ടിനോ ഗ്രേസ് തോമസ്

ഇപ്പോഴില്ലാത്ത ജീവിതത്തിന്റെ മേൽവിലാസം

രാത്രിയിൽ
നാട്ടിലേയ്ക്കുള്ള
അവസാന ബസ് കാത്തുനിൽക്കുന്ന
ഒടുവിലത്തെ യാത്രക്കാരനെന്നവണ്ണം
നിന്റെ നഗരത്തിലേയ്ക്ക്
ഞാനൊരു കത്തയയ്ക്കുന്നു.

അനിശ്ചിതത്വങ്ങളും
ആകുലതകളും കൊണ്ട്
ആശങ്കയുടെ പുലിവേട്ടയിൽ
മുറിഞ്ഞ് ഭയന്ന
വരയാടുകളെപ്പോലെ
നിനക്ക് വായിക്കാനായി
ചിലത്
നിരതെറ്റിപ്പതിയുന്നു.

പൂന്തോട്ടങ്ങൾ
റദ്ദ് ചെയ്യപ്പെട്ട
സ്വപ്നങ്ങളുടെ
ഹതാശകരമായ നിലവിളികണക്ക്
നിന്റെ
രാജ്യവും നഗരവും മനുഷ്യരും
നരച്ചുപോയതായി
ഞാനറിയുന്നു.

ഞാൻ വന്നിരുന്നപ്പോഴെല്ലാം
നീയുണ്ടായിരുന്ന
വീട്
മൺതരിയോളം ചെറുതായിരിക്കുന്നു.

നിന്റെ പരിചിതഗന്ധങ്ങൾ
ചോരയിൽ കുതിർന്നുപോയ
കാഴ്ചയൊരിക്കൽ
എന്നെ ലക്ഷ്യംവച്ച്
കാത്തുകിടന്നു.

ഭൂഖണ്ഡങ്ങൾക്കിടയിൽ
കുടുങ്ങിപ്പോയ
നിന്റെ നാട്
സമുദ്രത്തിൽ
ആയുസ്സെത്താതെ മുങ്ങിച്ചത്ത
കപ്പലുകളുടെ
വിസ്മരിക്കപ്പെട്ട
സഞ്ചാരദൂരങ്ങളുടെ
അവശേഷിപ്പുപോലെ
ആഴത്തിൽ
പിളർന്നുവിങ്ങുന്നു.

ഏതു വാക്കിൽ
അവസാനിപ്പിക്കണമെന്നറിയാതെ
ഇല്ലാത്തൊരു കവിതയുടെ
അപൂർണ്ണതയിൽ
എഴുത്തൊടുക്കുന്നു.

പാതിവെന്ത്
വിയർത്തു നനഞ്ഞ
അക്ഷരങ്ങൾ കൊണ്ട്
രണ്ട് മേൽവിലാസങ്ങൾ
തെളിഞ്ഞുനിൽക്കുന്നു.


Summary: Ippozhilllatha Jeevithathinte Melvilasam - A Malayalam poem written by Tino Grace Thomas


ടിനോ ഗ്രേസ് തോമസ്

കവി, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ ഗവേഷകൻ. ആൺവേലികളിൽ ആൺശലഭങ്ങളെന്നപോൽ, ചരിത്രം രേഖപ്പെടുത്താത്ത ചിലത് എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments