കാറ്റിൽ മുടി പറക്കുകയായിരുന്നു,
ബൈക്കിനും മരണവേഗം.
സ്ക്രീനിലെ വെളിച്ചത്തിൽ സ്വന്തം മുഖം മിനുക്കിക്കൊണ്ട് ഉമ്മറത്ത് വെയിൽ തിന്ന തന്തയുടെ മുഖത്തേക്ക് ചിരിച്ചെറിഞ്ഞു
"ഈ തൊലി ഇനിയും മാറ്റിയില്ലേ? വെടിച്ചവയൽ"
2
അടുത്ത വളവിൽ
വേഗം മാത്രം രക്ഷപ്പെട്ടു.
സ്ക്രീനിലെ വെളിച്ചം റോഡിലുടനീളം ചിതറി.
അവളുടെ ഹൃദയം മറ്റൊരാളുടെ നെഞ്ചിൽ മിടിച്ചു, തെല്ല് അപരിചിതൻ എങ്കിലും.
കരൾ മറ്റൊരു നഗരത്തിലെ രാത്രിയെ ഉണർത്തി.
കണ്ണുകൾ മറ്റൊരാളുടെ പ്രഭാതം കണ്ടു ചിമ്മി ചിമ്മി.
സ്കിൻ ബാങ്കിലെ ഗ്ലിസറിനിൽ മുഖത്തുനിന്ന് തുടകളിൽനിന്ന് മുറിച്ചെടുത്ത
ചർമ്മം മാത്രം
സ്വന്തം ശരീരം കാത്തുകിടന്നു.
3
പുറത്ത് നിര.
നിറം അളന്ന്, വർഗം തിരഞ്ഞ്, വില പറഞ്ഞ്,
മനുഷ്യർ
പുതിയ മുഖങ്ങൾ വാങ്ങാൻ കാത്തുനിൽക്കുന്നു.
4
ഒരു പാമ്പ് സ്വന്തം ശരീരം ഉപേക്ഷിച്ചുപോകുന്നു, വിഷം കളയാതെ…
കടൽ ഓരോ തിരയിലും സ്വന്തം മേൽപ്പുറം അഴിച്ചുവെക്കുന്നു ഉപ്പ് ഉടയാതെ,
മഴ ഭൂമിയുടെ നിറം കഴുകുന്നു വെളുപ്പിക്കാതെ.
മരങ്ങൾ നിഴലൊഴിയുന്നു,
അരങ്ങിൽ മരിച്ച നടനായി.
4
ആകാശം
ജനാധിപത്യ ഭാഷ സംസാരിച്ചുകൊണ്ട് യുദ്ധവിമാനങ്ങൾ പറപ്പിക്കുന്നു.
താഴെ
ചരിത്രമെഴുത്തുകാർ തോലുകളുടെ വ്യാപാരത്തിലാണ്.
ഒരിക്കൽ മൃഗങ്ങൾ.
പിന്നെ മനുഷ്യർ.
ഇപ്പോൾ
ഭൂമി.
തീവെന്ത അവളുടെ പേരുള്ള പശു
ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു
ക്ലോക്ക് പോലെ.
ഭൂപടങ്ങളിൽ വിശുദ്ധിയായി,
വോട്ടുപെട്ടികളിൽ മുദ്രാവാക്യമായി, പുളകിതവും.
മണ്ണ്
സ്വന്തം മേൽപ്പുറം നഷ്ടപ്പെട്ട് വലിയൊരു മുറിവായി,
ആഴമുള്ള കിണറുകൾ ചുവന്ന നിശ്ശബ്ദത.
ഇനിയും തോലുപോലുമില്ലാത്ത ചെടികളും ചെറുജീവികളും
അടുത്ത ബുൾഡോസറിന്റെ ശബ്ദം
മണ്ണിനടിയിൽ കേട്ടുകിടന്ന് പേടിക്കുന്നുണ്ട്.
വിത്തും അതിൻ്റെ കുഞ്ഞുങ്ങളും പരക്കം പാച്ചിൽ.
നെൽവയലുകൾ
പച്ചയുടെ അവസാന ശ്വാസം വിട്ട്
പ്ലോട്ടുകളുടെ അളവുകോലിൽ അനങ്ങാതെ
കിടന്നു കൊടുക്കുന്നു.
കമൻ്റും ലൈക്കും…
