു
വയലാക്കി വിത്തെറിഞ്ഞപ്പോ
പക്ഷികൾ കൂവിയതു കേട്ട്
കെമ്പഗൗഡ തോക്കെടുത്ത്
ഒരു വെടിവെച്ചു.
വീണ്ടും എല്ലാരും കാട്ടിൽ കേറി.
കെമ്പഗൗഡയ്ക്ക് പട്ടിണി
ഞങ്ങൾ മാൻ തിന്ന് പന്നി തിന്ന്
ആട് തിന്ന് മുയൽ തിന്ന്
മരംപോലെ വളർന്നപ്പോൾ
പക്ഷികളെല്ലാരും ചേർന്ന്
കെമ്പഗൗഡയെ കൊത്തി
വയലിലേക്ക് എറിഞ്ഞു.
ഇപ്പം പേരില്ല.